കോട്ടയം: പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് അധികം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കെപിസിസിയുടെ ഔദ്യോഗിക അനുശോചനം ജൂലായ് 24നാണ്. അതുകഴിഞ്ഞ് മാത്രമേ തിരഞ്ഞെടുപ്പ് കാര്യങ്ങളെക്കുറിച്ച് ആലോചിക്കൂ എന്നും ചെന്നിത്തല പറഞ്ഞു.
”ഇപ്പോഴും ആളുകള്‍ അനന്തമായി വന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ പ്രവഹിക്കുകയാണ്. സാധാരണ ഗതിയില്‍ സംസ്‌കാരം കഴിഞ്ഞാല്‍ ആളുകള്‍ വരാത്തതാണ്. പക്ഷേ, ഇവിടെ ആളുകള്‍ വരികയും മെഴുകുതിരി കത്തിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ആളുകളുടെ അസാധാരണമായ സ്‌നേഹ പ്രകടനമാണ് നാം കാണുന്നത്. ഇവിടെ വന്ന് ചിലരോട് ചോദിച്ചപ്പോള്‍ കോഴിക്കോട്, വയനാട്, പാലക്കാട് ഭാഗങ്ങളില്‍ നിന്നൊക്കെയാണ് അവര്‍ വരുന്നത്.’
”ഒരാളോടുള്ള സ്‌നേഹത്തിന്റെ ആഴമാണ് ഇതിലൂടെ നാം കാണുന്നത്. അത് ഒരുപക്ഷേ, കേരളത്തില്‍ ഉമ്മന്‍ ചാണ്ടിക്കല്ലാതെ മറ്റാര്‍ക്കു ലഭിച്ചിട്ടില്ല എന്നതാണ് സത്യം. അദ്ദേഹം നല്‍കിയ സ്‌നേഹം ആളുകള്‍ പതിന്‍മടങ്ങായ തിരിച്ചു നല്‍കുന്ന വികാരപരമായ രംഗങ്ങളാണ് ഇവിടെ നാം കാണുന്നത്. തീര്‍ച്ചയായും അത് എന്നും കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ നിലനില്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല.’
”ഇവിടെ വരാന്‍ പറ്റാത്തതില്‍ വിഷമിക്കുന്ന ഒട്ടേറെപ്പേരുണ്ട്. ഇന്നുതന്നെ അമേരിക്കയില്‍നിന്ന് നാലു പേര്‍ വിളിച്ചു. വരാന്‍ പറ്റിയില്ല, ചാണ്ടി ഉമ്മനോട് പറയണം എന്നൊക്കെ പറഞ്ഞു. ചാണ്ടി ഉമ്മന്റെ നമ്പര്‍ കൈവശമില്ലാത്തതുകൊണ്ട് എന്നോടു പറയുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ വിളിക്കുന്നുണ്ട്. തീര്‍ച്ചയായും ഇതെല്ലാം ഒരു നല്ല ജനനേതാവിന് കിട്ടുന്ന അംഗീകാരമാണ്.’
”ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയേക്കാള്‍ പതിന്‍മടങ്ങ് കരുത്തനാണ് നമ്മെ വിട്ടുപിരിഞ്ഞ ഉമ്മന്‍ ചാണ്ടി. ആ ഓര്‍മകള്‍ പാര്‍ട്ടിയെയും സമൂഹത്തെയും ജനാധിപത്യ ചേരിയെയും യുഡിഎഫിനെയുമെല്ലാം ശക്തിപ്പെടുത്തുമെന്ന ഉറപ്പ് എനിക്കുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മകള്‍ തന്നെ പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഐക്യ ജനാധിപത്യ മുന്നണിക്കും കരുത്താണ്.- ചെന്നിത്തല പറഞ്ഞു.
ramesh-chennithala-s-reaction-on-puthuppally-by-election
Comments are closed for this post.