2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അണിയുക, ആത്മീയതയുടെ അഴക്

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

ആത്മീയ പ്രതീക്ഷയോടെ വിശുദ്ധ റമദാനെ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുകയാണ് മുസ്‌ലിം ലോകം. ആരാധനകളിലൂടെ ദിനരാത്രങ്ങള്‍ ധന്യമാക്കുന്ന പുണ്യ റമദാന്‍ മാസത്തെ ആത്മഹര്‍ഷത്തോടെയും ചൈതന്യത്തോടെയും അനുഭവിക്കാന്‍ ഓരോ വിശ്വാസികള്‍ക്കും സാധ്യമാകുമ്പോഴാണ് ഈ പവിത്രമാസത്തോട് നീതി പുലര്‍ത്തുന്നവരാവുകയുള്ളൂ. ഓരോ വര്‍ഷത്തിലും നമ്മിലേക്ക് വിരുന്നെത്തുന്ന വിശിഷ്ട അതിഥിയാണ് റമദാന്‍. പ്രധാന അതിഥികള്‍ വളരെ മുന്നൊരുക്കത്തോടെയും ആസൂത്രണത്തോടെയുമാണല്ലോ സ്വീകരിക്കപ്പെടുക. ഏറെ പ്രതീക്ഷയോടെയും പ്രാര്‍ഥനയോടെയുമാണ് വിശ്വാസികള്‍ വിശുദ്ധ റമദാനിനെ ക്ഷണിച്ചുവരുത്തുന്നത്. നീണ്ട രണ്ടുമാസത്തെ മനമുരുകിയ പ്രാര്‍ഥനയോടെയും വീടും മനസും ശരീരവും ഇബാദത്തുകളിലേക്ക് സജ്ജമാക്കിയുമാണ് ഈ മാസത്തെ മഹത്വം ആസ്വദിക്കേണ്ടത്.


വിശുദ്ധ ഖുര്‍ആനിന്റെ അവതരണം കൊണ്ടും മറ്റനേകം അനുഗ്രഹങ്ങള്‍ കൊണ്ടും സവിശേഷമായ മാസമാണിത്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ജനങ്ങള്‍ക്കു മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി
കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആര് ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്.’ (2:185)

   

 

 

പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെ ഭക്ഷണവും പാനീയവും ലൈംഗികബന്ധവും
ഉപേക്ഷിക്കുക എന്നതാണ് നോമ്പിന്റെ ബാഹ്യമായ രൂപമെങ്കിലും ആത്മസംസ്‌കരണം സാധിച്ചെടുക്കലാണ് അതിന്റെ ആത്യന്തിക താല്‍പര്യം. നോമ്പ് നിര്‍ബന്ധ കര്‍മമായി നിശ്ചയിക്കപ്പെട്ടത് ആത്മീയ പുരോഗതികള്‍ സ്വായത്തമാക്കാന്‍ വേണ്ടിയാണ്. ഖുര്‍ആന്‍ പറയുന്നു: ‘ഹേ സത്യവിശ്വാസികളേ, പൂര്‍വിക സമൂഹങ്ങള്‍ക്കെന്നപോലെ നിങ്ങള്‍ക്കും നിശ്ചിത ദിനങ്ങളില്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍.’ (02:183). ഈ ആയത്തിലെ ‘ഭക്തിയുള്ളവരാകാന്‍’ എന്ന പരാമര്‍ശം പ്രത്യേകം ശ്രദ്ധേയമാണ്.


വ്രതാനുഷ്ഠാനം കൊണ്ട് നമുക്കു നേടിയെടുക്കാന്‍ കഴിയേണ്ടത് ഭക്തിയും ആത്മീയ സംസ്‌കരണവുമാണ്. ഏതൊരു ആരാധനാകര്‍മത്തിന്റെയും ആത്യന്തികലക്ഷ്യം മരണാനന്തര ജീവിതം വിജയപ്രദമാവുകയും സ്വര്‍ഗപ്രവേശം ലഭിക്കുകയും ചെയ്യുക എന്നതാണ്. നോമ്പിന്റെ കാര്യത്തിലും അങ്ങനെത്തന്നെ.
നബി (സ) പറയുന്നു: ‘സ്വര്‍ഗത്തിന് റയ്യാന്‍ എന്ന ഒരു കവാടമുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പ്പു നാളില്‍ നോമ്പുകാരല്ലാതെ ആരും ആ കവാടത്തിലൂടെ പ്രവേശിക്കില്ല. നോമ്പുകാര്‍ എവിടെ എന്ന ചോദ്യമുണ്ടാകും. അപ്പോള്‍ അവര്‍ എഴുന്നേറ്റുവരും. മറ്റാരും അതുവഴി പ്രവേശിക്കില്ല. നോമ്പുകാര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ വാതില്‍ അടയ്ക്കപ്പെടും’. (ബുഖാരി) സ്വര്‍ഗപ്രവേശനത്തിനു തടസമായി നില്‍ക്കുന്നത് മനുഷ്യരുടെ തിന്മകളും പാപപങ്കിലമായ ജീവിതവുമാണല്ലോ. ആത്മാര്‍ഥമായി വ്രതമെടുക്കുന്നതിലൂടെ ഈ തടസം നീങ്ങുന്നതാണെന്ന് പ്രവാചകന്‍ പകര്‍ന്നുതരുന്നു. റമദാന്‍ മാസത്തില്‍ ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വ്രതമെടുത്താല്‍ അയാളുടെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് പ്രവാചകന്‍ (സ) പറഞ്ഞതായി ഹദീസുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

