2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മലപ്പുറത്തങ്ങാടിയില്‍ കത്തിച്ചുവച്ച പാനീസ് വിളക്കുകള്‍

അശ്‌റഫ് കൊണ്ടോട്ടി

അശ്‌റഫ് കൊണ്ടോട്ടി

പാട്ടുകൊണ്ട് ചൂട്ട് കെട്ടി..
പാട്ടുകാരന്‍ പി.ടി കെട്ടിയ
പെണ്ണ് ഞാനൊന്നോര്‍ക്കെടീ
ഇശല്‍ കുതിര്‍ന്ന മണ്ണാണ് മലപ്പുറം.ജീവിത ശൈലിയിലേക്ക് മാപ്പിളപ്പാട്ടിന്റെ ഇശല് കൂടി തുന്നിച്ചേര്‍ത്തവരുടെ നാട്.കത്തും കല്യാണവും സംസാരവും വരേ കവിതകളും പാട്ടുകളുമാക്കിയിരുന്ന പൂര്‍വികരുടെ സ്വത്വം കാത്തു സൂക്ഷിക്കുന്ന പിന്‍തലമുറക്കാര്‍ ഇന്നും മലപ്പുറത്തുണ്ട്. അവരുടെ ചുണ്ടിലെല്ലാം ഇന്നും കല്യാണപ്പാട്ടുകളുടെ ഈരടി തത്തിക്കളിക്കും. വിവാഹമുറപ്പിക്കുന്ന ദിവസം തന്നെ കല്യാണപ്പാട്ടു സംഘത്തെ ഉറപ്പിക്കുന്ന രീതിയായിരുന്നു ഒരുകാലത്ത് മലപ്പുറത്ത്.അവരുടെ ബുക്കിംഗിനനുസരിച്ച് വിവാഹത്തീയതി മാറ്റാന്‍ വരെ മാപ്പിളമാര്‍ തയാറാണ്.കാരണം അവര്‍ പാട്ടിനേയും ഇശലിനേയും അത്രകണ്ട് സ്‌നേഹിക്കുന്നു.


മുന്‍കാലത്ത് രാത്രിയിലായിരുന്നു മുസ്‌ലിം കല്യാണം ഏറെയും നടത്തിയിരുന്നത്. പെട്രോമാക്‌സ് തോളിലേറ്റി നടന്നും കാളവണ്ടിയിലും പുതിയാപ്ല പോയിരുന്ന കാലം. കൂട്ടത്തില്‍ പാട്ടുസംഘവുമുണ്ടാകും. പിന്നെ വഴിനീളെ പാട്ടാണ്. വധു ഗൃഹത്തിലെത്തിയാല്‍ പിന്നെ മത്സരപ്പാട്ടായി. വരന്റെ പാട്ടുസംഘത്തോട് കൊമ്പ് കോര്‍ക്കാന്‍ വധുഗൃഹത്തിലും ഒരു സംഘം കച്ചകെട്ടിയിട്ടുണ്ടാകും. പിന്നെ പാട്ടു മത്സരമായി. സ്വയം തയ്യാറാക്കിയിരുന്ന പാട്ടുകള്‍ കഴിഞ്ഞാല്‍ പിന്നെ നിമിള ഗാനങ്ങളാണ്. പാട്ടുപാടി ഒരു ടീമിനെ തോല്‍പ്പിക്കണം.അത്തരത്തില്‍ ഒരു കല്യാണവീട്ടില്‍ തോല്‍പ്പിക്കാനായി മാത്രം ഒരു സ്ത്രീ കെട്ടിപ്പാടിയ പാട്ടാണ് മുകളിലെ ഈരടികള്‍.നിമിഷ കവികളുടെ ഉദയം കൂടിയായി കല്യാണപ്പാട്ടുകള്‍ അവസാനിക്കുമ്പോള്‍ രാവേറെയാകും. അതു കഴിഞ്ഞാണ് ഭക്ഷം വിളമ്പാറ്, കല്യാണപ്പാട്ടു സംഘത്തിലെ കാരണവന്മാരും കാരണോത്തികളും നാട് നീങ്ങിയെങ്കിലും ഇന്നും കല്യാണപ്പാട്ടുകളെ നെഞ്ചേറ്റുന്നവര്‍ നിരവധിയാണ്.

