ന്യൂഡല്‍ഹി: രാജ്യത്ത് 12 സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയുണ്ടാകാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് റിപ്പോര്‍ട്ട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരാഖണ്ഡില്‍ ചൊവ്വാഴ്ച്ച വരെ സര്‍ക്കാര്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ശക്തമായ മഴയില്‍ കരകവിഞ്ഞൊഴുകിയ യമുന നദിയിലെ ജല നിരപ്പ് 206.6 അടിയായി കുറഞ്ഞെങ്കിലും അപകട രേഖക്ക് മുകളില്‍ തന്നെ തുടരുകയാണ്. വരും ദിവസങ്ങളില്‍ മഴ ശക്തി പ്രാപിച്ചാല്‍ ജല നിരപ്പ് വീണ്ടും ഉയര്‍ന്നേക്കാമെന്ന ആശങ്കയും നില നില്‍ക്കുകയാണ്. നിലവില്‍ താഴ്ന്ന പ്രദേശങ്ങളിലടക്കം തലസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇവിടെ ഇന്നലെ മാത്രം മൂന്ന് മണിക്കൂറില്‍ 29.5 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്. ഇതും ആശങ്കക്ക് വഴി വെക്കുന്നുണ്ട്. ഇവിടെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
നേരത്തെ കേരളത്തിലും വരും മണിക്കൂറുകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. അടുത്ത അഞ്ച് ദിവസത്തേക്കാണ് സംസ്ഥാനത്ത് മഴ കനക്കുക. തുടര്‍ന്ന് കാസര്‍ഗോഡ്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ വരും ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂട്ടത്തില്‍ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളിലെ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments are closed for this post.