 

 

അല്ലാഹു പറയുന്നു: നോമ്പ് എനിക്കുള്ളതാണ്, ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നത് (ബുഖാരി, മുസ്‌ലിം). പാപമോചനങ്ങളുടെ പ്രതീക്ഷകള്‍ വിശ്വാസികള്‍ക്ക് ആശ്വാസം പകരുന്ന മാസമാണിത്. നബി (സ)യോട് ആഇശാ ബീവി (റ) ആരാഞ്ഞു: ഈ മാസത്തെ റമദാന്‍ എന്നു വിളിക്കാന്‍ എന്താണു കാരണം? നബി (സ)യുടെ മറുപടി: റമദാനില്‍ അല്ലാഹു സത്യവിശ്വാസികള്‍ക്കു പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും കരിച്ചുകളയുകയും ചെയ്യുന്നു, അതുതന്നെ. റമദാനില്‍ ഏറെ താല്‍പര്യപൂര്‍വം വര്‍ധിപ്പിക്കേണ്ട സല്‍കര്‍മമാണ് ഇഅ്തികാഫ്. ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു: നബി(സ) റമദാന്‍ അവസാന പത്തില്‍ ഇഅ്തികാഫ് പതിവാക്കിയിരുന്നു. അതിന്റെ പ്രതിഫലം മറ്റൊരു ഹദീസില്‍ പറയുന്നതിങ്ങനെ: റമദാനിലെ പത്തു ദിവസം ഇഅ്തികാഫിരുന്നവര്‍ക്ക് രണ്ടു ഹജ്ജും രണ്ടു ഉംറയും ചെയ്ത പ്രതിഫലം കിട്ടും (ബൈഹഖി).
വിശുദ്ധ ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളില്‍പെട്ട ഏറെ പ്രാധാന്യമുള്ള ആരാധനാക്രമമാണ് നിര്‍ബന്ധ വ്രതാനുഷ്ഠാനം. നോമ്പെടുക്കുക എന്നത് മനുഷ്യന്റെ കേവലം ഭൗതികമായ പരിമിതികളെ മറികടന്ന് ആത്മീയമായ ഉന്നതിയിലേക്ക് പ്രവേശിക്കാന്‍ അവനേറെ സഹായം നല്‍കുന്ന ആരാധനാ കര്‍മമാണ്. മനുഷ്യന്റെ ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള യാത്രയെ തടസപ്പെടുത്തുന്ന പ്രധാന പരിമിതികള്‍ ദേഹേച്ഛയും പൈശാചിക ഇടപെടലുകളുമാണ്. വിശുദ്ധ ഖുര്‍ആന്‍ തന്നെ മനുഷ്യന്റെ പ്രധാന ശത്രുക്കളായി ഇവയെ പരിചയപ്പെടുത്തിയിട്ടുണ്ട്.


വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘നിശ്ചയം, പിശാച് നിങ്ങളുടെ ശത്രുവാണ്; അതിനാല്‍ ശത്രുവായി തന്നെ അവനെ കാണുക.’ (ഫാഥ്വിര്‍: 06). മനുഷ്യന്റെ ജീവിത ലക്ഷ്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനും ആത്യന്തികമായ വിജയത്തില്‍നിന്ന് അവനെ അകറ്റാനും പരിശ്രമിക്കുന്ന മനുഷ്യന്റെ ശത്രുവാണ് പിശാച്. പിശാചിന്റെ ദുര്‍ബോധനങ്ങള്‍ക്കു വഴിപ്പെടുന്നതു കൊണ്ടാണ് മനുഷ്യന്‍ അക്രമകാരിയും അധാര്‍മികതയെ പിന്തുടരുന്നവനുമായി മാറുന്നത്. ഇതുപോലെ തന്നെയാണ് മനുഷ്യന്റെ ദേഹേച്ഛകളും. ഇച്ഛകളെ നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്കു സ്വര്‍ഗമാണ് അല്ലാഹു വാഗ്ദാനം നല്‍കിയിട്ടുള്ളത്. ഖുര്‍ആന്‍ പറയുന്നു: ‘നാഥന്റെ പദവി ഭയപ്പെടുകയും മനസിനെ സ്വേച്ഛകളില്‍നിന്ന് ഉപരോധിച്ചു നിര്‍ത്തുകയും ചെയ്തതാരോ, അവന്റെ അഭയകേന്ദ്രം സ്വര്‍ഗമാണ്’ (നാസിആത്: 40..41). ദേഹേച്ഛകളെയും പിശാചിനെയും നിയന്ത്രിക്കാന്‍ സാധ്യമാവല്‍ മനുഷ്യജീവിതത്തിന്റെ വിജയത്തില്‍ പ്രധാന ഘടകങ്ങളാണ്. അതിനായി സ്വന്തം ശരീരത്തെ പാകപ്പെടുത്തിയെടുക്കാനുള്ള പരിശീലനങ്ങള്‍ ഓരോ സത്യവിശ്വാസിയില്‍ നിന്നും സമയാസമയങ്ങളില്‍ ഉണ്ടാകേണ്ടതുണ്ട്. അതിനുള്ള അവസരങ്ങളാണ് അല്ലാഹു വിവിധ ഘട്ടങ്ങളില്‍ വിശ്വാസികള്‍ക്കു നല്‍കിക്കൊണ്ടിരിക്കുന്നത്.


