ന്യുഡല്‍ഹി: ആഗോള തലത്തില്‍ ഇന്ത്യ കുതിക്കുന്നുവെന്നും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ സ്വീകാര്യത വര്‍ധിക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു. 76ാം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയായിരുന്നു രാഷ്ട്രപതി. എല്ലാ പൗരന്മാര്‍ക്ക് സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്ന അവര്‍ വൈദേശിക ആധിപത്യത്തെ ചെറുത്ത് തോല്‍പ്പിച്ച ദിനമാണ് സ്വാതന്ത്ര്യ ദിനമെന്നും പ്രസംഗത്തില്‍ പറഞ്ഞു.
സ്‌കൂള്‍ പഠന കാലത്തെ തന്റെ ഓര്‍മ്മകള്‍ ഓര്‍ത്തെടുത്തായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. 1947 ഓഗസ്റ്റ് 15 ഇന്ത്യക്ക് പുതിയ സൂര്യോദയമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന് പോരാടിയ എല്ലാവരെയും ഓര്‍ക്കുകയാണ്. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെയും ഓര്‍ക്കുകയാണ്. സ്ത്രീകളുടെ മുന്നേറ്റമാണ് രാജ്യത്ത് കാണുന്നത്. സ്ത്രീ ശാക്തീകരമാണ് രാജ്യത്തിന് ആവശ്യം. ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന സ്വീകാര്യത വലുതാണ്. അന്താരാഷ്ട്ര വേദികള്‍ക്ക് നമ്മള്‍ അതിഥേയത്വം വഹിക്കുന്നു. ജി 20 ഉച്ചകോടി വ്യാപാര രംഗത്തടക്കം രാജ്യത്തിന് പുതിയ വഴിതുറക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
ചന്ദ്രയാന്‍ മൂന്നിനെക്കുറിച്ചും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പരാമര്‍ശിച്ചു. ബഹിരാകാശത്ത് നമ്മുടെ ഭാവി പരിപാടികള്‍ക്കുള്ള ഒരു ചവിട്ടുപടി മാത്രമാണ് ചാന്ദ്ര ദൗത്യം. നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50,000 കോടി രൂപ ചെലവിട്ട് സര്‍ക്കാര്‍ അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നു. ഈ ഫൗണ്ടേഷന്‍ നമ്മുടെ കോളേജുകളിലും സര്‍വ്വകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കും. അന്താരാഷ്ട്ര സൗരോര്‍ജ്ജ പ്രചാരണത്തിന് ഇന്ത്യ നേതൃത്വം നല്‍കി. പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി ലോക സമൂഹത്തിന് നല്‍കിയത് ഇന്ത്യയാണെന്നും രാഷ്ട്രപതി വിലയിരുത്തി.
എന്നാല്‍ മണിപ്പൂരിനെക്കുറിച്ച് പറയാതെയായിരുന്നു മുര്‍മുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം.
Comments are closed for this post.