മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ബാറ്റിങ്ങിലൂടെ ഇന്ത്യന്‍ ഇതിഹാസം കപില്‍ദേവിന്റെ റെക്കോഡ് മറികടന്ന് രവീന്ദ്ര ജഡേജ. രണ്ടാംദിനം ജഡേജ പുറത്താകാതെ 175 റണ്‍സുമായി ഇന്ത്യയെ സേഫ് സോണിലെത്തിച്ചിരുന്നു. ടെസ്റ്റില്‍ ഏഴാമതായോ അതിന് ശേഷമോ ഇറങ്ങുന്ന ഏതൊരു ഇന്ത്യന്‍ താരത്തിന്റെയും ഉയര്‍ന്ന സ്‌കോറാണിത്. 35 വര്‍ഷം മുമ്പ് കപില്‍ദേവ് പേരിലാക്കിയ റെക്കോഡാണ് ഇതിലൂടെ പഴങ്കഥയായിരിക്കുന്നത്. 1986ല്‍ കാണ്‍പൂരില്‍ ഇതേ ടീമിനെതിരേ അദ്ദേഹം നേടിയ 163 റണ്‍സായിരുന്നു ഇതുവരെ ഇളകാതെ കിടന്നിരുന്നത്.
കൂടാതെ, ടെസ്റ്റില്‍ ഏഴാം നമ്പറിലോ അതിന് ശേഷമോ ഇറങ്ങി 150 കടക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയായി ജഡേജ മാറി. നിലവിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും മുമ്പ് ഈ റെക്കോഡ് സ്വന്തമാക്കിയിരുന്നു. 2019ല്‍ സിഡ്‌നിയില്‍ ആസ്‌ത്രേലിയക്കെതിരേ നേടിയ 159 റണ്‍സാണ് താരത്തെ ഈ പട്ടികയിലെത്തിച്ചത്.
17 ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതമാണ് താരം 175 റണ്‍സ് കണ്ടെത്തിയത്. ജഡേജയുടെ സെഞ്ചുറി പ്രകടനത്തോടെ ഇന്ത്യ എട്ട് വിക്കറ്റിന് 574 എന്ന റണ്‍സില്‍ നില്‍ക്കേ ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെന്ന നിലയിലാണ്.
Comments are closed for this post.