2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യാത്രികന്‍റെ കശ്മീരിലെ റമദാന്‍ ദിനങ്ങള്‍

ഫഹീം മഹറൂഫ്

ആറു മാസത്തെ ഇന്ത്യ മുഴുവനുള്ള കറക്കം… ആകെ ക്ഷീണിതനായിരുന്നു. ഉമ്മാനെയും ഉപ്പാനെയും അനിയത്തിയെയും ഒന്ന് കാണണം. അവസാനം വീട്ടിലേക്കെത്തി. അപ്പോഴാണ് ഉമ്മ പറയുന്നത് രണ്ടാഴ്ച കൂടിയേ ഉള്ളൂ, റമദാനായെന്ന്. അള്ളോഹ്… ഞാന്‍ അങ്ങ് മറന്നു! ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു കശ്മീരില്‍ ഒരു റമദാന്‍.. അതുപോലെ തന്നെ മദീനയിലും ഇറാനിലും തുര്‍ക്കിയിലും ജോര്‍ദാനിലുമൊക്കെ റമദാന്‍ കൂടണം എന്ന് ആഗ്രഹമുണ്ട്. അതിലെ ചെറിയ ആഗ്രഹം അങ്ങ് സാധിച്ചു കളയാം എന്ന മൂഡില്‍ അടുത്ത ആഴ്ച കശ്മീരിലേക്ക് വണ്ടികേറി. ഇഫ്താര്‍ കിട്ടും എന്ന പ്രതീക്ഷയില്‍ കൈയ്യില്‍ വണ്ടിക്കൂലി മാത്രേ കരുതിയിരുന്നുള്ളൂ. കൊവിഡ് ആണെന്ന് പോലും ഓര്‍ത്തില്ല.

അങ്ങനെ കശ്മീരില്‍ എത്തി. നല്ല തിരക്ക്. ഫാമിലിയാണ് കൂടുതല്‍. എല്ലാരും പറയുന്നത് കേട്ടു, ഇത്ര തിരക്ക് രണ്ടു കൊല്ലത്തിനു ശേഷം ആണെന്ന്. സംഭവമെന്തെന്ന് ഡ്രൈവറോട് അന്വേഷിച്ചപ്പോള്‍ നാളെ നോമ്പാണ്, അതോണ്ട് എല്ലാവരും ഇന്ന് കറങ്ങാന്‍ ഇറങ്ങിയതാ എന്ന് പറഞ്ഞു. ഇനി ഇവിടെ ഒച്ച കേള്‍ക്കണമെങ്കില്‍ പെരുന്നാള്‍ ആവണം എന്നും പറഞ്ഞു. ആ പറഞ്ഞതിന്റെ അര്‍ഥം അപ്പോ ഓടിയില്ല.

ആ ദിവസം തന്നെ നാട്ടില്‍ നിന്ന് വന്ന പിള്ളേര്‍ ഉള്ളോണ്ട് താമസത്തിന്റെ കാര്യം ആലോചിക്കേണ്ടിവന്നില്ല. അടുത്തദിവസം പുലര്‍ച്ചെ എണീറ്റ് അത്താഴം കഴിച്ചു. നിസ്‌കരിച്ചു കിടന്നുറങ്ങി. നോമ്പായതുകൊണ്ട് തന്നെ വൈകിയാണ് എണീച്ചത്. വൈകുന്നേരം വരെ കറങ്ങി. മഗ്‌രിബ് നേരത്ത് പള്ളിയില്‍ പോയപ്പോഴാണ് ഞാന്‍ ആ നഗ്ന സത്യം മനസിലാക്കുന്നത്. കൊവിഡ് ആയതുകൊണ്ട് ഇഫ്താര്‍ പള്ളികളില്‍ കൊടുക്കരുത് എന്ന് കര്‍ശന നിര്‍ദേശം ഉണ്ട്. എന്നാല്‍, വീട്ടില്‍ നിന്ന് കൊണ്ടുവന്ന് പള്ളിയില്‍ നിന്ന് കഴിച്ച് നിസ്‌കരിക്കാം. ആഹാ അന്തസ്.
പിറ്റേദിവസം വേറൊരു പള്ളിയില്‍ പോയപ്പോള്‍ ഭാഗ്യത്തിന് നേന്ത്രപ്പഴവും കാരക്കയും കിട്ടി. പക്ഷേ, അഞ്ചു മണിക്ക് കടകളെല്ലാം അടക്കുന്നത് കാരണം പൈസ ഉള്ളവന് പോലും ഒന്നും വാങ്ങിക്കഴിക്കാന്‍ പറ്റില്ല.