   

 

 

വിവാഹത്തിലെ ആചാരങ്ങളെക്കാള്‍ ഏറെയാണ് മലപ്പുറത്തെ റമദാന്‍ കാഴ്ചകള്‍. റമദാന്‍ എത്തുന്നതിന് മുമ്പേ വീടും പരിസരവും ശുചീകരിക്കും. നോമ്പു തുറക്കുളള വിഭവങ്ങള്‍ ഒരുക്കിവയ്ക്കും.നോമ്പും നിസ്‌കാരവും പെരുന്നാളും പള്ളികളില്‍ നിന്ന് അറിയിച്ചിരുന്നത് നകാര മുഴക്കിക്കൊണ്ടായിരുന്നു. പള്ളികളില്‍ നിന്ന് കതിന വെടികള്‍ പൊട്ടിച്ച് നോമ്പുതുറ അറിയിക്കുന്നത് ചില പള്ളികളില്‍ അടുത്ത കാലം വരെ നടന്നിരുന്നു. ഇന്ന് മിക്ക പള്ളികളില്‍ നിന്നും അത്താഴത്തിന് വിശ്വാസികളെ വിളിച്ചുണര്‍ത്തുന്നത് ഖുർആന്‍ പാരായണത്തിലൂടെയാണ്.


കേരള മുസ്‌ലിംകളുടെ ചെറിയ മക്കയായി അറിയപ്പെടുന്ന പൊന്നാനിയില്‍ റമദാന്‍ കാലം തീര്‍ത്തും വ്യത്യസ്തമായി മാറും. ഒരു അറേബ്യന്‍ സംസ്‌കാരമാണ് പൊന്നാനിയിലും പരിസരത്തും കണ്ടുവരുന്നത്. പൊന്നാനിക്ക് ചുറ്റും നാല്‍പ്പതോളം പള്ളികളുണ്ട്.വര്‍ണക്കടലാസുകള്‍ മുളങ്കമ്പു കളും ഉപയോഗിച്ച് പാനീസ് വിളക്ക് കത്തിക്കുന്നതാണ് ഇവിടത്തെ ഒരു സമ്പ്രദായം.മുളങ്കമ്പുകള്‍ പല വലിപ്പത്തില്‍ മുറിച്ച് പലരൂപങ്ങളിലും കെട്ടിയുണ്ടാക്കി വര്‍ണക്കടലാസുകള്‍ പെതിഞ്ഞ് പാനീസ് വിളക്കുണ്ടാക്കും. ഇതിനുള്ളില്‍ മെഴുകുതിരിയും മറ്റും കത്തിച്ചുവയ്ക്കും. വീടിന്റെ ഉമ്മറത്തും വഴികളിലും മനോഹരമായ പാനീസ് വിളക്കുകള്‍ കത്തിക്കുന്നത് ഇവിടെ പതിവു കാഴ്ചയായിരുന്നു.

 

 

വിമാനത്തിന്റെയും കപ്പലിന്റെയുമെല്ലാം രീതിയില്‍ പാനീസ് വിളക്കുണ്ടാക്കും. കുട്ടികളും മുതിര്‍ ന്നവരുമെല്ലാം നോമ്പാകുന്നതോടെ ഇതിന് തയാറായി നില്‍ക്കും. ഇന്ന് പാനീസ് വിളക്ക് പലര്‍ക്കും ഇവിടെ ഓര്‍മയാണ്. ഇതുപോലെത്തന്നെ മുത്താഴ വെടികളും പൊന്നാനിയിലെ മറ്റൊരു കാഴചയാണ്.തറാവീഹ് നമസ്‌കാരത്തിന് ശേഷമാണ് മുത്താഴവെടി പൊട്ടുക. റമദാനിലെ പുതിയാപ്ല സല്‍ക്കാരങ്ങളാണ് മലപ്പുറത്തെ മറ്റൊരു വിശേഷം. നവ വരനെ ആദ്യ പത്തില്‍ സല്‍ക്കരിച്ചില്ലെങ്കില്‍ അതിന്റെ കുറച്ചില്‍ സ്വന്തം മകള്‍ക്കാണെന്നുള്ള ധാരണയിലാണ് മരുമകനെ ആദ്യത്തെ പത്തില്‍ തന്നെ നോമ്പു തുറപ്പിക്കുന്നത്. അടുത്ത കാലം വരേ പുതിയാപ്ലയും പരിവാരങ്ങളും സംഘമായി നോമ്പ് തുറക്കെത്തിയിരുന്നത്. എന്നാല്‍ ഇന്ന് സംഘത്തിലെ അംഗബലം കുറഞ്ഞു എന്നല്ലാതെ മറ്റ് മാറ്റങ്ങളൊന്നുമില്ല.


