2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് 19 വ്യാപന നാളുകളിൽ ആയിരത്തിലധികം ആളുകൾ മരിച്ച സ്‌പാനിഷ്‌ ജ്വര ചരിത്ര ഓർമകളിൽ സഊദി

അബ്‌ദുസ്സലാം കൂടരഞ്ഞി

     റിയാദ്: നൂറു വർഷങ്ങൾക്ക് മുമ്പ് ലോകത്തെ പിടിച്ചുലച്ച സ്‌പാനിഷ്‌ ജ്വരത്തിൽ തങ്ങളുടെ നാട്ടിലെ മയ്യത്തുകളുടെ ചരിത്ര ഓര്മകളിലാണ്‌ സഊദിയിലെ പുതു തലമുറ. സുദൈറിലും നജ്‌ദെന്ന ഇന്നത്തെ റിയാദിലും അൽഹസയിലും മക്കയിലും യാമ്പുവിലും ഇറാഖിലും മൂന്നു മാസത്തോളം താണ്ഡവമാടിയ എച്ച് വൺ, എൻ വൺ എന്ന് ഇന്ന് അറിയപ്പെടുന്ന സ്പാനിഷ് ജ്വരം ആയിരക്കണക്കിന് പേരെയാണ് മരണക്കയത്തിലേക്ക് വലിച്ചെറിഞ്ഞത്. ലോകത്തെ ഭീതിപ്പെടുത്തി കോവിഡ് 19 എന്ന കൊറോണ വൈറസ് വ്യാപകമാകുമ്പോൾ നൂറ്റാണ്ട് മുമ്പ് അനുഭവിച്ച അന്നത്തെ വേദന ഇന്നും ഈ നാടുകളിൽ നിന്നും മാഞ്ഞിട്ടില്ല. അൽ റിയാദ് പത്രമാണ് ഇപ്പോൾ ഇത് സംബന്ധിച്ച കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്നത്.


