ഇംഫാല്‍: മണിപ്പൂരില്‍ കുക്കി സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും കൂട്ടാബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റ് വൈകിയത് മതിയായ തെളിവുകള്‍ ഇല്ലാതിരുന്നതിനാലെന്ന് മണിപ്പൂര്‍ പലിസിന്റെ വിശദീകരണം. മെയ് നാലിന് നടന്ന സംഭവത്തില്‍ ഒരു മാസത്തിലധികം പിന്നിട്ട ശേഷമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് രാജ്യമെങ്ങും ശക്തമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇരകള്‍ തൊട്ടടുത്ത ജില്ലയിലെ സ്റ്റേഷനില്‍ പരാതി നല്‍കിയതിനാല്‍ അവിടെ നിന്ന് എഫ്.ഐ.ആര്‍ പ്രദേശത്തെ പൊലിസ് സ്റ്റേഷനിലേക്ക് മാറ്റാന്‍ സമയമെടുത്തെന്നും ഇവര്‍ വിശദീകരിക്കുന്നു.
അതേസമയം, അക്രമം നടന്ന മെയ് നാലിന് ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ എത്തിയ ഒരു സംഘം ആളുകള്‍ നോങ്‌പോക്ക് സെക്മായി പൊലിസ് സ്‌റ്റേഷന്‍ ആക്രമിക്കുകയായിരുന്നുവെന്നും പൊലിസുകാരെല്ലാം സ്റ്റേഷന്‍ സംരക്ഷിക്കുന്ന തിരക്കിലായിരുന്നുവെന്നുമാണ് തൗബല്‍ പൊലീസ് സൂപ്രണ്ട് സച്ചിദാനന്ദ പറയുന്നത്.
കുക്കി യുവതികള്‍ക്കെതിരായ അതിക്രമം: മുഖ്യപ്രതിയുടെ വീടിന് തീയിട്ടതായി റിപ്പോര്‍ട്ട്…
മെയ്‌തെയ് വിഭാഗക്കാര്‍ തങ്ങളുടെ ഗ്രാമം ആക്രമിക്കുന്ന സമയത്ത് പൊലിസുണ്ടായിരുന്നു എന്ന് ഒരു അതിജീവിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആക്രമിസംഘത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച തങ്ങളെ പൊലിസ് വാഹനത്തില്‍ കയറ്റി കുറച്ചുദൂരം കൊണ്ടുപോകുകയും ശേഷം ആള്‍ക്കൂട്ടത്തിനടുത്ത് ഉപേക്ഷിക്കുകയുമായിരുന്നു എന്നും സ്ത്രീകള്‍ പറഞ്ഞിരുന്നു.
ഗ്രാമത്തലവനായ തങ്‌ബോയ് വൈഫെയ് നല്‍കിയ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മേയ് 3 ന് ചുരാചന്ദ്പൂരില്‍ ആദ്യത്തെ അക്രമ സംഭവങ്ങള്‍ നടന്നപ്പോള്‍ ലോക്കല്‍ പൊലിസ് സ്റ്റേഷനില്‍ അറിയിക്കുകയും ഉദ്യോഗസ്ഥര്‍ വരികയും ചെയ്തു. എന്നാല്‍ മെയ് 4 ന് വിളിച്ചപ്പോള്‍ പൊലിസ് സ്റ്റേഷന്‍ രക്ഷിക്കേണ്ടതിനാല്‍ വരാന്‍ കഴിയില്ലെന്നായിരുന്നു പൊലിസിന്റെ മറുപടിയെന്നും വൈഫെയ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
മെയ്‌തെയ് വിഭാഗത്തിലെ സ്ത്രീകളെ കുക്കി വിഭാഗക്കാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി എന്ന വ്യാജവാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് കുക്കി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം നടക്കുന്നത്.
Comments are closed for this post.