2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വില 2.39 ലക്ഷം മുതല്‍! ഞെട്ടിച്ച് റെഡി ഗോ

എ. വിനീഷ്‌

ഇന്ത്യന്‍ കാര്‍ വിപണിയില്‍ പുതിയൊരു യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ് റെഡി ഗോയുമായി ഡാറ്റ്‌സണ്‍. 2.39 ലക്ഷം രൂപ വിലയുള്ള കാര്‍ ഇന്നലെ ഡല്‍ഹിയില്‍ പുറത്തിറങ്ങിയതോടെ അക്ഷരാര്‍ഥത്തില്‍ വാഹനലോകം ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 800 സി.സി കാറെന്ന സ്ഥാനമാണ് റെഡിഗോയ്ക്ക് ലഭിച്ചിരിക്കുന്നത്. ബേസ് ഡി മോഡലിന് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 2.39 ലക്ഷമാണെങ്കില്‍ ഉയര്‍ന്ന മോഡല്‍ ആയ എസിന് 3.34 ലക്ഷം ആണ് വില. ഡി, എ, ടി, ടി(ഒ), എസ് എന്നിങ്ങനെ അഞ്ച് മോഡലില്‍ കാര്‍ നിരത്തിലിറങ്ങും.

 

എന്‍ട്രി ലെവല്‍ കാര്‍ മാര്‍ക്കറ്റിലെ മാരുതി ഓള്‍ട്ടോയുടെ കുത്തക തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡാറ്റ്‌സന്റെ നീക്കം. ഒരു എസ്.യു.വിയുടെ രൂപഭാവങ്ങളോടെ എത്തിയ റെനോ ക്വിഡ് ആയിരുന്നു ഓള്‍ട്ടോയ്ക്ക് നേരിടേണ്ടിവന്ന ആദ്യവെല്ലുവിളി. എന്നാല്‍ വിലയിലൂടെ ഇവരെ രണ്ടുപേരെയും കടത്തിവെട്ടുകയാണ് ക്വിഡിന്റെ തന്നെ കസിന്‍ എന്ന് പറയാവുന്ന റെഡിഗോ. കാരണം ആഗോളതലത്തിലുള്ള റെനോ – നിസാന്‍ സഖ്യത്തിന് കീഴില്‍ പിറവിയെടുത്തതാണ് രണ്ടു കാറുകളും. ഓള്‍ട്ടോയേക്കാള്‍ 10,000 രൂപയും ക്വിഡിനേക്കാള്‍ 23,000 രൂപയും കുറവാണ് റെഡിഗോയുടെ ഡല്‍ഹി വില.

datsun-redi-go-interior

2014 ല്‍ ഡല്‍ഹി ഓട്ടോ എക്‌പോയില്‍ ആണ് ഡാറ്റ്‌സണ്‍ റെഡി ഗോ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. അന്ന് പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് കാറില്‍ നിന്ന് ഏറെയൊന്നും വ്യത്യാസം ഇപ്പോള്‍ പുറത്തിറക്കിയ മോഡലിന് ഇല്ല. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ആണ് കാറിന്റെ പ്രധാന ആകര്‍ഷണീയതകളിലൊന്ന്. 185 മില്ലിമീറ്റര്‍ ആണ് റെഡിഗോയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്.

 

ഇന്ത്യയില്‍ ഡാറ്റ്‌സണ്‍ പുറത്തിറക്കുന്ന മൂന്നാമത്തെ മോഡല്‍ ആണ് റെഡിഗോ. ക്വിഡില്‍ ഉപയോഗിച്ചിരിക്കുന്ന 54 ബി.എച്ച്.പി 799 സി.സി പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് റെഡിഗോയിലും ഉള്ളത്. അതുകൊണ്ടുതന്നെ എ.ആര്‍.എ.ഐ അംഗീകരിച്ച 25.17 കി. മീ ആണ് രണ്ടു കാറുകളും അവകാശപ്പെടുന്ന മൈലേജ്.
ക്വിഡിനെപ്പോലെ എസ്.യു.വിയുടെ രൂപഭാവങ്ങള്‍ റെഡിഗോയ്ക്ക് ഇല്ലെങ്കിലും രണ്ടുകാറുകളും നിര്‍മിച്ചിരിക്കുന്നത് റെനോ – നിസാന്‍ സഖ്യത്തിന്റെ ഫ്‌ളെക്‌സിബിള്‍ കോമണ്‍ മോഡ്യൂള്‍ ഫാമിലി (സി.എം.എഫ്) എന്ന പ്ലാറ്റ്‌ഫോമില്‍ തന്നെയാണ്.

 

ഗോ യുമായി എത്തിയ ഡാറ്റ്‌സണ് ഇവിടെ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനായില്ലെങ്കിലും ആ കുറവ് റെഡിഗോ നികത്തുമെന്നാണ് പ്രതീക്ഷ. 2017 ഓടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം ഇപ്പോഴുള്ള 217 ല്‍ നിന്നും 300 ആക്കി ഉയര്‍ത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്. കേരളത്തില്‍ റെഡിഗോയുടെ വിലയും ലോഞ്ചിങും ഇനിയും തീരുമാനമായിട്ടില്ലെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.