2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മതപരിവർത്തനംകൊണ്ടും
പിന്തുടർച്ചാവകാശം മാറ്റാനാവില്ല

അഡ്വ. ടി. ആസഫ് അലി


മുസ്‌ലിം വ്യക്തിനിയമ(ശരീഅത്ത്)ത്തിന്റെ ഉത്ഭവം പരിശുദ്ധ ഖുർആനിൽ നിന്നാണ്. സർവലോക രക്ഷിതാവായ അല്ലാഹുവിൽ നിന്ന് ജിബ്‌രീൽ മുഖാന്തരം പ്രവാചകൻ മുഹമ്മദ് നബി(സ)ക്ക് വെളിവാക്കപ്പെട്ടതാണ് പരിശുദ്ധ ഖുർആൻ എന്നാണ് മുസ്‌ലിം വിശ്വാസം. ശരീഅത്ത് നിയമത്തിന്റെ വ്യാഖ്യാനത്തിന് പ്രവാചകചര്യകൾ ആസ്പദമാക്കിയുള്ളതാണ്. ഇന്ത്യൻ ഭരണഘടന നടപ്പിൽവരുന്നതിനുമുമ്പ് 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് മുസ്‌ലിം വ്യക്തിനിയമം(ശരീഅത്ത്) മുസ്‌ലിംകൾക്ക് ബാധകമാക്കിക്കൊണ്ട് ബ്രിട്ടീഷ് ഭരണകൂടം പ്രത്യേകം നിയമനിർമാണം നടത്തി നടപ്പാക്കിയതാണ് ഇന്നും രാജ്യത്ത് നിലനിൽക്കുന്നത്. മറിച്ച് എന്ത് ആചാരം നിലനിന്നാലും കൃഷിഭൂമിയൊഴിച്ച് മരണശാസന കൂടാതെ മരിക്കുന്നവരുടെ സ്വത്തുക്കളുടെ പിന്തുടർച്ചാവകാശം, ദാനം വഴിയോ ഒസ്യത്ത് വഴിയോ മറ്റ് ഉടമ്പടിയിൽ കൂടിയോ സ്ത്രീകൾക്ക് സിദ്ധിച്ച പ്രത്യേക സ്വത്തുക്കളുടെ പിന്തുടർച്ച, വിവാഹം, വിവാഹമോചനം, രക്ഷാകർതൃത്വം, വഖ്ഫ് സ്വത്തുക്കൾ, ദാനം, അനാഥസ്വത്തുക്കൾ ഒഴിച്ചുള്ള ട്രസ്റ്റ് വസ്തുക്കൾ എന്നിവ സംബന്ധിച്ച് മുസ്‌ലിംകളായവരുടെ എല്ലാ വിഷയങ്ങളും മുസ്‌ലിം വ്യക്തിനിയമം അനുസരിച്ചായിരിക്കണമെന്നാണ് 1937ലെ മുസ്‌ലിം പേഴ്‌സണൽ നിയമം(ശരീഅത്ത് അപ്ലിക്കേഷൻ) അനുസരിച്ചായിരിക്കണമെന്നാണ് നിയമം.


ഭരണഘടന നിലവിൽവന്നതിനുശേഷം അനുഛേദം 372 അനുസരിച്ച് ഭരണഘടനയുടെ ആരംഭത്തിനുമുമ്പ് ഭാരതത്തിന്റെ ഭൂപ്രദേശത്ത് പ്രാബല്യത്തിലിരുന്ന എല്ലാ നിയമങ്ങളും ക്ഷമതയുള്ള നിയമനിർമാണ മണ്ഡലമോ ക്ഷമതയുള്ള മറ്റ് അധികാരസ്ഥാനമോ ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നതുവരെ പ്രാബല്യത്തിൽ തുടരുന്നതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. മേൽ വിവരിച്ചിരിക്കുന്ന വിഷയങ്ങൾ മുസ്‌ലിം മതാചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഭരണഘടനയുടെ അനുഛേദം 25(1) അനുസരിച്ച് ഇന്ത്യനതിർത്തിയിൽ അധിവസിക്കുന്ന ഏതു വ്യക്തിക്കും സ്വതന്ത്രമായി മതം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അവകാശമുണ്ടായിരിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഈ അവകാശങ്ങൾ എടുത്തുകളയുകയോ വെട്ടിച്ചുരുക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുന്ന ഒരു നിയമവും നിർമിക്കുവാൻ പാർലമെന്റിനോ നിയമസഭകൾക്കോ പാടില്ലായെന്ന് ഭരണഘടന 13(2) അനുഛേദത്തിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇനി അനുഛേദം 25(1) അനുസരിച്ച് മൗലികാവകാശമായി ഉറപ്പുനൽകിയിട്ടുള്ള മതം വിശ്വസിക്കുവാനും ആചരിക്കുവാനുമുള്ള അവകാശങ്ങൾ ലംഘിച്ചുകൊണ്ട് പാർലമെന്റോ ഏതെങ്കിലും നിയമസഭയോ നിയമനിർമാണം നടത്തിയാൽ അപ്രകാരം നിയമിക്കപ്പെടുന്ന ഏത് നിയമവും ആ ലംഘനത്തിന്റെ വ്യാപ്തിയോളം അസാധുവായിരിക്കുന്നതുമാണ്.