ഓരോ വര്‍ഷവും കടന്നുവരുന്ന വിശുദ്ധ റമദാന്‍ വിശ്വാസികളെ സമ്പൂര്‍ണമായി ശുദ്ധീകരിക്കാന്‍ സഹായകമാകുന്ന ആത്മസംസ്‌കരണത്തിന് വഴിയൊരുക്കുന്ന സവിശേഷ മാസമാണ്. കാരണം മനുഷ്യന്റെ ഏറ്റവും വലിയ ശത്രു പിശാചാണെങ്കില്‍ ആ പിശാചിനെ അല്ലാഹു തന്നെ ചങ്ങലക്കിട്ട് നിയന്ത്രിക്കുമെന്ന് വാഗ്ദത്വം നല്‍കിയ മാസമാണിത്. മനുഷ്യനെ വഴിതെറ്റിക്കുന്ന അവന്റെ ഇച്ഛകള്‍ നിയന്ത്രിക്കാന്‍ ഏറ്റവും സഹായകരമാകുന്നത് ഭക്ഷണം കുറക്കുകയും നോമ്പ് എടുക്കുകയും ചെയ്യലാണ്. വിവാഹത്തിനു സാധ്യമല്ലാത്ത ആളുകളോട് പുണ്യനബി (സ) നിര്‍ദേശിച്ചത് നോമ്പെടുക്കാനാണ്. കാരണം വൈകാരിക താല്‍പര്യങ്ങളില്‍നിന്ന് സ്വന്തം ശരീരത്തെ നിയന്ത്രിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ഭക്ഷണം കുറക്കുകയും നോമ്പെടുക്കുകയും ചെയ്യല്‍. ചുരുക്കത്തില്‍ വിശുദ്ധ റമദാന്‍ ഒരു പരിശീലനമാണ്. പിശാചിനെ അല്ലാഹു തന്നെ ചങ്ങലക്കിടുകയും സ്വന്തം ശരീരത്തെ നിയന്ത്രിക്കാന്‍ ശരീരത്തിനു ഭക്ഷണം നല്‍കാതിരിക്കുക എന്ന മാര്‍ഗം നിയമമാക്കുകയും ചെയ്യുന്നതിലൂടെ മനുഷ്യര്‍ക്ക് ആത്മസംസ്‌കരണത്തിനുള്ള വഴിയാണ് എളുപ്പമാക്കി കൊടുക്കുന്നത്.
ശരീരവും മനസും ആത്മാവും ഒന്നിച്ചു പങ്കെടുക്കുന്ന ആത്മീയതയുടെ മധുരമുള്ള ആരാധനകളാണ് റമദാനില്‍ നിര്‍വഹിക്കേണ്ടത്.


അത്തരം ഒരു ശീലത്തിലേക്ക് വളരെ പെട്ടെന്ന് ശരീരത്തെ പാകപ്പെടുത്തിയെടുക്കല്‍ എളുപ്പമല്ല. പതിനൊന്ന് മാസം നമ്മുടെ ശരീരത്തിനു പതിവുള്ള ആരാധന കര്‍മങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഭാരമുള്ള ആരാധനാ കര്‍മങ്ങള്‍ ഒറ്റയടിക്കു നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിനു ശരീരം വഴങ്ങിക്കൊള്ളണമെന്നില്ല. പതുക്കെപ്പതുക്കെ ശരീരവും മനസും അതിലേക്ക് പാകപ്പെടുകയാണ് വേണ്ടത്. അതുകൊണ്ടാണ് റജബിലും ശഅ്ബാനിലും കൂടുതല്‍ സുന്നത്തു നോമ്പുകള്‍ എടുക്കാന്‍ പ്രോത്സാഹിപ്പിക്കപ്പെട്ടത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.