2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘വൈകാതെ വാക്‌സിന്‍ സ്വീകരിക്കും, ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതന്മാര്‍’;മലക്കം മറിഞ്ഞ് ബാബ രാംദേവ്

ന്യൂഡല്‍ഹി: യോഗയും ആയുര്‍വേദത്തിന്റെ ഇരട്ട സംരക്ഷണവും ഉള്ളതിനാല്‍ കൊവിഡ് വാകിസിന്‍ വേണ്ടെന്ന നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് യോഗാ ഗുരു ബാബാ രാംദേവ്. ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കുമെന്നു പറഞ്ഞ രാംദേവ് ഡോക്ടര്‍മാരെ ദൈവത്തിന്റെ ദൂതന്മാരാണെന്നും വിശേഷിപ്പിച്ചു.

ജൂണ്‍ 21 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത രാംദേവ് ഇതിനെ ”ചരിത്രപരമായ” നടപടിയായി വിശേഷിപ്പിക്കുകയും സ്വയം പ്രതിരോധ കുത്തിവയ്പ്പ് നടത്തണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കൊവിഡിനെ പ്രതിരോധിക്കാനുള്ള അലാപതി ചികിത്സയ്ക്കും മരുന്നുകള്‍ക്കുമെതിരെ എതിര്‍പ്പുന്നയിച്ച് നേരത്തെ രാംദേവ് രംഗത്തുവന്നിരുന്നു. ഇത് ആരോഗ്യരംഗത്ത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

വാക്സിനുകളുടെ രണ്ട് ഡോസുകളും യോഗയുടെയും ആയുര്‍വേദത്തിന്റെയും ഇരട്ട സംരക്ഷണവും നേടുക. കൊവിഡില്‍ നിന്ന് ഒരാള്‍ പോലും മരിക്കാത്തവിധം ശക്തമായ ഒരു സംരക്ഷണ കവചം നിങ്ങള്‍ക്ക് നല്‍കുന്നതിന് അവ സഹായിക്കും- ഹരിദ്വാറില്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

തനിക്ക് ഒരു സംഘടനയുമായും ശത്രുത പുലര്‍ത്താന്‍ കഴിയില്ല. മരുന്നുകളുടെ പേരില്‍ ആളുകളെ ചൂഷണം ചെയ്യുന്നതിനെതിരായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായുള്ള തര്‍ക്കത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ജനറിക് മരുന്നുകളുടെ സ്ഥാനത്ത് വിലകൂടിയ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍മാരുടേയും പ്രവണത കാരണമാണ് പ്രധാന്‍ മന്ത്രി ജന്‍ ഔഷാദി കേന്ദ്രങ്ങള്‍ തുറക്കേണ്ടിവന്നതെന്നും രാംദേവ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.