ഏതൊരാളുടേയും അനന്തരാവകാശം തീരുമാനിക്കപ്പെടുന്നത് അതത് വ്യക്തി ജനനംകൊണ്ട് ഏത് മതവിഭാഗത്തിൽപ്പെട്ടതാണോ അതിനെ അടിസ്ഥാനപ്പെടുത്തിയാണെന്നതാണ് നിയമം. ജനനംകൊണ്ട് മുസ്‌ലിമായ ഒരാൾ മറ്റേതെങ്കിലും മതത്തിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ടാലും ശരീഅത്ത് നിയമമനുസരിച്ചുള്ള അയാൾക്കുള്ള പിന്തുടർച്ചാവകാശത്തെ ബാധിക്കില്ലെന്നതാണ് 1850ലെ Caste Disabilities Removal Actലെ വ്യവസ്ഥകൾ വ്യക്തമാക്കുന്നത്. 2017ൽ പ്രസ്തുത നിയമം Repealing and Amending(second) Act അനുസരിച്ച് റദ്ദ് ചെയ്‌തെങ്കിലും റദ്ദ് ചെയ്ത നിയമത്തിലെ 4-ാം വകുപ്പിലെ വ്യവസ്ഥയനുസരിച്ച് മതപരിവർത്തനം മൂലം ജന്മംകൊണ്ട് സിദ്ധിക്കുന്ന പിന്തുടർച്ചാവകാശം നഷ്ടപ്പെടുകയില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതാണ് ഏറെ പ്രധാനം. ഇതിന് പിൻബലമായി സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും നിരവധി വിധിന്യായങ്ങളും പിൻബലമായിട്ടുണ്ട്.