അങ്ങനെ രണ്ടു മൂന്നു ദിവസം ഇതുതന്നെ ആയിരുന്നു പണി; നല്ല ഇഫ്താര്‍ കിട്ടുന്ന പള്ളി നോക്കി നടപ്പ്. നാലു ദിവസം അവര്‍ ഉള്ളതോണ്ട് താമസം നോക്കേണ്ടി വന്നില്ല. അവര്‍ പോയി. ഇനിയെന്ത് ചെയ്യും എന്ന് ഓര്‍ത്ത് ഇരിക്കുമ്പോഴാണ് ഡല്‍ഹിയിലെ ഒരു ചങ്ങായി വിളിക്കുന്നത്.
ഞാന്‍ ബരാമുല്ലയിലെ ഒരു പള്ളിയില്‍ ഉണ്ട്. ഇന്ന് ഇവിടെ ആണ് സ്റ്റേ എന്ന് പറഞ്ഞു. അവനാണെങ്കില്‍ ട്രെയിനില്‍ ഉറങ്ങി അവസാന സ്റ്റോപ്പ് എത്തിയതാണ്. പാകിസ്താന്‍ അതിര്‍ത്തിയോടു ചേര്‍ന്നുനില്‍ക്കുന്ന ഒരു വലിയ സിറ്റി ആണ് ബരാമുല്ല.


അവിടത്തേക്ക് വണ്ടികേറി. പള്ളിയില്‍ പോയി. അത്യാവശ്യം നല്ല പ്രായമുള്ള ആള്‍ക്കാര്‍. ഇവിടുള്ള പള്ളികളുടെ ഒരു പ്രത്യേകത എന്തെന്നുവച്ചാല്‍, പള്ളിയുടെ ഒരു സൈഡ് മുഴുവന്‍ പാറക്കല്ല് വച്ച് ഉണ്ടാക്കിയതാണ്. അതിന്റെ മുകളില്‍ ഇരിക്കാന്‍ മാറ്റ് ഇട്ടിട്ടുണ്ടാവും. അടുപ്പില്‍ തീയിടുന്നതുപോലെ ആ പാറയുടെ അടിയില്‍ തീയിടും. അപ്പോള്‍ ഇരിക്കുന്നിടം നല്ല ചൂട് ആയിരിക്കും. അതുകൊണ്ട് ഇവര്‍ക്ക് മൈനസ് ഡിഗ്രിയില്‍ പോലും ഒരു പ്രശ്‌നവും ഇല്ലാതെ നിസ്‌കരിക്കാന്‍ പറ്റും. വല്ലാത്ത ജാതി ബുദ്ധി തന്നെ!

അങ്ങനെ ഇഫ്താറിന്റെ സമയം ആയപ്പോള്‍, ദാ ഒരു പെട്ടിയില്‍ ഇത്തപ്പഴവും ബ്രെഡും ഫ്രൂട്ടിയും ഒക്കെ.. ആഹാ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഇഫ്താര്‍! അതും തിന്ന് നിസ്‌കരിച്ചു പുറത്തുവന്നപ്പോള്‍ ഒരോ ആള്‍ക്കാര്‍ വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവച്ചിരിക്കുന്നു. എന്ത് സ്‌നേഹമുള്ളവര്‍..! അങ്ങനെ നല്ലൊരു കശ്മീരി നോമ്പുതുറ അനുഭവിക്കാന്‍ ഭാഗ്യം കിട്ടി. പിറ്റേന്ന് അത്താഴത്തിന് വേറെ ചിലരും ഭക്ഷണം കൊണ്ടുവന്നു.

