ന്യൂഡല്‍ഹി: ഡിസംബര്‍ ആദ്യവാരം നടക്കാനിരിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ രാജസ്ഥാന്‍ പര്യടനത്തിന് മുന്നോടിയായി മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം പാര്‍ട്ടിക്ക് തലവേദനയായി. ഈ സാഹചര്യം നേരിടാന്‍ പാര്‍ട്ടി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നവംബര്‍ 29ന് ജയ്പൂരിലേക്ക് പോകും. യാത്ര കഴിയുന്നതു വരെ വെടിനിര്‍ത്തല്‍ ഉണ്ടാക്കാനാണ് ശ്രമം.
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുലിനെയും പ്രിയങ്കയെയും കണ്ട ശേഷം ഡല്‍ഹിയിലെത്തിയ വേണുഗോപാല്‍ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് വേണുഗോപാലിന്റെ ജയ്പൂരിലേക്കുള്ള യാത്ര തീരുമാനിച്ചത്. രാജസ്ഥാനില്‍ സംഘര്‍ഷമില്ലെന്നും ഭാരത് ജോഡോ യാത്ര സംസ്ഥാന കോണ്‍ഗ്രസിന്റെ ശക്തിപ്രകടനമായിരിക്കുമെന്നും എ.എന്‍.ഐയോട് സംസാരിക്കവെ കെ.സി വേണുഗോപാല്‍ പറഞ്ഞു.
ജയ്പൂരിലെത്തിയ ശേഷം ഭാരത് ജോഡോ യാത്രയുടെ രാജസ്ഥാന്‍ പര്യടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വേണുഗോപാല്‍ വിലയിരുത്തും. ഇതിനായി രൂപീകരിച്ച കമ്മിറ്റികളുടെ യോഗത്തിലും സംബന്ധിക്കും. യോഗത്തില്‍ ഗെലോട്ടും സച്ചിനും പങ്കെടുക്കും. ഈ സമയത്ത് വേണുഗോപാല്‍ ഇരുവരോടും വെവ്വേറെ സംസാരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ജോഡോ യാത്രയ്ക്കിടെ വിവാദ പ്രസ്താവനകളില്‍ നിന്നു വിട്ടുനില്‍ക്കാനും പാര്‍ട്ടി അച്ചടക്കം ലംഘിക്കാതിരിക്കാനും കര്‍ശനമായ മുന്നറിയിപ്പ് നല്‍കുമെന്നാണ് വിവരം.
നേരത്തെ, സെപ്തംബര്‍ 25ന് ജയ്പൂരില്‍ സമാന്തര യോഗം ചേര്‍ന്നതിന് ഡല്‍ഹിയിലെത്തി സോണിയയെ കണ്ട് അശോക് ഗെലോട്ട് വിശദീകരണം നല്‍കുകയും ക്ഷമാപണം നടത്തുകയും ചെയ്തപ്പോള്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വേണുഗോപാലും യോഗത്തില്‍ പങ്കെടുത്തിരുന്നു. രാജസ്ഥാനിലെ നേതൃത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പരിഹാരം ഉണ്ടാകുമെന്ന് വേണുഗോപാല്‍ അന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതിനുശേഷം രണ്ട് മാസം പിന്നിട്ടിട്ടും ഗെലോട്ടും പൈലറ്റും തമ്മിലുള്ള കലഹം പുതിയ തലത്തിലേക്ക് കടക്കുകയും വിഷയം കൂടുതല്‍ സങ്കീര്‍ണമാവുകയും ചെയ്തു.
സച്ചിന്‍ പൈലറ്റിനെതിരേ രണ്ടു ദിവസം മുമ്പ് രൂക്ഷവിമര്‍ശനവുമായി ഗെലോട്ട് രംഗത്തെത്തിയിരുന്നു. സച്ചിന്‍ വഞ്ചകനാണെന്നും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ലെന്നും ഗെലോട്ട് ആവര്‍ത്തിച്ചു. 2020ല്‍ രാജസ്ഥാന്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ സച്ചിന്‍ ബി.ജെ.പിയുടെ സഹായം തേടിയെന്നും ഗെലോട്ട് ആരോപിച്ചിരുന്നു. സച്ചിന്‍ മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് തന്റെ പക്ഷത്തെ എം.എല്‍.എമാര്‍ സച്ചിനെതിരേ സമാന്തര യോഗം ചേര്‍ന്നത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമല്ലെന്നും ഗെലോട്ട് അവകാശപ്പെടുന്നു.
സര്‍ക്കാരിന് ഒരു വര്‍ഷം കൂടി കാലാവധി ശേഷിക്കുന്നതിനാല്‍ സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് എത്താനിരിക്കെ സച്ചിന്‍ പക്ഷം നിലപാട് കടുപ്പിച്ചതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. 80 ശതമാനം എം.എല്‍.എമാരും തങ്ങള്‍ക്കൊപ്പമാണെന്ന്് സച്ചിന്‍ പക്ഷം ഇന്നലെ അവകാശപ്പെട്ടിരുന്നു.
Comments are closed for this post.