കേന്ദ്രത്തിലെ ഭരണമാറ്റത്തെ തുടർന്ന് ഭരണഘടനയുടെ അനുഛേദം 44ൽ വിവരിക്കുന്ന ഏകീകൃത സിവിൽകോഡ് സംബന്ധിച്ച് രാജ്യത്ത് ഏറെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. മുസ്‌ലിം വ്യക്തിനിയമം ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കുമിടയിൽ തുല്യ ലിംഗനീതി ഉറപ്പുവരുത്തുന്നില്ലെന്ന വാദഗതിയെ മുൻനിർത്തി പെൺകുട്ടികൾ മാത്രമുള്ള ദമ്പതികളുടെ സന്താനങ്ങൾക്ക് മരണാനന്തര പിന്തുടർച്ചാവകാശം നിഷേധിക്കപ്പെടുന്നുവെന്ന ആശങ്കയും അടിസ്ഥാനരഹിതമാണ്. അത്തരം മാതാപിതാക്കളുടെ സന്താനങ്ങൾക്ക് അവകാശം പൂർണമായി ഇസ്‌ലാമിക നിയമമനുസരിച്ച് സിദ്ധിക്കില്ലെന്നത് ശരിയാണ്. പക്ഷേ തങ്ങളുടെ മക്കളുടെ ഭാവി സുരക്ഷിതമാക്കുവാൻ അത്തരം മാതാപിതാക്കൾക്ക് തങ്ങളുടെ ജീവിതദശയിൽ സ്വത്തുക്കളിൽ നിന്ന് ആദായമെടുക്കുവാനും പരിരക്ഷിക്കുവാനുമുള്ള അവകാശം നിലനിർത്തിക്കൊണ്ട് വ്യവസ്ഥകളോടുകൂടിയോ അല്ലാതെയോ തങ്ങളുടെ സ്വത്തുക്കൾ മക്കൾക്ക് കൈവിട്ടു ദാനം നൽകാൻ ശരീഅത്ത് നിയമം അനുവദിക്കുന്നുണ്ട്. ഇത്തരം നിയമത്തിലെ സുരക്ഷാ വ്യവസ്ഥകൾ അറിയാതെയോ മനസ്സിലാക്കാതെയോ ഇസ്‌ലാമിക ആചാരത്തെ നിരാകരിച്ചുകൊണ്ട്, മക്കളുടെ പിന്തുടർച്ചാപരമായ സുരക്ഷക്കാണെന്ന പേരിൽ ദശാബ്ദങ്ങൾക്കു മുമ്പേ മുസ്‌ലിം മതാചാരപ്രകാരം വിവാഹിതരായ ദമ്പതികൾ 1954 ലെ സ്‌പെഷൽ മാരേജ് ആക്ട് അനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്താൽ ഇൗ ദമ്പതികളുടെ മരണാനന്തരം തങ്ങളുടെ അനന്തരാവകാശികൾക്ക് സ്വത്തുക്കൾ തുല്യമായി ലഭിക്കുമെന്ന് കരുതുന്നതും വിഡ്ഢിത്തമാണ്. അനന്തരാവകാശം ഒരു വിവാഹ രജിസ്‌ട്രേഷനെ അടിസ്ഥാനപ്പെടുത്തി തീരുമാനിക്കാവുന്നതല്ലെന്നതാണ് അടിസ്ഥാന നിയമം. മതപരിവർത്തനംകൊണ്ട് മാറ്റാൻ പറ്റാത്ത പിന്തുടർച്ചാവകാശം വിവാഹ രജിസ്‌ട്രേഷൻ കൊണ്ട് മാറ്റാൻ പറ്റില്ലെന്ന യാഥാർഥ്യം നാം വിസ്മരിക്കരുത്.


സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും രാജ്യത്ത് നടപ്പാക്കി പ്രാബല്യത്തിലിരിക്കുന്ന ബഹുഭൂരിപക്ഷം സിവിൽ നിയമങ്ങളും വ്യക്തിനിയമങ്ങളും മതസ്ഥാപനങ്ങളെ ബാധിക്കുന്ന നിയമങ്ങളും എല്ലാ മതവിഭാഗങ്ങൾക്കും ഒരുപോലെ ബാധകമായിട്ടുള്ള ഏകീകൃത നിയമങ്ങൾ തന്നെയാണ്. സിവിൽ നിയമങ്ങൾക്ക് ഒട്ടേറെ ശാഖകളും ഉപശാഖകളുമുണ്ട്- വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ തമ്മിലുള്ള തർക്കങ്ങൾ, വ്യാപാര- വാണിജ്യ വസ്തു ഇടപാടുകൾ സംബന്ധിച്ചുള്ള തർക്കങ്ങൾ, ഭൗതിക സ്വത്തവകാശം, പകർപ്പാവകാശം ജന്മി -കുടിയാ തർക്കങ്ങൾ, ദേവസ്വം, വഖ്ഫ്, ഗുരുദ്വാരാ എന്നീ മതസ്ഥാപനങ്ങളെ സംബന്ധിച്ച തർക്കങ്ങൾ സംബന്ധിക്കുന്ന നിയമങ്ങൾ, വിവാഹം, വിവാഹമോചനം, മരണ ശാസനയില്ലാതെ മരണപ്പെട്ടവരുടെ സ്വത്തുക്കളുടെ പിന്തുടർച്ചാദാനം, ഒസ്യത്ത് എന്നിവ സംബന്ധിച്ച നിയമങ്ങൾ.


