
തിരുവനന്തപുരം: ഇ.എം.സി.സിയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കരാര്‍ വിവാദത്തില്‍ ധാരണാപത്രം ഒഴിവാക്കിയെന്ന വാദം അംഗീകരിക്കാനാകുന്നില്ലെന്നും വിവാദ കമ്പനിയുമായി കരാര്‍ നിലനില്‍ക്കുന്നുണ്ടെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു.
ധാരണാപത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് റദ്ദാക്കിയത്. 5000 കോടിയുടെ ധാരണാപത്രം നിലനില്ക്കുന്നു. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഓരോ ദിവസവും കള്ളങ്ങള്‍ മാറ്റി പറയുകയാണ്.
അസന്റില്‍ വെച്ച് ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്. അത് റദ്ദാക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ഒന്നും പറഞ്ഞിട്ടില്ല. ഇഎംസിസിക്ക് പള്ളിപ്പുറത്ത് നല്കിയ നാല് ഏക്കര്‍ സ്ഥലം തിരികെ വാങ്ങാനും നടപടി ആയിട്ടില്ല. മത്സ്യനയത്തില്‍ തിരുത്തലുകള്‍ വരുത്തിയതില്‍ ഒരു നടപടിയും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പദ്ധതി ഏതു സമയവും തിരികെ വരാം എന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
2018 മുതല്‍ ഗൂഢാലോചന നടന്നു. ഇഎംസിസിയുമായി ചര്‍ച്ച നടത്തിയത് മുഖ്യമന്ത്രി മറച്ചുവയ്ക്കുന്നു. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കള്ളം പറയുകയാണ്. മറ്റു ചില വന്‍ കുത്തകകള്‍ക്കും ഇതില്‍ പങ്കുണ്ട്. ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികളുടെ പങ്കും തള്ളികളയാനാകില്ല. കരാര്‍ സംബന്ധിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി അന്വേഷിച്ചതുകൊണ്ട് പ്രയോജനമില്ലെന്നും ചെന്നിത്തല പറഞ്ഞു.