2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മതപരമായ ചടങ്ങുകള്‍ വേണ്ടെന്നു പറഞ്ഞ് രാഷ്ട്രപതിഭവനില്‍ ഇഫ്താര്‍ വിരുന്നും ക്രിസ്മസ് ആഘോഷവും ഒഴിവാക്കിയ മോദി സര്‍ക്കാര്‍ ഫ്രാന്‍സില്‍ പോയി റാഫേല്‍ സ്വന്തമാക്കിയത് തേങ്ങയുടച്ചും ശാസ്ത്ര പൂജ നടത്തിയും

 

ന്യൂഡല്‍ഹി: മതപരമായ ചടങ്ങുകള്‍ വേണ്ടെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രപതിഭവനില്‍ ഇഫ്താര്‍ വിരുന്നും ക്രിസ്മസ് ആഘോഷവും ഒഴിവാക്കിയ മോദി സര്‍ക്കാര്‍ പക്ഷേ ഇന്നലെ ഫ്രാന്‍സില്‍ പോയി റാഫേല്‍ യുദ്ധവിമാനം സ്വന്തമാക്കിയത് തേങ്ങയുടച്ചും ശാസ്ത്ര പൂജ നടത്തിയും. പൂര്‍ണമായും ഹൈന്ദവമതാചാരപ്രകാരമുള്ള ചടങ്ങുകളോടെയാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ റാഫേല്‍ യുദ്ധവിമാനം ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പെര്‍ളിയില്‍ നിന്ന് സ്വീകരിച്ചത്. വിമാനത്തില്‍ ‘ഓം’ എന്നെഴുതിയ രാജ്‌നാഥ് സിങ് തേങ്ങയും ചെറുനാരങ്ങയും മറ്റും വിമാനത്തിനു മുകളില്‍ വച്ച് പൂജനടത്തുകയായിരുന്നു.

ഇന്ത്യന്‍ വായുസേനാ ദിനവും വിജയദശമി ദിനവും ഒത്തുവന്ന ചൊവ്വാഴ്ചയാണ് ഫ്രാന്‍സിലെ ദസോള്‍ട്ട് എവിയേഷന്‍ നിര്‍മ്മിച്ച റഫാല്‍ വിമാനം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ദിവസമെന്നതും ചര്‍ച്ചയായിട്ടുണ്ട്. 36 റഫാല്‍ യുദ്ധവിമാനങ്ങളാണ് കരാര്‍പ്രകാരം ഫ്രാന്‍സ് ഇന്ത്യയ്ക്ക് നിര്‍മ്മിച്ചു നല്‍കേണ്ടത്. അതില്‍ ആദ്യ വിമാനത്തിന്റെ കൈമാറ്റമാണ് ഇന്നലെ നടന്നത്.

 

താനെ പോലിസ് സ്‌റ്റേഷനില്‍ നടന്ന ആയുധ പൂജ

അതേസമയം, സര്‍ക്കാര്‍ ചെലവില്‍ മതാചാരങ്ങള്‍ വേണ്ടെന്ന് പറഞ്ഞ് ഇഫ്താറും ക്രിസ്മസ് ആഘോഷവും ഉപേക്ഷിച്ച കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികചടങ്ങുകള്‍ മതാചാരപ്രകാരം നിര്‍വഹിച്ച നടപടി സോഷ്യല്‍മീഡിയയില്‍ രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഇന്നലെ വിവിധ പൊലിസ് സ്റ്റേഷനുകളിലും തോക്കും ലാത്തിയും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പൂജയ്ക്ക് വയ്ക്കുന്ന ചടങ്ങുകള്‍ നടന്നു.

 

2014ല്‍ നരേന്ദ്രമോദി കേന്ദ്രത്തില്‍ അധികാരമേറ്റ ശേഷം തന്റെ ഔദ്യോഗികവസതിയില്‍ അദ്ദേഹം ഇതുവരെ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിട്ടില്ല. പിന്നാലെ രണ്ടുവര്‍ഷം മുന്‍പ് രാഷ്ട്രപതിഭവനിലെത്തിയ രാംനാഥ് കോവിന്ദും ഇഫ്താര്‍, ക്രിസ്മസ് ചടങ്ങുകള്‍ ഒഴിവാക്കുകയായിരുന്നു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മതേതരരാജ്യമായ ഇന്ത്യയുടെ മുഖമാണ് രാഷ്ട്രപതി ഭവനെന്നും അവിടെ ഏതെങ്കിലുമൊരു മതത്തിന്റെ ആഘോഷങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ വേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനമെന്നുമായിരുന്നു രാഷ്ട്രപതിയുടെ മാധ്യമ വിഭാഗം സെക്രട്ടറി അശോക് മല്ലിക് പ്രതികരിച്ചത്. രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായ ശേഷം ക്രിസ്തുമസ് ആഘോഷവവും അദ്ദേഹം വേണ്ടെന്നുവച്ചിരുന്നു. മതപരമായ ചടങ്ങുകള്‍ രാഷ്ട്രപതിഭവനില്‍ വേണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ക്രിസ്തുമസ് ആഘോഷവും അദ്ദേഹത്തിന്റെ ഓഫിസ് ഒഴിവാക്കിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴോ പിന്നീട് പ്രധാനമന്ത്രിയായിരിക്കുമ്പോഴോ നരേന്ദ്രമോദി ഇതുവരെ ഒരൊറ്റ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുയോ പങ്കെടുക്കുകയോ ഉണ്ടായിട്ടുമില്ല.

 

മോദി സര്‍ക്കാരിന്റെ ആദ്യ രണ്ടരവര്‍ഷക്കാലത്ത് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നുവെങ്കിലും ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും ബഹിഷ്‌കരിക്കുകയായിരുന്നു. 2014ലും 15ലും നാമമാത്ര സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിലും 2016ലാണ് പ്രണബിന്റെ ഇഫ്താര്‍ വിരുന്ന് കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും പൂര്‍ണമായി ബഹിഷ്‌കരിച്ചത്. നേരത്തെ ബി.ജെ.പി പിന്തുണയോടെ വിജയിച്ച എ.പി.ജെ അബ്ദുല്‍ കലാം രാഷ്ട്രപതിയായപ്പോഴും രാഷ്ട്രപതിഭവനില്‍ ഇഫ്താര്‍ വിരുന്ന് ഉണ്ടായിരുന്നില്ല. എന്നാല്‍ അതിനു ശേഷം പ്രതിഭാപാട്ടീലും പ്രണബ് മുഖര്‍ജിയും ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുകയുണ്ടായി.

Rajnath Singh Draws Om Symbol On India’s First Rafale, Performs Shashtra Puja After Getting Delivery


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.