പെട്ടെന്ന് തട്ടികൂട്ടി ഒരു കറി ഉണ്ടാക്കണമെങ്കില്‍ തക്കാളി മുന്‍പന്തിയില്‍ തന്നെ വേണം. വിപണിയിലും വിലക്കയറ്റത്തിന്റെ കാര്യത്തില്‍ തക്കാളി തന്നെയാണ് താരം. സെഞ്ച്വറി അടിച്ചെങ്കിലും തക്കാളി വാങ്ങാതിരിക്കാനാകില്ല.
തക്കാളിവില ഉയരുന്നതിന് നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതില്‍ പ്രധാനമായത് മണ്‍സൂണിന്റെ വരവാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പല സംസ്ഥാനങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവുമാണ്. ഇതില്‍ കാര്യമായ വിളനാശം സംഭവിച്ചിട്ടുണ്ട്. കര്‍ണാടകയിലും തെലങ്കാനയിലും ഇതാണ് സ്ഥിതി.മഴ പെയ്യുന്നതോടെ മണ്ണില്‍ നിന്ന് കിളിര്‍ത്ത് പൊങ്ങിയ പ്രായത്തിലുള്ള തക്കാളിച്ചെടികളെല്ലാം നശിക്കും. അതിജീവിക്കുക വളര്‍ന്ന്, താങ്ങിന്റെ സഹായത്തോടെ നില്‍ക്കുന്ന ചെടികള്‍ മാത്രമായിരിക്കും. ഇതോടെ വിളവ് വലിയ തോതില്‍ കുറയുന്നു. തക്കാളിക്ക് മാത്രമല്ല വിലവര്‍ദ്ധന സംഭവിച്ചിട്ടുള്ളതെന്ന് കാണാം. ഈ കാലാവസ്ഥയുടെ പ്രത്യേകത എല്ലാ വിളകളെയും ബാധിച്ചിട്ടുണ്ട്.
എല്ലാ വര്‍ഷവും ജൂണ്‍-ജൂലൈ മാസങ്ങളില്‍ കുറെ നാളുകള്‍ തക്കാളിവില ഉയര്‍ന്ന നിലയിലെത്താറുണ്ട്. കാലാവസ്ഥ തന്നെയാണ് പ്രശ്‌നം. മണ്‍സൂണ്‍ കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നുതുടങ്ങുന്നത് മുതല്‍ക്ക് ഈ വിലവ്യതിയാനം അനുഭവപ്പെട്ടു തുടങ്ങും.
2020 ജൂലൈ മൂന്നാംതിയ്യതിയിലെ ഒരു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത് തക്കാളിവില കിലോയ്ക്ക് 70 രൂപയായി ഉയര്‍ന്നതിനെക്കുറിച്ചാണ്. ഇത് ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ വിലയാണ്. വിജയവാഡയില്‍ ഇതേ കാലയളവില്‍ 55 രൂപയായിരുന്നു തക്കാളി കിലോയ്ക്ക്. അന്നും പ്രശ്‌നം മണ്‍സൂണ്‍ തന്നെയായിരുന്നു. മഴ കനത്തതോടെ വിളനാശമുണ്ടായി. കേരളത്തില്‍ 2020 ജൂലൈ മാസത്തില്‍ കിലോയ്ക്ക് 50 രൂപയായി വില ഉയര്‍ന്നിരുന്നു.
അതേസമയം കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് തക്കാളിയുടെ വിലയിലുണ്ടായ വര്‍ദ്ധന കൂടുതലാണെന്ന് കാണാം. ഇതിനു കാരണം ഇത്തവണ പൊതുവെ ഉല്‍പ്പാദനം കുറവാണ് എന്നതാണ്. കാരണമായി റിപ്പോര്‍ട്ടുകള്‍ പറയുന്നത് തക്കാളി ഉല്‍പ്പാദിപ്പിക്കുന്ന മേഖലകളില്‍ വലിയതോതില്‍ ചൂട് കൂടിയതാണ്. ഇനി പ്രതീക്ഷ വെക്കാനുള്ളത് മഴയുടെ പ്രശ്‌നം ബാധിക്കാത്ത മേഖലകളില്‍ നിന്നുള്ള തക്കാളികളിലാണ്. ഇവിടങ്ങളില്‍ വിളവെടുപ്പ് തുടങ്ങുന്നതോടെ തക്കാളിവില സാധാരണ നിലയിലാകും.
Comments are closed for this post.