2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍: അന്തിമ ചോദ്യാവലി തയ്യാറാക്കി, തിയ്യതി തീരുമാനമായില്ല- രജിസ്ട്രാര്‍ ജനറല്‍

 

ന്യൂഡല്‍ഹി: പൗരത്വപ്പട്ടികയ്ക്ക് മുന്നോടിയായുള്ള ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) തയ്യാറാക്കുന്നതിനുള്ള അന്തിമ ചോദ്യാവലി തയ്യാറാക്കിയതായി രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസ് അറിയിച്ചു. എന്നാല്‍ 2021ലെ ആദ്യഘട്ട സെന്‍സസ് എന്നു തുടങ്ങുമെന്ന കാര്യത്തില്‍ വിവരമൊന്നും ലഭ്യമായിട്ടില്ലെന്നും രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസ് വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ മറുപടിയിലാണ് രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

2021ലെ സെന്‍സസിനൊപ്പം ജനസംഖ്യാ രജിസ്റ്ററും തയ്യാറാക്കാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. 2020 ഏപ്രില്‍ 1 മുതലായിരുന്നു സെന്‍സസിനായുള്ള വീടു കേറിയുള്ള കണക്കെടുപ്പ് ആരംഭിക്കേണ്ടിയിരുന്നത്. സെപ്റ്റംബറോടെ ആദ്യഘട്ടം പൂര്‍ത്തിയാകണമെന്നായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് വ്യാപനം കാരണം അത് സാധ്യമായിട്ടില്ല. ഇനിയൊരുത്തരവുണ്ടാകുന്നത് വരെ ഇതു സംബന്ധിച്ച നടപടികള്‍ നീട്ടിവച്ചിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങള്‍ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനെ എതിര്‍ത്തിട്ടുണ്ട്.

2003ലെ പൗരത്വ ചട്ട പ്രകാരം പൗരത്വപ്പട്ടിക തയ്യാറാക്കുന്നതിന്റെ ആദ്യപടിയാണ് ജനസംഖ്യാ രജിസ്റ്റര്‍. 2010ലാണ് ആദ്യമായി ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കിയത്. 2015ല്‍ ഇത് പുതുക്കി. ജനസംഖ്യാ രജിസ്റ്ററിലെ ചോദ്യാവലിയിലെ മാതാപിതാക്കളുടെ ജനന സ്ഥലം, അവര്‍ അവസാനം താമസിച്ച സ്ഥലം, മാതൃഭാഷ എന്നീ ചോദ്യങ്ങളെ രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ എതിര്‍ത്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.