ഭൂമി പൂര്‍ണ്ണമായുo വിട്ട് നല്‍കുന്ന വിവിധ തീരുമാനം എടുത്തത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം
രേഖകള്‍ പുറത്ത് വിട്ടു രമേശ് ചെന്നിത്തല
തിരുവനന്തപുരം: വഴിയോരവിശ്രമകേന്ദ്രങ്ങള്‍ തുടങ്ങാനെന്ന പേരില്‍ സര്‍ക്കാര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്വകാര്യവ്യക്തികള്‍ക്ക് നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതിക്കാണ് കോപ്പ് കൂട്ടുന്നതെന്ന് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച നിര്‍ണായകയോഗങ്ങള്‍ വിളിച്ചിരിക്കുന്നത് മുഖ്യമന്ത്രി നേരിട്ട് തന്നെയാണ്. സര്‍ക്കാര്‍ഭൂമി ഇത്തരത്തില്‍ സ്വകാര്യസംരംഭങ്ങള്‍ക്ക് നല്‍കരുതെന്നുള്ള സിപിഎമ്മിന്റെയും വി എസ്സ് അച്ചുതാനന്ദന്റെയും മുന്‍ നിലപാട് മറികടന്നുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ച് നല്‍കി കോടികള്‍ പോക്കറ്റിലാക്കാമെന്നുള്ള ദുഷ്ടലാക്കാണ്.
ഭൂമി അന്യാധീനപ്പെടുത്താന്‍ പാടില്ലെന്ന സര്‍ക്കാരിന്റെ വ്യവസ്ഥ മറികടന്ന്, സംരംഭം ഏറ്റെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഭൂമി വിദേശബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പണയപ്പെടുത്തി പണമെടുക്കാമെന്ന പാകത്തിന് വിചിത്ര രീതിയിലാണിപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇതിന് പിന്നില്‍ വന്‍അഴിമതിയുണ്ടെന്ന് വ്യക്തമാണെന്ന് ചെന്നിത്തല കൂട്ടിചേര്‍ത്തു.
നോര്‍ക്കാ റൂട്‌സിന്റെ കീഴില്‍ കമ്പനി രൂപീകരിച്ചാണ് സര്‍ക്കാര്‍ ഭൂമി വിറ്റു തുലയ്ക്കാനുള്ള വിചിത്ര ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി പുതിയ കമ്പനിയുടെ എം.ഡി.യുടെ നേതൃത്വത്തില്‍ വിദേശ സന്ദര്‍ശനം നടത്തിയത് എന്തിനെന്ന് അന്വേഷിക്കണം.
സ്മാര്‍ട്ട് സിറ്റി വിവാദങ്ങളില്‍പ്പെട്ട് പുറത്തായ വ്യക്തി എങ്ങനെ ഈ കമ്പനിയുടെ എം ഡി ആയി എന്നതും പുറത്ത് വരേണ്ടിയിരിക്കുന്നു.
നേരത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തിയുള്ള ഉത്തരവാണ് ഇറങ്ങിയത്. പിന്നീട് അത് തിരുത്തി സംരംഭകര്‍ക്ക് കോടിക്കണക്കിനു വില വരുന്ന ഭൂമി പണയപ്പെടുത്താനുള്ള വിചിത്ര ഉത്തരവ് ഇറക്കിയത് റവന്യൂ നിയമവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ്. ഭൂമി കച്ചവടം നടത്താനുള്ള സര്‍ക്കാരിന്റെ ഉത്തരവിന് പിന്നില്‍ അഴിമതിയല്ലാതെ പിന്നെന്താണെന്നും ചെന്നിത്തല ചോദിച്ചു.
താന്‍ പ്രതിപക്ഷ നേതാവായിരിക്കെ ഇത്തരത്തില്‍ ഭൂമി കച്ചവടം നടക്കാന്‍ പോകുന്നുവെന്ന കാര്യം താന്‍ പറഞ്ഞപ്പോള്‍ അന്ന് പിന്നാക്കം പോയ സര്‍ക്കാര്‍ അതീവ രഹസ്യമായിട്ടാണ് ഇപ്പോള്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
സംസ്ഥാനത്തൊട്ടാകെയായി നിലവില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖലാസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്ന 30 ഇടങ്ങളിലായി 150 ഏക്കറോളം കണ്ണായ ഭൂമി ദേശീയ സംസ്ഥാനപാതയോടു ചേര്‍ന്നുള്ളവയാണ്. നിലവിലുള്ള കെട്ടിടങ്ങള്‍ ഇടിച്ചു കളഞ്ഞാണ് പദ്ധതിക്കായി നല്‍കാന്‍ ഒരുങ്ങുന്നത്, സര്‍ക്കാര്‍ പങ്കാളിത്തമുള്ളസ്വകാര്യ കമ്പനിയാണ് എന്നാണ് അവകാശമെങ്കിലും ,ഈ കമ്പനികളോ വ്യക്തികളോ ഭൂമി ബാങ്കുകളില്‍ പണയം വെച്ച് വായ്പ എടുക്കുമെന്നുറപ്പാണ്. ഈ വായ്പ തിരിച്ചടവ് ഏതെങ്കിലും കാലഘട്ടത്തില്‍ മുടങ്ങിയാല്‍ ബാങ്ക് ഭൂമിയും ജപ്തി ചെയ്യും. അങ്ങനെ സര്‍ക്കാര്‍ ഭൂമി ബാങ്ക് ജപ്തി ചെയ്യുന്ന അവസ്ഥയിലേക്കാണ് പോകുക.
എം. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കാലത്താണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത സ്വപ്ന സുരേഷിനെ ഈ കമ്പനിയില്‍ നിയമിക്കാന്‍ ശിവശങ്കര്‍ തയ്യാറെടുത്തിരുന്നു എന്നതും ദുരുഹത വര്‍ദ്ധിപ്പിക്കുന്നുവെന്ന് ചെന്നിത്തല കൂട്ടിചേര്‍ത്തു.
Comments are closed for this post.