വ്യക്തി നിയമങ്ങൾ ഏകീകരിക്കുകയെന്നത് വ്യത്യസ്ത ജാതി,മത ആചാരങ്ങൾ അനുഷ്ഠിക്കുന്ന ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യത്ത് പ്രായോഗികമായി സാധ്യമല്ല. ഉദാഹരണമായി വിവാഹം-മുസ്‌ലിം വിവാഹം വരനും വധുവിന്റെ രക്ഷിതാവും തമ്മിലുള്ള ഒരുടമ്പടിയെന്നാണ് പരിശുദ്ധ ഖുർആൻ വിവക്ഷിക്കുന്നത്. അതേപോലെ തന്നെയാണ് വിവാഹമോചനവും പിന്തുടർച്ചയും. ഇവ ഏകീകരിപ്പിച്ചുകൊണ്ട് നിയമമുണ്ടാക്കുമ്പോൾ ഇഷ്ടമുള്ള മതാനുഷ്ഠാനം എന്ന മൗലികാവകാശം നിഷേധിക്കപ്പെടും. അതുകൊണ്ടുതന്നെ അത്തരം നിയമനിർമാണം ഭരണഘടനയുടെ അനുഛേദം 13(2) ന്റെ വിലക്കുകൾ അനുസരിച്ച് സാധ്യമല്ല. ഇതിലൂടെ ഭരണഘടനയുടെ അനുഛേദം 44 ൽ വിവരിക്കുന്ന ഏകീകൃത സിവിൽകോഡ് കൊണ്ട് ഭരണഘടനാ നിർമാതാക്കൾ ഉദ്ദേശിച്ചിട്ടുള്ളത് വ്യക്തിനിയമങ്ങളുടെ ഏകീകരണമല്ലായെന്ന് വ്യക്തമാണ്.
രാജ്യത്തെ എല്ലാ മതവിഭാഗങ്ങളുടെ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രധാനമായ ഏകീകൃത മതേതര സിവിൽ നിയമങ്ങളാണ് 1961ലെ സ്ത്രീധനനിരോധന നിയമവും 2006 ലെ ബാലവിവാഹനിരോധന നിയമവും 2015 ലെ ജുവൈനൽ ജസ്റ്റിസ് കെയർ ആന്റ് പ്രൊട്ടക്ഷൻ ഓ്ഫ് ചിൽഡ്രൻസ് ആക്ടും. മേൽ നിയമങ്ങളിൽ വ്യക്തിനിയമങ്ങളിൽപ്പെട്ട വിവാഹം, ദത്ത് തുടങ്ങിയ ഉൾപ്പെട്ടതാണെങ്കിലും മതേതര നിയമങ്ങളെന്ന നിലയിൽ ഇന്ത്യയിലെ മുസ്‌ലിംകൾ സ്വീകരിക്കുകയും ഉൾക്കൊള്ളുകയുമുണ്ടായി.


മുസ്‌ലിം വ്യക്തിനിയമം പിന്തുടരുന്നത് ഭരണഘടന ഉറപ്പുനൽകുന്ന സ്വതന്ത്രമായി മതം വിശ്വസിക്കുവാനും അനുഷ്ഠിക്കുവാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന യാഥാർഥ്യം വിസ്മരിച്ചുകൊണ്ട് വ്യക്തിനിയമങ്ങളുടെ ഏകീകരണമാണ് സിവിൽ നിയമങ്ങളുടെ ഏകീകരണമെന്ന് കരുതുന്നത് അബദ്ധജടിലമായ വിവാദങ്ങൾക്ക് കാരണഹേതുവാകും. സ്വതന്ത്രമായി മതം അനുഷ്ഠിക്കുവാനും വിശ്വസിക്കുവാനുള്ള മതേതരാവകാശം എടുത്തുമാറ്റിക്കൊണ്ട് നിയമനിർമാണം നടത്തുവാനോ ഭരണഭേദഗതി ചെയ്യുവാനോ സാധ്യമല്ലെന്ന യാഥാർഥ്യം മനസ്സിലാക്കിയാൽ വ്യക്തിനിയമങ്ങളെ ഏകീകരിപ്പിക്കുവാനോ രാജ്യത്തെ വിവിധ മത-ജാതി വിഭാഗങ്ങൾ അനുഷ്ഠിക്കുന്ന ആചാരാനുഷ്ഠാനങ്ങളെ ഒന്നിപ്പിക്കുവാനോ ഭരണഘടനാപരമായി സാധ്യമല്ലെന്നു ബോധ്യപ്പെടുന്നതാണ്.

(മുൻ കേരള ഡയരക്ടർ ജനറൽ ഓഫ്
പ്രോസിക്യൂഷനാണ് ലേഖകൻ)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.