ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമന സമിതിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം, സര്‍വീസ് കാലാവധി തുടങ്ങിയവ സംബന്ധിച്ച പുതിയ ബില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ മേഘ്വാളാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്. ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കാബിനറ്റ് മന്ത്രിയെ സമിതിയില്‍ ഉള്‍പ്പെടുത്താനാണ് ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തെരഞ്ഞടുപ്പ് കമ്മീഷണറുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ മറികടക്കാനാണ് സര്‍ക്കാര്‍ നീക്കം.
നേരത്തെ പ്രധാനമന്ത്രി നല്‍കുന്ന ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചിരുന്നത്. എന്നാല്‍ ഇത് നിര്‍ത്തലാക്കി പുതിയ പാനല്‍ രൂപീകരിച്ച് നിയമനം നടത്തണമെന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സുപ്രീം കോടതി ഭരണ ഘടന ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഇത് പ്രകാരം പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാണ് നിയമന പട്ടിക ശിപാര്‍ശ ചെയ്യേണ്ടത്. എന്നാല്‍ പുതിയ ബില്ലിലൂടെ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പ്രധാന മന്ത്രി നിര്‍ദേശിക്കുന്ന കാബിനറ്റ് മന്ത്രിയെ സമിതിയില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രിയെ സമിതിയുടെ അധ്യക്ഷനാക്കി നിലനിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.
Comments are closed for this post.