ന്യൂഡല്‍ഹി: എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുന്‍ ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചു. വിആര്‍എസ് എടുക്കുന്നതിനു അനുമതി ലഭിച്ചതായും രാഷ്ട്രീയ പ്രവേശനമാണു ലക്ഷ്യമെന്നും രാജേശ്വര്‍ സിങ് സ്ഥിരീകരിച്ചു.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തന്‍പൂര്‍ മണ്ഡലത്തില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാന്‍ സിംഗ് ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
”24 വര്‍ഷത്തെ യാത്രക്ക് വിരാമമിടുന്നു. ഈ അവസരത്തില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍, ഇ.ഡി ഡയറക്ടര്‍ എസ്.കെ. മിശ്ര എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നു,” രാജേശ്വര്‍ സിംഗ് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കള്‍ ഇന്ത്യയെ ലോകശക്തിയാക്കാന്‍ പ്രയത്‌നിക്കുന്നവരാണെന്ന് രാജേശ്വര്‍ സിങ് അവകാശപ്പെട്ടു. ദേശീയവാദത്തിലൂന്നിയ രാഷ്ട്രീയമാണ് രാജ്യസേവനത്തിന് വേണ്ടതെന്നാണ് തന്റെ വിശ്വാസമെന്നും രാജേശ്വര്‍ സിംഗ് പറയുന്നു.
പൊലിസിന്റെ ഭാഗമായിരുന്ന കാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേഗത്തില്‍ നീതി ഉറപ്പാക്കുന്നതായിരുന്നു ലക്ഷ്യം. ഇഡിയിലുള്ളപ്പോള്‍ അഴിമതിക്കാരെ ജയിലിലാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.
2 ഏ സ്പെക്ട്രം, അഗസ്താവെസ്റ്റ്ലാന്‍ഡ് ഇടപാട് തുടങ്ങി രണ്ടാം യുപിഎ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു രാജേശ്വര്‍ സിങ്.
Comments are closed for this post.