2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘ദുരിതാശ്വാസ ഫണ്ട് ക്രമക്കേട് സംഘടിത കുറ്റകൃത്യം; ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കും: വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് കേസില്‍ വിശദീകരണവുമായി വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം. ഫണ്ട് വിതരണത്തില്‍ സംഘടിതമായ ക്രമക്കേടെന്നാണ് സൂചനകള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം ആര്‍ക്കൊക്കെ പങ്കുണ്ടെന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷന്‍ സിഎംഡിആര്‍എഫ് വിജിലന്‍സിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടത്തിയതെന്ന് മനോജ് എബ്രഹാം പറഞ്ഞു. സര്‍ക്കാരില്‍ നിന്നും പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. കൊല്ലത്താണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. പരിശോധനയില്‍ വലിയ തട്ടിപ്പ് നടന്നതായി ബോധ്യപ്പെട്ടു.

രണ്ടു വര്‍ഷത്തെ കാര്യങ്ങളാണു പരിശോധിച്ചത്. അതില്‍ത്തന്നെ നിരവധി തട്ടിപ്പുകള്‍ നടന്നതായി കണ്ടെത്തി. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി അപേക്ഷകരെയും വില്ലേജ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനര്‍ഹര്‍ക്ക് സഹായധനം വാങ്ങിനല്‍കാന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. ഏജന്റുമാര്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഹാജരാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും സത്യസന്ധത ഇല്ലാത്തതാണെന്നു പരിശോധനയില്‍ വ്യക്തമായി. അപേക്ഷ നല്‍കുന്ന വ്യക്തിയുടെ ഫോണ്‍ നമ്പരിനു പകരം ഏജന്റിന്റെ ഫോണ്‍ നമ്പര്‍ വയ്ക്കുകയും അപേക്ഷകന്റെ അക്കൗണ്ടിലെത്തുന്ന പണത്തിന്റെ വിഹിതം ഏജന്റുമാര്‍ കൈപ്പറ്റുന്നതായും സൂചന ലഭിച്ചു.

തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തില്‍ ഒരു ഏജന്റിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളില്‍ ഫണ്ട് അനുവദിച്ചതായും, അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകളില്‍ കരള്‍ സംബന്ധമായ രോഗത്തിനു ചികിത്സ നടത്തിയ രോഗിക്കു ഹൃദയസംബന്ധമായ രോഗമാണെന്നുള്ള സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിച്ചതായും കണ്ടെത്തി. കൊല്ലം ജില്ലയില്‍ 20 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ 13 എണ്ണം എല്ലുരോഗ വിദഗ്ദ്ധനായ ഒരു ഡോക്ടര്‍ നല്‍കിയതായിരുന്നു. പുനലൂര്‍ താലൂക്കില്‍ ഒരു ഡോക്ടര്‍ ഏകദേശം 1500 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. കരുനാഗപ്പള്ളിയില്‍ 14 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ 11 എണ്ണവും ഒരു ഡോക്ടര്‍ നല്‍കിയതായിരുന്നു. ഈ ഡോക്ടര്‍ ഒരു വീട്ടില്‍ നാല് സര്‍ട്ടിഫിക്കറ്റുകള്‍ രണ്ടു ദിവസങ്ങളിലായി വിതരണം ചെയ്തതായും കണ്ടെത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.