2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗൾഫ് പ്രതിസന്ധി പരിഹാരം: പ്രഖ്യാപനം ഈ മാസം നടക്കുന്ന ജിസിസി ഉച്ചകോടിയോടെയെന്ന് സൂചന

ബഹ്‌റൈനിൽ ഈ മാസം അവസാനത്തോടെയാണ് ഉച്ചകോടി ചേരുന്നത്

അബ്‌ദുസ്സലാം കൂടരഞ്ഞി

     റിയാദ്: മൂന്നര വർഷമായി നീണ്ടു നിൽക്കുന്ന ഗൾഫ് പ്രതിസന്ധി പരിഹാരം സംബന്ധിച്ച പ്രഖ്യാപനം ഈ മാസം നടക്കുന്ന ഉച്ചകോടിയോടെയെന്ന് റിപ്പോർട്ടുകൾ. ഖത്തറുമായുള്ള സഊദി നേതൃത്വത്തിൽ ചതുർ രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ച് ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ അമേരിക്കയും കുവൈത്തും ശക്തമാക്കുകയും ഇരു രാജ്യങ്ങലും അനുകൂലമായി പ്രതികരിക്കുകയും ചെയ്‌തതോടെ ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനായി പ്രാഥമിക കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പ് വെക്കുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

    ഇതിനിടെയാണ്‌ ഈ മാസം അവസാനം നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയോടെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന വാർത്തകൾ പുറത്ത് വരുന്നത്. മുതിർന്ന നയതത്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കുവൈത് പത്രമായ അൽറായി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. താൽക്കാലികമായി ഈ മാസം ബഹ്‌റൈനിൽ നടക്കാനിരിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടിയിൽ ഗൾഫ് രാജ്യങ്ങളുടെ അനുരഞ്ജനം നടക്കുമെന്നാണ് അൽറായി റിപ്പോർട്ടിൽ പറയുന്നത്.

     അതിനിടെ, സഊദി ഭരണാധികാരിക്ക് കുവൈത്ത് അമീർ അഭിനന്ദനം അറിയിച്ചു സന്ദേശമയച്ചു. ഖത്തർ-സഊദി പ്രശ്‌ന പരിഹാരത്തിന് സഊദി കൂടി അനുകൂല നിലപാട് സ്വീകരിച്ചതോടെ ഇരു രാജ്യങ്ങളും പ്രാഥമിക കരാറിൽ ഒപ്പ് വെക്കുമെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് സഊദിയുടെ ശ്രമങ്ങളെ പ്രകീർത്തിച്ച് കുവൈത്ത് ഭരണാധികാരി അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ് സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് നന്ദിയും അഭിനന്ദനവും അറിയിച്ചത്.

   

     യു.എ.ഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളെ സഊദി അറേബ്യ പ്രതിനിധീകരിക്കുന്നത് സഊദി അറേബ്യയുടെ അഭിമാനകരമായ സ്ഥാനവും മേഖലയിൽ സുരക്ഷാ ഭദ്രതയുണ്ടാക്കുന്നതിന് നടത്തുന്ന ശ്രമങ്ങളിൽ വഹിക്കുന്ന മുൻനിര പങ്കും മേഖലയും ലോകവും കടന്നുപോകുന്ന നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഐക്യത്തിലും ഐക്യദാർഢ്യത്തിലുമുള്ള സഊദി അറേബ്യയുടെ താൽപര്യവുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സൽമാൻ രാജാവിന് അയച്ച സന്ദേശത്തിൽ കുവൈത്ത് അമീർ പറഞ്ഞു.

     ഇരുപക്ഷവും ഒത്തുതീര്‍പ്പിന്‍റെ അടുത്തെത്തിയെന്ന കുവൈത്ത് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെ സഊദിയും ഖത്തറും സ്വാഗതം ചെയ്തു. സമവായ ശ്രമങ്ങളില്‍ കാര്യമായ പുരോഗതി കൈവന്നതായും ഇരുപക്ഷങ്ങളും തുറന്ന മനസ്സോടെയാണ് ഇപ്പോഴത്തെ ചര്‍ച്ചകളെ സമീപിക്കുന്നതെന്നും കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് അഹമ്മദ് നാസര്‍ അസ്സബാഹ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അന്തിമ ഒത്തുതീര്‍പ്പില്‍ ഉടന്‍ തന്നെ എത്തിച്ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്ന യുഎസ്, കുവൈത്ത് ശ്രമങ്ങളെ സഊദി, ഖത്തർ ഭരണ നേതൃത്വം അനുകൂലമായി സ്വീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്‌തതോടെ പ്രതിസന്ധി അവസാനിച്ചതായുള്ള പ്രഖ്യാപനം കാതോർക്കുകയാണ് ഗൾഫ് മേഖല.

    സഊദി-ഖത്തര്‍ പ്രതിസന്ധി ഉടൻ അവസാനിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനായി അമേരിക്കയുടെ മധ്യസ്ഥതയിൽ ചർച്ചകൾ സജീവമാണെന്നും പ്രശ്ന പരിഹാരത്തിനായുള്ള പ്രാഥമിക കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനു പിന്നാലെയാണ് പ്രശ്‌ന പരിഹാരം ഉടൻ ഉണ്ടാകുമെന്ന സൂചന നൽകി സഊദി രംഗത്തെത്തിയത്. തീവ്രവാദ സഹായമടക്കം വിവിധ കാര്യങ്ങൾക്ക് ഖത്തർ സഹായം ചെയ്യുന്നുവെന്നതടക്കമുള്ള ആരോണങ്ങൾ ഉന്നയിച്ചാണ് 2017 ജൂണിൽ സഊദിയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ, യുഎഇ, ഈജിപ്‌ത്‌ തുടങ്ങിയ രാജ്യങ്ങൽ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.