
ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര ജേതാക്കളുടെ പേര് നല്‍കിയതോടെ ദ്വീപുകളിലൊന്ന് ഇനി അറിയപ്പെടുക ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദ് എന്ന ഹീറോയുടെ പേരില്‍. ദ്വീപ് സമൂഹങ്ങളില്‍ ഇതുവരെ പേരിടാത്ത 21 ദ്വീപുകള്‍ക്കാണ് സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പേരിട്ടത്.
1965ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദ് ഇന്ത്യയുടെ യുദ്ധചരിത്രത്തിലെ എക്കാലത്തെയും ധീരജവാന്മാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. 1965 സെപ്റ്റംബര്‍ പത്തിനു പഞ്ചാബിലെ തരണ്‍ തരണില്‍ നടന്ന യുദ്ധത്തില്‍ പാകിസ്ഥാന്റെ എട്ട് ടാങ്കുകള്‍ നശിപ്പിക്കുകയും മറ്റൊന്ന് കേടുവരുത്തുകയും ചെയ്തശേഷമാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. 1962ല്‍ ചൈനയുമായുള്ള യുദ്ധത്തിലും ഹമീദ് പങ്കെടുക്കുകയും ധീരത പ്രകടിപ്പിക്കുകയും ചെയ്തു.
ഹമീദിന്റെ ധീരതപരിഗണിച്ച് രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ പരമവീരചക്രംനൽകി മരണാനന്തരം അദ്ദേഹത്തെ ആദരിച്ചു. അബ്ദുൽ ഹമീദിന്റെ സ്മാരകം അദ്ദേഹത്തിന്റെ ജന്മഗ്രാമത്തിൽ അടുത്തിടെ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അനാച്ഛാദനം ചെയ്തിരുന്നു.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ധമുപൂർ ആണ് ഹമീദിന്റെ ഗ്രാമം. തയ്യൽകാരനായ മുഹമ്മദ് ഉസ്മാന്റെയും വീട്ടമ്മയായ ശൈഖ ബീഗമിന്റെയും മകനായി 1933ലാണ് ജനനം. 20 ാംവയസ്സിൽ തന്നെ ഹമീദ് സൈനികസേവനം തുടങ്ങി. തുടക്കത്തിലെ അദ്ദേഹത്തിന്റെ ധീരതയും കഴിവും ശ്രദ്ധിച്ച ബറ്റാലിയൻ കമാൻഡർ, ഹമീദിന്റെ ഷൂട്ടിങ് മികവുൾപ്പെടെ പ്രശംസിക്കുകയും ചെയ്തു.
1965ലെ ഇന്ത്യ- പാക് യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ നാലാം ഗ്രെനഡീസ് വിഭാത്തിൽ സേവനംചെയ്തിരുന്ന ഹമീദിന്റെ പ്രായം 32 വയസ്സ്. യുദ്ധത്തിൽ നോൺ കമ്മീഷൻഡ് ഇൻസ്ട്രക്ടർ ആയിരുന്നു ഹമീദ്. ആന്റി ടാങ്ക് ഡിറ്റാച്ച്മെന്റ് കമാൻഡർമാർ ഇല്ലാത്തതിനാൽ അദ്ദേഹം ആ ചുമതലയേറ്റെടുത്തു.
യുദ്ധം കൊടുമ്പിരി കൊള്ളവെ മുന്നേറ്റനിരയിൽ നിലയുറപ്പിച്ച ഹമീദ് പാകിസ്താന്റെ എട്ടു ടാങ്കുകളാണ് തകർത്തത്. പാകിസ്താന് ഏറ്റവും നാശനഷ്ടം വരുത്തിയതും ഹമീദ് തന്നെ. ഒമ്പതാമത്തെ ടാങ്കുകൾ തകർത്തുകൊണ്ടിരിക്കെ ഹമീദ് നിലയുറപ്പിച്ച സൈനികവാഹനത്തിന് നേരെ ശത്രുസൈന്യം നടത്തിയ ഷെൽവർഷത്തിൽ ഞൊടിയിടയിൽ വാഹനം തകരുകയും ആ ധീരയോദ്ധാവ് തൽക്ഷണം വീരമൃത്യുവരിക്കുകയുംചെയ്തു. യുദ്ധം ജയിക്കുമ്പോൾ ആ സന്തോഷം അറിയാൻ അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. യുദ്ധത്തിൽ ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തുന്നതിന് പ്രധാനകാരണക്കാരൻ ഹമീദ് ആയിരുന്നു.
മേജർ സോമനാഥ് ശർമ, സുബേദാർ ലാൻസ് നായിക് കരംസിങ്, ലഫ്. രാമ രഘോബ റാണെ, ലാൻസ് നായിക് ജദുനാഥ് സിങ്, ഹവിൽദാർ പിരു സിങ്, ക്യാപ്റ്റൻ എസ്.എസ് സലാരിയ, ലഫ്.കേണൽ ധൻസിങ് താപ്പ, സുബേദാർ ജോഗീന്ദർ സിങ്, മേജർ ശൈഥൻ സിങ്, ലഫ്.കേണൽ അർദെഷിർ ബുർസോർജി തരാപൊരെ, ലാൻസ് നായിക് ആൽബർട്ട് എക്ക, മേജർ ഹോഷ്യാർ സിങ്, ലഫ്.അരുൺ ഖെത്രപാൽ, ഫ്ളൈയിങ് ഓഫിസർ നിർമൽജിത് സിങ്, മേജർ രാമസ്വാമി പരമേശ്വരൻ, നായിബ് സുബേദാർ ബനാസിങ്, ക്യാപ്റ്റൻ വിക്രം ബത്ര, ലഫ്.മനേജ് കുമാർ പാണ്ഡ്യേ, സുബേദാർ മേജർ സഞ്ജയ്കുമാർ, സുബേദാർ മേജർ ഗ്രെനേദ്യർ യേഗീന്ദർ സിങ് യാദവ് എന്നിവരുടെ പേരുകളാണ് മറ്റ് ദ്വീപുകൾക്ക് നൽകിയത്.
Comments are closed for this post.