2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാനഡ സ്വപ്‌നം കാണുന്നവര്‍ക്ക് ആശ്വാസം; തൊഴില്‍ അവസരങ്ങളില്‍ വന്‍ വര്‍ധന; ഏറ്റവും കൂടുതല്‍ ഈ രണ്ട് മേഖലകളില്‍

കാനഡ സ്വപ്‌നം കാണുന്നവര്‍ക്ക് ആശ്വാസം; തൊഴില്‍ അവസരങ്ങളില്‍ വന്‍ വര്‍ധന; ഏറ്റവും കൂടുതല്‍ ഈ രണ്ട് മേഖലകളില്‍

നയതന്ത്ര പ്രതിസന്ധി, വാടക വീടുകളുടെ ദൗര്‍ലഭ്യം, തൊഴിലില്ലായ്മ നിരക്ക് എന്നിവ മൂലമുള്ള ബുദ്ധിമുട്ടുകള്‍ വ്യാപകമാണെങ്കിലും കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴുക്കിനെ ഇതൊന്നും കാര്യമായി ബാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. കനേഡിയന്‍ യൂണിവേഴ്‌സിറ്റികളിലേക്ക് പ്രവേശനം തേടി കാത്തിരിപ്പിലാണ് നിരവധി വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥി വിസയില്‍ എത്തുന്നവരുടെ ബുദ്ധിമുട്ടുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കെ തന്നെ കാനഡയില്‍ തൊഴിലുകള്‍ കുറയുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത് മലയാളികളെ ആശങ്കയിലാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടരുന്ന തൊഴിലില്ലായ്മ നിരക്ക് സെപ്റ്റംബറിലും തുടരുകയാണെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണ്ടെത്തല്‍.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി കുടിയേറ്റം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതായത് കാനഡയിലെ പ്രധാനപ്പെട്ട രണ്ട് തൊഴില്‍ മേഖലകളില്‍ അവസരങ്ങള്‍ വര്‍ധിക്കുന്നതായാണ് പുതിയ കണ്ടെത്തല്‍.

   

തൊഴിലവസരം ഈ മേഖലകളില്‍

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബര്‍ മാസത്തില്‍ കാനഡയില്‍ 64000 പുതിയ തൊഴിലുകള്‍ സൃഷ്ടിച്ചതായി ചൂണ്ടിക്കാണിക്കുന്നു. അതായത് പ്രതീക്ഷിച്ചതിലും മൂന്നിരട്ടി വര്‍ധനവാണ് മൊത്തം തൊഴില്‍ ഇടങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ആഗസ്റ്റില്‍ സൃഷ്ടിക്കപ്പെട്ട 40,000 തൊഴിലവസരങ്ങള്‍ക്കൊപ്പം കഴിഞ്ഞ രണ്ട് മാസങ്ങള്‍ ഒരുമിച്ച് എടുത്താല്‍ നിയമനത്തില്‍ കാര്യമായ പുരോഗതിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സെപ്റ്റംബറില്‍ പ്രധാനമായും നിയമനങ്ങള്‍ നടന്നത് രണ്ട് മേഖലകളിലാണ്. വിദ്യാഭ്യാസ മേഖലയിലും പാര്‍ട്ട് ടൈം ജോലി മേഖലകളിലുമാണ് കൂടുതല്‍ ആളുകള്‍ ജോലിക്ക് കയറിയത്. അതേസമയം ഗതാഗതം, സംഭരണം, എന്നിവയിലും തൊഴില്‍ വര്‍ധിച്ചു. ധനകാര്യം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്‌റ്റേറ്റ്, വാടക, നിര്‍മാണം, വിനോദം എന്നീ മേഖലകളില്‍ കുറഞ്ഞ തൊഴില്‍ നിയമനങ്ങള്‍ മാത്രമാണ് നടന്നത്.

തൊഴിലവസരം കൂടിയപ്പോഴും മാറ്റമില്ലാതെ തൊഴിലില്ലായ്മ നിരക്ക്

ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ തൊഴിലവസരങ്ങൡ കാര്യമായ പുരോഗതി ഉണ്ടായപ്പോഴും കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. തൊഴില്‍ വിപണിയേക്കാള്‍ ജനസംഖ്യ വര്‍ധിച്ചതാണ് ഇതിന് കാരണമെന്നാണ് സര്‍ക്കാര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഏജന്‍സിയുടെ കണ്ടെത്തല്‍.

‘ 1957 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ജനസംഖ്യാ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ തൊഴിലിലെ ഉയര്‍ന്ന പ്രവണത തുടരുന്നു. സെപ്റ്റംബറില്‍ 15 വയസും അതില്‍ കൂടുതലുമുള്ള തൊഴിലാളികളുടെ ജനസംഖ്യ 82,000 വര്‍ദ്ധിച്ചു. അതേസമയം , തൊഴിലില്ലായ്മ നിരക്ക് 5.5 ശതമാനത്തില്‍ സ്ഥിരത നിലനിര്‍ത്തി ‘ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ വിശദീകരിക്കുന്നു.

വേനല്‍കാലത്തിന്റെ തുടക്കത്തില്‍ തന്നെ കാനഡയിലെ ജനസംഖ്യ സര്‍വ്വകാല റെക്കോര്‍ഡിലെത്തി. വമ്പിച്ച അളവിലുള്ള കുടിയേറ്റമാണ് ജനസംഖ്യ വര്‍ധനവില്‍ നിര്‍ണായകമായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.