2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സി.പി.ഐയെ വെട്ടിലാക്കി സംസ്ഥാന നേതാവിന്റെ സംഘ്പരിവാര്‍ അനുകൂല നിലപാട്

ഇ.പി മുഹമ്മദ്‌

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച് രംഗത്തുവന്ന പോഷക സംഘടനയുടെ സംസ്ഥാന നേതാവിന്റെ നടപടി സി.പി.ഐയെ വെട്ടിലാക്കി. സി.പി.ഐയുടെ കീഴിലുള്ള സംസ്‌കാരിക സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറി എ.പി അഹമ്മദാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ സംഘ്പരിവാര്‍ അനുകൂല നിലപാടെടുത്തത്. ഒടുവില്‍ അയോധ്യയില്‍ ഒരു പുതിയ പ്രഭാതം വിടരുന്നുവെന്നാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്.

സാഹോദര്യത്തിന്റെ സൂര്യവംശം ഒരിക്കല്‍കൂടി അവതരിക്കുന്നുവെന്നും ഈ സമാധാനക്രിയയില്‍ പ്രാര്‍ഥനയര്‍പ്പിക്കുക തന്നെയാണ് ഇന്ത്യന്‍ മുസല്‍മാന്റെ ബാധ്യതയെന്നുമുള്ള കുറിപ്പാണ് വിവാദമായത്. സി.പി.ഐയുടെ എക്കാലത്തെയും നിലപാടിന് വിരുദ്ധമാണ് എ.പി അഹമ്മദിന്റെ ഫേസ്ബുക്ക് കുറിപ്പെന്നും പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പരാമര്‍ശം നടത്തിയ അഹമ്മദിനെതിരേ നടപടി വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച സി.പി.ഐയെ വെട്ടിലാക്കിയിരിക്കുകയാണ് പ്രഭാഷകനും പാര്‍ട്ടിയുടെ സാംസ്‌കാരിക മുഖവുമായ അഹമ്മദിന്റെ കുറിപ്പ്. രാമക്ഷേത്രത്തിനായുള്ള തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനെതിരേയും സി.പി.ഐ രംഗത്തുവന്നിരുന്നു.

അയോധ്യ വിഷയത്തില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരായ പാര്‍ട്ടിയുടെ പ്രചാരണത്തിന്റെ മുനയൊടിക്കുന്ന നടപടിയാണ് അഹമ്മദിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് സി.പി.ഐയിലെ വിലയിരുത്തല്‍. ഈ കുറിപ്പ് ആയുധമാക്കി സംഘ്പരിവാര്‍ അനുകൂലികള്‍ പ്രചാരണം നടത്തുന്നതും സി.പി.ഐക്ക് തിരിച്ചടിയായിട്ടുണ്ട്.

നിരന്തരം സംഘ്പരിവാറിനെ പ്രീതിപ്പെടുത്തുന്ന എ.പി അഹമ്മദിന്റെ നിലപാടുകള്‍ നേരത്തെയും സി.പി.ഐയെ പ്രതിസന്ധിയിലാക്കിയിരുന്നു. വാരിയന്‍കുന്നന്‍ സിനിമയുമായി ബന്ധപ്പെട്ട് മലബാര്‍ കലാപം വീണ്ടും ചര്‍ച്ചയായപ്പോള്‍ അഹമ്മദ് നടത്തിയ പ്രഭാഷണവും വിമര്‍ശിക്കപ്പെട്ടിരുന്നു. മലബാര്‍ കലാപം വര്‍ഗീയ ലഹളയായിരുന്നുവെന്നും എം. സ്വരാജ് എം.എല്‍.എ നിയമസഭയില്‍ ചരിത്രം വളച്ചൊടിച്ചാണ് പ്രസംഗിച്ചതെന്നുമായിരുന്നു അഹമ്മദിന്റെ പ്രഭാഷണം. കമല സുരയ്യയുടെ മതംമാറ്റം അന്താരാഷ്ട്രാ ഗൂഢാലോചനയുടെ ഭാഗമായാണെന്ന പ്രസ്താവനയും സംഘ്പരിവാര്‍ ആഘോഷിച്ചിരുന്നു.

ഈ ഘട്ടത്തിലൊന്നും നടപടിയെടുക്കാന്‍ സി.പി.ഐ തയാറായിരുന്നില്ല. പ്രധാന പോഷക സംഘടനയുടെ തലപ്പത്തിരുന്ന് പാര്‍ട്ടി നിലപാടിനെ വെല്ലുവിളിക്കുന്ന അഹമ്മദിനെതിരേ ഇനിയും നടപടിയെടുത്തില്ലെങ്കില്‍ ദോഷം ചെയ്യുമെന്ന് സി.പി.ഐയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.