മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; ഇന്ത്യന്‍ നാഷനല്‍ മെഡിക്കല്‍ കമ്മിഷന് അംഗീകാരം നല്‍കി ഡബ്ല്യു.എഫ്.എം.ഇ
ന്യൂഡല്‍ഹി• രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ യു.എസ്, കാനഡ, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാം. ഇന്ത്യന്‍ നാഷനല്‍ മെഡിക്കല്‍ കമ്മിഷന് (എന്‍.എം.സി) വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജുക്കേഷന്‍ (ഡബ്ല്യു.എഫ്.എം.ഇ) അംഗീകാരം നല്‍കിയതോടെയാണിത്. 10 വര്‍ഷത്തേക്കാണ് അംഗീകാരം ലഭിച്ചത്. ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കിയ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥികള്‍ക്ക് യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രാക്ടീസ് സാധ്യമാക്കുന്നതിന് പുറമെ, വിദേശത്ത് പി.ജി പരിശീലനത്തിനും അംഗീകാരം വഴിയൊരുക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ ഉപരിപഠനവും പരിശീലനവും നടത്താന്‍ ഡബ്ല്യു.എഫ്.എം.ഇ അംഗീകാരം ആവശ്യമാണ്.
എന്‍.എം.സിക്ക് അംഗീകാരം ലഭിച്ചതോടെ അതിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത രാജ്യത്തെ 706 മെഡിക്കല്‍ കോളജുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ നിലവില്‍ വരുന്ന പുതിയ മെഡിക്കല്‍ കോളജുകള്‍ക്കും അംഗീകാരം ലഭിക്കും. കൂടാതെ വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്താനുമാവും. ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ആഗോള സംഘടനയാണ് ഡബ്ല്യു.എഫ്.എം.ഇ.
Comments are closed for this post.