2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വിശുദ്ധിയുടെ പുണ്യമാസം

സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

 

റമദാന്‍. ഖുര്‍ആന്‍ അവതരണീയമായ പുണ്യമാസം. മാനവകുലത്തിന് വിമോചനത്തിന്റെ മാസക്കാലം. സൃഷ്ടികളുടെ രക്ഷയ്ക്കായ് സ്രഷ്ടാവ് കനിഞ്ഞേകിയ വസന്തകാലം. ‘റമദാന്‍ ആരംഭിച്ചാല്‍ സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും ചെയ്യുമെന്ന്’ (ഇമാം മുസ്ലിം) നബി(സ) അരുളിയത് ഈ പുണ്യദിനങ്ങളുടെ ചൈതന്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു. ഇവയെ വരവേല്‍ക്കാനായി വിശ്വാസി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ തയാറെടുക്കുന്നു. റജബ് മാസം എത്തുന്നതോടെ റജബിലും ശഅബാനിലും ‘ഞങ്ങള്‍ക്ക് നീ അനുഗ്രഹം ചൊരിയേണമേ നാഥാ, റമദാന്‍ ഞങ്ങള്‍ക്ക് എത്തിച്ചു തരേണമേ’ എന്ന പ്രാര്‍ഥനയാല്‍ വിശ്വാസിയുടെ മനസ് റമദാനെ വരവേല്‍ക്കാന്‍ കൊതിക്കുന്നു.
ശഅ്ബാനിലെ അവസാന ദിവസങ്ങളില്‍ അല്ലാഹുവിന്റെ റസൂല്‍ റമദാനിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉണര്‍ത്തുകയുണ്ടായി.

 

 

പ്രവാചകന്‍ (സ) അരുളി: അല്ലയോ ജനങ്ങളെ, നിങ്ങള്‍ക്ക് ആശ്വാസം നല്‍കാനായി മഹത്തായ ഒരുമാസം ഇതാ ആസന്നമായിരിക്കുന്നു. അത് അനുഗ്രഹീതമായ ഒരുമാസമാണ്. ആ മാസത്തില്‍ ലൈലത്തുല്‍ ഖദ്ര്‍ എന്നൊരു രാത്രിയുണ്ട്. അത് ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ടമായതാണ്. ആ മാസത്തിലെ നോമ്പിനെ അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു.

റമദാന്റെ രാത്രിയിലുള്ള നിസ്‌കാരത്തെ സുന്നത്താക്കിയിരിക്കുന്നു. ഈ പുണ്യമാസത്തില്‍ ആരെങ്കിലും വല്ല നന്മയുമായി അല്ലാഹുവുമായി അടുക്കുകയാണെങ്കില്‍ അവന്‍ മറ്റു മാസങ്ങളില്‍ ഫര്‍ള് നിര്‍വഹിച്ചവനെപ്പോലെയാണ്. ഏതെങ്കിലും ഫര്‍ള് നിര്‍വഹിക്കുകയാണെങ്കില്‍ റമദാനല്ലാത്ത മാസങ്ങളില്‍ എഴുപത് ഫര്‍ള് നിര്‍വഹിച്ചവനെപ്പോലെയാണ്. ക്ഷമയുടെ മാസമാണ് റമദാന്‍. ക്ഷമയുടെ പ്രതിഫലം സ്വര്‍ഗം തന്നെയാണ്. ‘നോമ്പ് എനിക്കുള്ളതാണ്. അതിന്റെ പ്രതിഫലവും ഞാന്‍ തന്നെ നല്‍കുന്നതാണ്’ എന്ന അല്ലാഹുവിന്റെ വാക്യം നോമ്പിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.

 

 

Photo for religious greeting like Ramadan month, hajj, Eid, and some traditional Islamic occasions.

 

സത്യവിശ്വാസികള്‍ക്ക് പുണ്യങ്ങളുടെ വസന്തകാലമാണ് ആദരണീയമായ റമദാന്‍ മാസം. ഭൂമിയിലെ വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ മഹാപ്രതീക്ഷയാണത്. റമദാനില്‍ എല്ലാത്തിനും മാറ്റം വരുന്നു. ആകാശവും ഭൂമിയും സത്യവിശ്വാസ ജനഹൃദയങ്ങളും സ്വഭാവവും പെരുമാറ്റവും മാറുന്നു. സത്യവിശ്വാസത്തിന് ഉള്‍ബലം കൂടുന്നു. മാനവ സമൂഹത്തിനാകെ അവസാന നാള്‍ വരെ വഴികാട്ടിയായ വിശുദ്ധ ഖുര്‍ആന്റെ അവതീര്‍ണം കൊണ്ട് അനുഗ്രഹിക്കപ്പെട്ട മാസമാണിത്. ആയിരം മാസങ്ങളേക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്‌റും റമദാനിലാണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. അവിശ്വാസത്തിനും അധര്‍മത്തിനുമെതിരേ വിശ്വാസത്തിന്റെയും ധര്‍മത്തിന്റെയും പതാക ഉയര്‍ന്ന ബദറിന്റെ മാസം കൂടിയാണ് റമദാന്‍. ബദര്‍ യുദ്ധം നടന്നത് റമദാന്‍ 17നാണ്. മക്കാവിജയവും റമദാനിലാണ്.

