2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

വിശുദ്ധ റമദാന് തുടക്കം: ഇനി ആത്മവിശുദ്ധിയുടെ നാളുകള്‍

ഇ.പി മുഹമ്മദ്

കോഴിക്കോട്: വിശുദ്ധ റമദാനിന്റെ വരവറിയിച്ച് പടിഞ്ഞാറന്‍ മാനത്ത് പൊന്നമ്പിളിക്കല തെളിഞ്ഞു. ഇനി ആത്മ വിശുദ്ധിയുടെ ദിനരാത്രങ്ങള്‍. കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, മംഗളുരു ഖാസി ത്വാഖ അഹ്മദ് അസ്ഹരി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജന. സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി എന്നിവര്‍ അറിയിച്ചു.

അസാധാരണ സ്ഥിതിവിശേഷത്തിലാണ് മുസ്‌ലിം ലോകം റമദാനെ വരവേല്‍ക്കുന്നത്. ലോകമാകെ മഹാമാരിയുടെ ഭീതിയില്‍ കഴിയുമ്പോള്‍ സ്രഷ്ടാവിലേക്ക് സ്വയം സമര്‍പ്പിക്കുകയാണ് വിശുദ്ധ മാസത്തില്‍ വിശ്വാസികള്‍. കൊവിഡിന്റെ സാഹചര്യത്തില്‍ ആരാധനകള്‍ നിര്‍വഹിക്കുന്നതിന് പള്ളികളും മറ്റും ഉപയോഗിക്കുന്നത് കടുത്ത നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തില്‍ വീടുകള്‍ക്കുള്ളില്‍ കര്‍മങ്ങളുടെ പ്രതിഫലം പരമാവധി ലഭിക്കുന്ന രൂപത്തിലുള്ള ക്രമീകരണങ്ങള്‍ വരുത്താന്‍ പണ്ഡിതര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കടുത്ത പ്രതിസന്ധി ഘട്ടത്തിലും വിശുദ്ധി ഏറ്റുവാങ്ങാനായി ഹൃദയങ്ങളെ പാകപ്പെടുത്തി കാത്തിരിക്കുകയായിരുന്നു വിശ്വാസികള്‍.

മാസപ്പിറവി ദൃശ്യമായ വാര്‍ത്ത അറിഞ്ഞതോടെ വിശ്വാസികളുടെ മനസ്സില്‍ ആഹ്ലാദം അലതല്ലി. പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന, പുണ്യ പ്രവൃത്തിക്ക് പതിന്‍മടങ്ങ് പ്രതിഫലമുള്ള പവിത്രമാസം. മാനവരാശിക്ക് മാര്‍ഗദര്‍ശനമായി വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ അനുഗ്രഹീത മാസത്തെ അളവറ്റ ആത്മഹര്‍ഷത്തോടെ നെഞ്ചേറ്റാന്‍ മുസ്‌ലിം ലോകം നേരത്തെതന്നെ ഒരുങ്ങിക്കഴിഞ്ഞിരുന്നു. മനസ്സും ശരീരവും സ്ഫുടം ചെയ്ത് അല്ലാഹുവിന്റെ പ്രീതി നേടുന്നതിനുള്ള പരിശ്രമത്തിലായിരിക്കും ഇനിയുള്ള നാളുകള്‍. ഗള്‍ഫ് നാടുകളിലും നാളെയാണ് വ്രതാരംഭം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.