നോമ്പുതുറക്ക് തരിക്കഞ്ഞിയും പത്തിരിയുമാണ് പ്രധാനം.തേങ്ങ വറുത്തരച്ച കോഴിക്കറിയും കൂടിച്ചേരുമ്പോള്‍ നോമ്പുതുറ കെങ്കേമായി.ചെറുതും വലുതുമായ പലഹാരങ്ങള്‍ വേറെയുമുണ്ടാകും. മുന്‍ കാലത്ത് മരുമകന്‍ അമ്മായിഅമ്മക്ക് പാരിതോഷികമായി സുഗന്ധ ബീഡികളാണ് കൈമാറുക, തിരിച്ച് അമ്മായിയമ്മ പെരുന്നാള്‍ പണം നല്‍കും. അത്താഴത്തിന് മുമ്പ് ജീരകക്കഞ്ഞി തയാറായിരിക്കും. അത്താഴത്തിന് ചോറും താളിപ്പ് കറിയുമാണ്. ചുരങ്ങ,ചീര, മുരിങ്ങയില എന്നിവയാണ് ഇതിലെ താരം. ഇവ രണ്ടും താളിച്ച് കറികൂട്ടി അത്താഴം. തേങ്ങ വറുത്തരച്ച കറി കൂട്ടിയാല്‍ നോമ്പു വേളയില്‍ എക്കിള്‍ വരുമെന്നാണ് പഴമക്കാരുടെ ഭാഷ്യം. ഇത് ഇന്നും തുടരുന്നവരുണ്ട്.

 

 

സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നതിലും മലപ്പുറത്തെ മുസ്‌ലിംകള്‍ മുന്‍ നിരയിലാണ്. ഇതര മതസ്ഥരെയും ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. മുസ്‌ലിംകളെ സ്വന്തം ചെലവില്‍ നോമ്പ് തുറപ്പിക്കാന്‍ തയ്യാറായി ഉള്‍ക്കൊണ്ട്‌വരുന്ന അമുസ്‌ലിംകളുടെ എണ്ണവും മലപ്പുറം ജില്ലയില്‍ ഇന്ന് കൂടുതലാണ്. റമദാന്‍ രാവുകളെ സുഗന്ധപൂരിതമാക്കുന്ന വാസന ബീഡികള്‍ നിലവിലുണ്ടാ യിരുന്നു. രാമച്ചം, ചന്ദനം, പച്ചിലകള്‍ എന്നിവ ചേര്‍ത്ത് തയാറാക്കുന്ന ബീഡികള്‍ക്ക് റമദാനില്‍ ആവശ്യക്കാര്‍ ഏറെയാണ്. യുവാക്കളും പ്രായം ചെന്നവരും സുഗന്ധ ബീഡിയുടെ ഇഷ്ടക്കാരാകുന്നതും പതിവാണ്.
റമദാന്‍ രാവുകളില്‍ മതപ്രഭാഷണ പരമ്പരകളായിരുന്നു മലപ്പുറത്തുടനീളം ചുട്ടുകെട്ടി ഇടവഴികള്‍ താണ്ടി സ്ത്രീകളും കുട്ടികളും രാത്രിയില്‍ വയള് (പ്രഭാഷണം) കേള്‍ക്കാന്‍ പോകുന്ന കാഴ്ച അടുത്തകാലം വരെയുണ്ടായിരുന്നു. നീട്ടിയും കുറുക്കി യുമുള്ള മത പ്രഭാഷണമായിരുന്നു ഒരു പരിധി വരേ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ മതവിജ്ഞാനം. പിന്നീട് കാസറ്റുകളായി രംഗത്തെത്തി. ഇന്ന് രാത്രികാല മതപ്ര ഭാഷണങ്ങള്‍ തീര്‍ത്തും ഒഴിവായിട്ടുണ്ട്. പകരം പള്ളികളില്‍ ഉച്ചസമയത്താണ് വിവിധ വിഷയങ്ങളില്‍ മതപ്രഭാഷണം സംഘടിപ്പിക്കുന്നത്.


ഗള്‍ഫ് സ്വാധീനമാണ് മലപ്പുറത്തെ മാപ്പിള ജീവിതം തീര്‍ത്തും മാറ്റി മറി ച്ചത്. ആണായി പിറന്നവന് നിലത്ത് കാലുറക്കും മുമ്പേ ഗള്‍ഫ് എന്ന സ്വപ്‌നതീരം തേടിപ്പോവുകയാണ്. അതുകൊണ്ട് തന്നെ അത്താഴത്തിന് സ്വന്തം വീട്ടുകാരെ വിളിച്ചുണര്‍ത്തുന്നത് കടല്‍ കടന്നെത്തുന്ന ഫോണ്‍കോളുകളാണ്. സുപ്രയില്‍ വെച്ച് കൂട്ടിയിട്ട പത്തിരിക്ക് പകരം കോഴിബിരിയാണിയും കുഴിമന്തിയുമാണ്. വെള്ളക്കാച്ചിക്കും സൂരിത്തുണിക്കും പകരം പര്‍ദ്ദയും പാട്യാലയുമാണ്. മലപ്പുറത്തെ മുസ്‌ലിം ജീവിതത്തിന്റെ മാറ്റം വിദ്യാഭ്യാസത്തിലും ഇന്ന് പ്രകടമാണ്.എല്ലാറ്റിനും അറബ് നാടുകളോട് തന്നെയാണ് ഈ ജില്ല കടപ്പെട്ടിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.