2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിദേശ പഠനം; 2023ല്‍ വിമാനം കയറിയത് 15 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; സര്‍വ്വകാല റെക്കോര്‍ഡ്

വിദേശ പഠനം; 2023ല്‍ വിമാനം കയറിയത് 15 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; സര്‍വ്വകാല റെക്കോര്‍ഡ്

ഉപരിപഠനത്തിനായി കടല്‍ കടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സമീപ കാലത്തായി ഈയൊരു ട്രെന്‍ഡ് മലയാളികള്‍ക്കിടയിലും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. യു.കെ, യു.എസ്.എ, ജര്‍മ്മനി, കാനഡ, ഫ്രാന്‍സ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് വിദ്യാര്‍ഥികളുടെ കുടിയേറ്റം ഏറ്റവും കൂടുതല്‍ നടക്കുന്നത്. ഇന്ത്യയിലെ കുറഞ്ഞ തൊഴിലവസരങ്ങളും, രാഷ്ട്രീയ പ്രതിസന്ധികളും, വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഉയര്‍ന്ന ശമ്പളവുമൊക്കെയാണ് വിദ്യാര്‍ഥികളെ വിദേശത്തേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

2023ല്‍ റെക്കോര്‍ഡ് വര്‍ധന

   

പുതിയ കണക്കുകള്‍ പ്രകാരം 2023ല്‍ 1.5 ദശലക്ഷം (15 ലക്ഷം) ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ യൂണിവേഴ്‌സിറ്റികളില്‍ ഈ വര്‍ഷത്തെ പ്രവേശന നടപടിക്രമങ്ങള്‍ അവസാനിരിക്കെ കണക്കുകള്‍ ഉയരുമെന്നാണ് വിദ്യാഭ്യാസ വിദഗ്ദര്‍ നല്‍കുന്ന സൂചന. വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 72 ശതമാനം വര്‍ധനവുണ്ടായതായാണ് കണക്ക്. വരും വര്‍ഷങ്ങളില്‍ ഈ കണക്കുകള്‍ കൂടാനാണ് സാധ്യത.

അതേസമയം വിദേശ രാജ്യങ്ങളില്‍ കാര്യങ്ങള്‍ അത്രകണ്ട് സുഖകരമല്ലെന്ന വാര്‍ത്തയും ഇതിനിടയില്‍ പുറത്ത് വരുന്നുണ്ട്. പല പാശ്ചാത്യന്‍ രാജ്യങ്ങളിലും കുടിയേറ്റ വിരുദ്ധ വികാരം വ്യാപകമായാതായാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം തന്നെ ഉയര്‍ന്ന ജീവിതച്ചെലവുകളും, പഠന ചെലവുകളും, മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളും വരാനിരിക്കുന്ന നാളുകള്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. കാനഡയില്‍ ഉയര്‍ന്നുവന്ന താമസ പ്രതിസന്ധിയും ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങളും വിദ്യാര്‍ഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്. യുകെയിലാണെങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി വിദേശ വിദ്യാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. യു.എസിലും കാനഡയിലും 1000 ഡോളര്‍ മുതല്‍ 1200 ഡോളര്‍ വരെയാണ് പ്രതിമാസം വാടകയിനത്തില്‍ ചെലവ് വരുന്നത്. ഭക്ഷണം, യാത്ര മറ്റ് ചെലവുകള്‍ എന്നിങ്ങനെ 1200 ഡോളര്‍ വരെ ചെലവഴിക്കേണ്ടി വരാറുണ്ട്.

ഈ പ്രതിസന്ധികള്‍ക്ക് പുറമെ പാര്‍ട്ട് ടൈം ജോലികള്‍ക്കുള്ള ക്ഷാമവും വിദ്യാര്‍ഥികളെ വലയ്ക്കുന്ന ഘടകമാണ്. പല സ്ഥാപനങ്ങളും വിദേശ വിദ്യാര്‍ഥികള്‍ക്ക് ജോലി അവസരങ്ങള്‍ നല്‍കുന്നില്ലെന്നാണ് പരാതി. മാത്രമല്ല, പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും ജോലി സാധ്യതകള്‍ കുറഞ്ഞ് വരുന്നതായാണ് റിപ്പോര്‍ട്ട്. എങ്കിലും ഇതൊന്നും ഇന്ത്യക്കാരുടെ വിദേശ മോഹത്തെ ബാധിക്കുന്നില്ലെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News