പിറ്റേന്ന് രാവിലെ തന്നെ ഗ്രാമം കാണാന്‍ ഇറങ്ങി. അങ്ങ് ദൂരെ കുന്നില്‍ ഒരു ഗ്രാമം കണ്ടു. അവിടേക്ക് നടപ്പായി. തളര്‍ച്ച കാരണം അടുത്തുള്ള പള്ളിയില്‍ കേറി. അവിടെ അങ്ങനെ സഞ്ചാരികളൊന്നും വരാത്ത ഗ്രാമമായതുകൊണ്ട് തന്നെ ഞങ്ങളെ കണ്ടപ്പോള്‍ എല്ലാര്‍ക്കും കൗതുകമായിരുന്നു. പള്ളിയില്‍ അപ്പോഴുണ്ടായവര്‍ പല ചോദ്യങ്ങളെറിയാന്‍ തുടങ്ങി. ഞങ്ങള്‍ എല്ലാത്തിനും മറുപടി നല്‍കി. പിന്നെ അവിടെ എല്ലാരും തമാശ പറഞ്ഞിരുന്നു. അസര്‍ നിസ്‌കാരത്തിന് കുറേ ആള്‍ക്കാര്‍ പള്ളിയില്‍ വന്നപ്പോള്‍ ചോദിക്കുന്നുണ്ട് ഇതാരാ… ഇവരെന്താ ഇവിടെ എന്നൊക്കെ! അവസാനം പ്രസിഡന്റ് വന്ന് ഇറങ്ങാന്‍ പറഞ്ഞു. നമ്മള്‍ പറഞ്ഞു, ഇവിടുത്തെ ഇഫ്താര്‍ കൂടണം എന്നുണ്ട്. അതുവരെ നില്‍ക്കാന്‍ പറ്റുമോ എന്ന്. അവര്‍ പറ്റില്ല എന്നും പറഞ്ഞ് ഇറക്കി. ഞങ്ങള്‍ നടന്നു ടൗണില്‍ പോയി. അവിടെ നിന്ന് എവിടേക്കോ പോകുന്ന ബസില്‍ കേറി. അവസാന സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുത്തു..!

സാപോര്‍ എന്ന ഒരു സിറ്റി. അവിടെ ഒരുപാട് പള്ളികള്‍ ഉണ്ടായിരുന്നു. അതില്‍ ജുമുഅത്ത് പള്ളിയില്‍ പോയി നിസ്‌കാരത്തിനു ശേഷം ഇവിടെ കിടന്നോട്ടെ എന്ന് ചോദിച്ചു. അവരും പറ്റില്ല എന്ന് പറഞ്ഞ് കോരിച്ചൊരിയുന്ന മഴയില്‍ ഇറക്കിവിട്ടു. ബാങ്ക് വിളിക്കാന്‍ ഇനി ഒരു 10 മിനുട്ട് മാത്രം. ഈ മഴയത്ത് എവിടെ പോയി നോമ്പ് തുറക്കും എന്നായി.

അവസാനം ടൗണിന്റെ നടുക്ക് ഒരു വലിയ പള്ളി കണ്ടു. ഓടിപ്പോയി പള്ളിയില്‍ കേറി. വേഗം വാ.. വന്നിരിക്ക് എന്ന് പള്ളിയിലുള്ളവര്‍ പറഞ്ഞു. സന്തോഷമായി. ഇവരെങ്കിലും ഞങ്ങളുടെ അവസ്ഥ മനസിലാക്കിയല്ലോ. അങ്ങനെ നോമ്പുതുറയ്ക്ക് ശേഷം അവര്‍ എല്ലാവരും ഞങ്ങളുടെയടുത്ത് കാര്യങ്ങള്‍ തിരക്കി. അവരെല്ലാരുമായി പെട്ടെന്ന് തന്നെ നല്ല അടുപ്പം വന്നതുപോലേ തോന്നി.