 


റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം ഇസ്‌ലാമികചര്യയുടെ പഞ്ചസ്തംഭങ്ങളിലൊന്നാണ്. പ്രായപൂര്‍ത്തിയായ, ബുദ്ധിസ്ഥിരതയുള്ള എല്ലാവര്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട മാസമാണിത്. ദാനധര്‍മങ്ങള്‍ ഒഴുകുന്ന മാസം കൂടിയാണ് റമദാന്‍. ഇല്ലാത്തവന്റെ ദുഃഖം മനസിലാക്കി ഉള്ളവന്റെ മനസലിയിക്കാനും റമദാന്‍ വഴിയൊരുക്കുന്നു. സ്വാര്‍ഥമോഹങ്ങള്‍ മലിനപ്പെടുത്തിയ മനസുകള്‍ വിമലീകരിക്കുന്നതിനും ഹൃദയത്തിലെ കന്മഷങ്ങളുടെ കറ കഴുകിക്കളയുന്നതിനും ഈ ഉപവാസമാസത്തിലെ വിശുദ്ധ രാപ്പകലുകള്‍ സുവര്‍ണാവസരമാകുന്നു.
ആഹാരപാനീയങ്ങള്‍ വര്‍ജിക്കുക മാത്രമല്ല നോമ്പ്. വ്യര്‍ഥവും മ്ലേച്ഛവുമായ വാക്കുകള്‍ വര്‍ജിക്കലുമാണ് നോമ്പ്. നിന്നോട് ആരെങ്കിലും വഴക്കിടുകയോ നിന്നെ ആരെങ്കിലും ചീത്തപറയുകയോ ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണ് എന്ന് അവനോട് പറയുക.
സമൂഹത്തിലെ കഷ്ടപ്പെടുന്നവരോട് അനുകമ്പയും സഹാനുഭൂതിയും പ്രകടിപ്പിക്കുകയും ദാനധര്‍മങ്ങള്‍ അധികരിപ്പിക്കുകയും ചെയ്യേണ്ട സുവര്‍ണാവസരവുമാണ് റദാന്‍. പുണ്യമാസത്തിലെ ആരാധനാകര്‍മങ്ങള്‍ക്കെന്നപോലെ ദാനധര്‍മങ്ങള്‍ക്കും പതിന്മടങ്ങ് പ്രതിഫലമാണുള്ളത്. നിസ്‌കാരവും നോമ്പും പോലെ പ്രധാനപ്പെട്ട ആരാധനാകര്‍മമാണ് സകാത്ത്.

 

 

 

ഭൂമിയില്‍ പടച്ചവന്റെ പ്രതിനിധിയെന്ന നിലയില്‍ സമ്പത്ത് അവന്‍ ഏല്‍പിച്ച അമാനത്താണ്. ദൈവഹിതപ്രകാരം ചെലവഴിച്ചില്ലെങ്കില്‍ അത് നരകത്തിലേക്കുള്ള പാതയൊരുക്കും. സകാത്തിന്റെ കാര്യത്തില്‍ വീഴ്ച വരുത്തുന്ന പക്ഷം നിസ്‌കാരത്തിലും നോമ്പിലും മറ്റ് ആരാധനകളിലും എത്ര കണിശത കാണിച്ചിട്ടും ഫലമില്ലെന്നതാണ് യാഥാര്‍ഥ്യം.


ജീവിതത്തിലുടനീളം അല്ലാഹുവിന്റെ വിധിവിലക്കുകളനുസരിച്ചും അവനെ സൂക്ഷിച്ചും ഭയപ്പെട്ടും ജീവിക്കുന്നതിനുള്ള പരിശീലനമാണ് റമദാന്‍ പ്രദാനം ചെയ്യുന്നത്. രഹസ്യമായും പരസ്യമായും ദൈവത്തെ അനുസരിക്കാനും അവന് കീഴ്‌പ്പെട്ട് ജീവിക്കാനും വ്രതാനുഷ്ഠാനം പ്രാപ്തമാക്കുന്നു.
റമദാന്റെ ചൈതന്യം നിലനിര്‍ത്തി ആരാധനകള്‍ അത്യധികം വര്‍ധിപ്പിക്കുകയും ദൈവകാരുണ്യം വഴിഞ്ഞൊഴുകുന്ന ആദ്യപത്തും പാപമോചനത്തിന് വഴിതുറക്കുന്ന രണ്ടാമത്തെ പത്തും നരകത്തില്‍ നിന്നും മോചനത്തിന് വഴിയൊരുക്കുന്ന അവസാന പത്തും പരമാവധി മുതലെടുത്ത് അല്ലാഹുവിനോട് കൂടുതല്‍ അടുക്കാനും ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങാനും അവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസൃതമായി പുതുജീവിതം നയിക്കുമെന്ന് പ്രതിജ്ഞയെടുത്ത് അതിനായി അത്യധ്വാനം ചെയ്യാനുമുള്ള അവസരമാണ് റമദാന്‍. ഈ അവസരത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ വിശ്വാസികള്‍ക്കാവണം.


അല്ലാഹുവിന്റെ കല്‍പന പ്രകാരം നോമ്പുകാരായ അടിമകള്‍ക്കുവേണ്ടി പ്രത്യേക കവാടമൊരുക്കി (റയ്യാന്‍) അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാനുള്ള അവസരമാണ് റമദാന്‍ പ്രദാനം ചെയ്യുന്നത്.
ഖുര്‍ആന്‍ പഠനത്തിനും പാരായണത്തിനും നാം പ്രത്യേകം സമയം കണ്ടെത്തണം. റമദാന്റെ പുണ്യം എന്റെ സമുദായം മനസിലാക്കിയിരുന്നുവെങ്കില്‍ വര്‍ഷം മുഴുവന്‍ റമദാനായിരുന്നുവെങ്കില്‍ എന്നവര്‍ മോഹിച്ചേനെ എന്ന പ്രവാചക വചനം റമദാനിലെ ഓരോ നിമിഷങ്ങളെയും പരമാവധി മുതലാക്കാന്‍ നമുക്ക് പ്രചോദനമാകട്ടെ.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.