     1918 ലാണ് മനുഷ്യന്റെ പ്രതിരോധ ശേഷിയെ നിശ്ശേഷം നശിപ്പിച്ച്‌ സ്‌പാനിഷ്‌ ജ്വരം ഏറെ ക്രൂരമായി മുന്നേറിയത്. ഈജിപ്തിൽ മഹാമാരി അതിന്റെ മൂർധന്യദശയിലായിരുന്ന സമയത്താണ് അവിടെ നിന്ന് തുണികളുമായി രണ്ട് പായക്കപ്പലുകൾ ജിദ്ദയിലെത്തിയത്. ഇതു വഴി രോഗം ജിദ്ദയിൽ പ്രവേശിക്കുകയും അവിടെനിന്ന് മക്കയിലേക്കും യാമ്പുവിലേക്കും പിന്നീട് നജ്ദിലേക്കും കടക്കുകയായിരുന്നുവെന്നാണ് ചരിത്രം. നജ്ദിന്റെ തെക്ക് ഭാഗത്ത് നിന്ന് ആഞ്ഞുവീശിയ രോഗം എല്ലാ ഗോത്രമേഖലകളെയും കടന്ന് സുദൈർ, വശ്ം, അൽഹസാ, ഇറാഖ് എന്നിവിടങ്ങളിലെല്ലാം വ്യാപിച്ചിരുന്നു. രോഗം ബാധിച്ചവരെ വീട്ടിൽ നിന്ന് മാറ്റിനിർത്തി പ്രത്യേക കേന്ദ്രത്തിലിരുത്തി നാട്ടുവൈദ്യം പരീക്ഷിച്ചിരുന്നുവെങ്കിലും ചിലർ മാത്രമാണ് രക്ഷപ്പെട്ടത്. ഇതിനിടെ അബ്ദുൽ അസീസ് രാജാവ് ബഹ്‌റൈനിൽ ആശുപത്രി നടത്തുകയായിരുന്ന അമേരിക്കൻ ഡോക്ടർമാരായ പോൾ ആർമോറിംഗ്, പോൾ ഹാരിസൻ എന്നിവരെ റിയാദിലേക്ക് വിളിച്ചുവരുത്തി ഒരു കെട്ടിടത്തിൽ ആശുപത്രി സജ്ജീകരിച്ച് ആളുകൾക്ക് സൗജന്യ ചികിത്സയൊരുക്കി. അങ്ങനെയാണ് മഹാമാരിയെ നിയന്ത്രണവിധേമാക്കാനായത്. ഡോക്ടർമാരെത്തും മുമ്പേ അദ്ദേഹത്തിന്റെ രണ്ടു മക്കളും രോഗം ബാധിച്ച് മരിച്ചിരുന്നു. സ്പാനിഷ് ജ്വരം ബാധിച്ചാൽ ഒന്നോ രണ്ടോ ദിവസത്തിനകം മരണം സംഭവിക്കുമായിരുന്നു. എന്നാൽ, അത്തരമൊരു സ്ഥിതി സ്ഥിതി വിശേഷത്തിലൂടെയല്ല നീങ്ങുന്നത് എന്നതാണ് കോവിഡിന്റെ കാര്യത്തിലുള്ള ഏക ആശ്വാസം.
      ഇന്നത്തെ റിയാദ് എന്നറിയപ്പെടുന്ന നജ്ദിൽ ഹിജ്‌റ വർഷം 1337 സഫർ മാസം 15 മുതൽ റബീഉൽ അവ്വൽ ഏഴുവരെയുള്ള കാലത്തായിരുന്നു ഈ പകർച്ചവ്യാധി അതിന്റെ രൗദ്രഭാവം പൂണ്ടിരുന്നതെന്നാണ് ചരിത്രകാരനായ ഇബ്രാഹീം ബിൻ ഈസാ പറയുന്നത്. മയ്യിത്ത് കട്ടിലുകൾ കൂടുതൽ ലഭ്യമല്ലാത്തതിനാൽ മരപ്പലകകളും കഫൻ പുടയില്ലാത്തതിനാൽ ബ്ലാങ്കറ്റുകളുമായിരുന്നു മരണാനന്തര കർമങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. റബീഉൽ അവ്വൽ അവസാനമായപ്പോഴേക്കും രോഗം വിട്ടൊഴിയുമ്പോൾ ഇവിടെ മാത്രം മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞിരുന്നു. ആധുനിക സഊദി അറേബ്യയുടെ ശിൽപിയായ രാഷ്ട്രപിതാവ് അബ്ദുൽ അസീസ് ആൽ സഊദി രാജാവിന്റെ മക്കളായ ഫഹദ് അൽ അവ്വൽ, തുർക്കി അൽ അവ്വൽ, ഭാര്യ ജൗഹറ ബിൻതു മുസാഇദ്, ശഖ്‌റാ ട്രഷറി സെക്രട്ടറി ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽസബീഇ തുടങ്ങിയ പ്രമുഖർ ഈ പകർച്ച വ്യാധികളുടെ ഇരകളായാണ് മരണം പുൽകിയത്.
      ഒന്നാം ലോക മഹായുദ്ധം അവസാനിച്ച 1918 ൽ അമേരിക്കയിലെ കൻസാസായിരുന്നു ഈ പനിയുടെ പ്രഭവ കേന്ദ്രം. ലോക ജനസംഖ്യയുടെ മൂന്നു മുതൽ അഞ്ചു ശതമാനം വരെ അഥവാ 50 മുതൽ 100 വരെ മില്യൻ ജനങ്ങൾ ഈ രോഗം ബാധിച്ച് മരിച്ചുവീണെന്നാണ് കണക്ക്. മരിച്ചവരോട് കരുണ ചെയ്യുന്ന കാലമായതിനാൽ കാരുണ്യത്തിന്റെ വർഷമെന്നർഥമുള്ള സനതു റഹ്മ എന്ന പേരിലാണ് ഈ വർഷം അറബികൾക്കിടയിൽ അറിയപ്പെടുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.