തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് താല്‍ക്കാലിക നിയമനത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്റര്‍വ്യൂ നടത്തിയത് വിവാദത്തില്‍. നിയമനം നടത്തുന്നുവെന്ന വാര്‍ത്തയില്‍ ഒഴിവുകളുടെ എണ്ണം വെക്കാത്തതിനാല്‍ നൂറുകണക്കിനാളുകാളാണ് ഇന്‍്രര്‍വ്യൂവില്‍ പങ്കെടുക്കാനെത്തിയത്. അതേ സമയം ലോക് ഡൗണ്‍ കാലത്ത് ഇത്തരത്തിലൊരു അഭിമുഖം നടത്തിയത് തെറ്റായ നടപടിയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ ഉണ്ടായ വീഴ്ച ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജിന്റെ അടിയന്തര യോഗത്തിലാണ് മന്ത്രി ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
മരുന്നുകളുടേയും ഗ്ലൗസ് ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടേയും മെഡിക്കല്‍ കോളേജിലെ ലഭ്യത സംബന്ധിച്ച് മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ തുടര്‍ന്നുപോന്ന രീതിയില്‍ നിന്നും മാറി കോവിഡ് കാലത്ത് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്ത് ഗ്ലൗസ് ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ വാങ്ങണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.
മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരാണ്. എങ്കിലും ചെറിയ വീഴ്ച പോലും ഉണ്ടാകരുത്. അതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം. ഇതിന്റെ വെളിച്ചത്തില്‍ കോവിഡിന്റെ മൂന്നാം തരംഗം മുന്‍കൂട്ടികണ്ട് മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
Comments are closed for this post.