2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ചക്ക് തയാറായി ഒടുവില്‍ സര്‍ക്കാര്‍: കത്തുമായി സമരപ്പന്തലില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍

  • സ്വാഗതം ചെയ്ത് ഉദ്യോഗാര്‍ഥികള്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടരുന്ന ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ചക്ക് തയാറായി ഒടുവില്‍ സര്‍ക്കാര്‍. സര്‍ക്കാരിന്റെ കത്തുമായി സമരപ്പന്തലില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെത്തി.
ചര്‍ച്ചക്ക് തയാറാകാന്‍ സി.പി.ഒ ഉദ്യോഗാര്‍ഥികളോട് ഉദ്യോസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ഇതിനെ സ്വാഗതം ചെയ്തിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍. സര്‍ക്കാരിന്റെ കത്ത് കിട്ടിയതായി സമരക്കാരും അറിയിച്ചു.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതിനു പിന്നാലെ ഗവര്‍ണറും പ്രശ്നത്തിലിടപെട്ടിരുന്നു. സമരക്കാര്‍ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനൊപ്പം ഗവര്‍ണറെ കാണുകയും ചെയ്തിരുന്നു. അവരില്‍ നിന്നു പ്രശ്നങ്ങള്‍ കേട്ട ഗവര്‍ണര്‍ പ്രശ്നത്തില്‍ ഇടപെടാമെന്ന് വാക്കു നല്‍കിയിരുന്നു.

ഇതിനുശേഷമാണ് ഗവര്‍ണര്‍ കൂടുതല്‍ വിശദാംശങ്ങള്‍ തേടിയത്.
സമരത്തെ കണ്ടില്ലെന്നു നടിക്കാന്‍ ഇനിയും സര്‍ക്കാരിനാവില്ല എന്നഘട്ടമെത്തിയതോടെയാണ് സര്‍ക്കാര്‍ ഒടുവില്‍ കീഴടങ്ങുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിളംബരം ചെയ്യനായി സി.പി.എം ആക്ടിംഗ് സെക്രട്ടറി നയിക്കുന്ന ജാഥയില്‍ അദ്ദേഹം ഉയര്‍ത്തിയ പ്രസ്താവനകളെ തിരുത്തി പറയാന്‍ മറ്റൊരു യാത്ര നടത്തേണ്ട ഗതികേടിലായിരിക്കുകയാണ് പാര്‍ട്ടി. ഇന്നും വിജയരാഘവന്‍ സമരക്കാരെ തള്ളിയാണ് സംസാരിച്ചത്.
സെക്രട്ടേറിയേറ്റിന് മുന്നിലെ പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം അസാധ്യമായ കാര്യങ്ങള്‍ക്കുവേണ്ടിയാണെന്നു വിജയരാഘവന്‍ പറഞ്ഞു. കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് ആളുകളെ നിയമിക്കണം എന്ന് പറയുന്ന സമരമാണിത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായാണ് സമരം. പ്രതിഷേധിക്കാനുള്ള അവകാശത്തെ സ്വാഗതം ചെയ്യുന്നു. സമരം തുടങ്ങിയവര്‍ തന്നെ സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഇന്ന് ആവശ്യപ്പെട്ടു.

സര്‍ക്കാരിനെ തിരുത്തി സി.പി.എം എന്ന വാര്‍ത്തക്കെതിരെയും വിജയരാഘവന്‍ രംഗത്തെത്തി. വാര്‍ത്ത കൊടുത്തവരല്ലേ അതിന്റെ ഉത്തരവാദികളെന്ന് അദ്ദേഹം ചോദിച്ചു.
ഇതിനുശേഷമാണ് ഉദ്യോഗാര്‍ഥികള്‍ക്കുമുമ്പില്‍ സ്‌പെഷല്‍ ബ്രാഞ്ച് കത്തുമായി എത്തിയിരിക്കുന്നതെന്നാണ് ശ്രദ്ധേയമായ കാര്യം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.