നിസ്‌കാരത്തിനുശേഷം പിന്നെ എല്ലാവരും ഞങ്ങളുടെ ചുറ്റും നിന്ന് ഒരു അടി തന്നെ ആയിരുന്നു; വീട്ടിലേക്ക് കൊണ്ടുപോവാന്‍. അവസാനം ഞങ്ങള്‍ മൂന്നുപേരില്‍ രണ്ടുപേര്‍ ഒരു വീട്ടിലും ഞാന്‍ വേറൊരു വീട്ടിലും പോയി. ആദ്യം തന്നെ നല്ല കാശ്മീരി ചായ തന്നു. കൂടെ പലഹാരങ്ങളും. അതിനുശേഷം ചോറും ചിക്കന്‍ കറിയും. എന്ത് മനുഷ്യരാണ്. ഇത്ര സ്‌നേഹമുള്ളവരെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല!
അന്ന് ആ പള്ളിയില്‍ തന്നെ കിടന്നുറങ്ങി. അത്താഴത്തിന് എണീറ്റപ്പോള്‍, വാ വീട്ടിലേക്ക് പോവാം എന്നുംപറഞ്ഞ് ഒരു വൃദ്ധന്‍ വീട്ടിലേക്ക് കൊണ്ടുപോയി. ഒരു ചെറിയ വീട്. അടുക്കളയും റൂമും എല്ലാം ഒറ്റ ചുമരില്‍. അവിടെ നിന്ന് റൊട്ടിയും ശബ്ജിയും തിന്നു. അതിനുശേഷം നേരെ പള്ളിയിലേക്കുപോയി സുബ്ഹി നിസ്‌കരിച്ച് ഇറങ്ങിത്തിരിച്ചു, ശ്രീനഗറിലേക്ക്.

ശ്രീനഗറില്‍ നിന്ന് ഒരു സുഹൃത്തിനെ പിക്ക് ചെയ്ത് നേരെ ലോലാബ് വാലി എന്ന സ്ഥലത്തേക്ക് പോയി. ടൂറിസ്റ്റുകള്‍ തീരെ എത്താത്ത ഒരു കുഗ്രാമം. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും കൗതുകം വളരെ കൂടുതലായിരുന്നു ഞങ്ങളെ കണ്ടപ്പോള്‍. ബസില്‍ പരിചയപ്പെട്ട ഒരാള്‍ അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചു. കൂടെ പോയി. ഒരു ചെറിയ ഗ്രാമമാണ്. എല്ലാവരുടെയും കണ്ണില്‍ സന്തോഷം തുളുമ്പുന്നത് കാണാമായിരുന്നു.

അവര്‍ക്ക് മൂന്നു മക്കളാണ്. ഇളയ രണ്ടെണ്ണം അടുക്കാന്‍ കുറച്ച് സമയമെടുത്തു. മൂത്തത് വന്നപ്പോള്‍ തന്നെ വാ ക്രിക്കറ്റ് കളിക്കാം എന്നും പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി. നല്ല രസമായിരുന്നു അവന്റെ കൂടെ കളിക്കാന്‍. അല്‍പസമയം കഴിഞ്ഞ് ബാങ്ക് വിളിച്ചു. ഇഫ്താര്‍ കഴിക്കണം. വീട്ടിലേക്ക് കേറി നോക്കുമ്പോള്‍ പലഹാരങ്ങളും റൊട്ടിയും നിരത്തിവച്ചിരിക്കുന്നു. അതും ചായയും കഴിച്ചുകഴിഞ്ഞപ്പോള്‍ അടുത്ത ബാച്ച് വന്നു. ചോറും ചിക്കന്‍ കറിയും, പിന്നെ കാശ്മീരി സ്റ്റൈല്‍ ചമ്മന്തിയും. അതുംകഴിഞ്ഞ് ഇരിക്കുമ്പോള്‍ അവസാനം കശ്മീരി കാവ തന്നു.

രാവിലെ തന്നെ ഞങ്ങള്‍ നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചു. യാത്ര പറച്ചില്‍ ഭയങ്കര ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. ഗ്രാമത്തിലെ പലരും വന്ന് ചോദിച്ചു; പത്തു ദിവസം നിന്നിട്ട് പോയാല്‍ പോരേയെന്ന്. എനിക്ക് ആകെ കൊടുക്കാന്‍ പറ്റിയ വാക്ക്, ഇനിയും ഒരു വരവ് ഉണ്ടാവും എന്ന് മാത്രമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News