ആര്‍ട്ട് ഫൗണ്ടേഷനിലെ മഴമുറി വിളിക്കുന്നു
ദുബൈ: പൊരിയുന്ന ഉഷ്ണത്തിലും ഷാര്‍ജയില്‍ മഴ ആസ്വദിക്കാം.ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷനിലെ മഴമുറികളാണ് പ്രവാസികള്‍ക്കും മറ്റുള്ളവര്‍ക്കും ആസ്വാദ്യമാവുന്നത്. ഇവിടുത്തെ റെയിന്‍ റൂമിലൂടെ സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ മഴ അനുഭവം ലഭിക്കും. വര്‍ഷത്തിലെ എല്ലാ ദിവസവും മഴ ആസ്വദിക്കാനുള്ള സംവിധാനമാണ് ഇവിടുള്ളത്.സന്ദര്‍ശകര്‍ക്ക് മഴ നനയാതെ ചുറ്റിലും മഴ പെയ്തുകൊണ്ടേയിരിക്കുന്ന അവസ്ഥയാണ് ഇവിടെ കൃത്രിമമായി സൃഷ്ടിച്ചിട്ടുള്ളത്. പുറത്തെ വേനല്‍ച്ചൂടിലും മഴമുറിക്കുള്ളിലെത്തിയാല്‍ നാട്ടിലെ കാലവര്‍ഷത്തിന്റെ പ്രതീതിയാണ് പ്രവാസികള്‍ക്ക് ലഭിക്കുക. മഴയുടെ ശബ്ദമാസ്വദിച്ച് നടക്കുന്നതിനൊപ്പം തന്നെ ചിത്രങ്ങളുമെടുക്കാം. 2018 മുതലാണ് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റെയിന്‍ റൂം സന്ദര്‍ശകര്‍ക്കായി തുറന്നത്. 1460 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് മഴമുറി. ഇതില്‍ 1200 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. വെള്ളം പാഴാക്കാതെ ശുദ്ധീകരിച്ച് പുനരുപയോഗിക്കുകയാണ്. ടിക്കറ്റുകള്‍ ഓണ്‍ലൈനായും അല്ലാതെയും ലഭിക്കും. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി 9 വരെയും വെള്ളിയാഴ്ചകളില്‍ വൈകിട്ട് നാലു മണി മുതല്‍ 11 മണി വരെയുമാണ് സന്ദര്‍ശകര്‍ക്കുള്ള സമയം. ഒരേസമയം ആറുപേര്‍ക്കാണ് പ്രവേശനാനുമതി. പ്രവേശന പാസ് എടുത്ത ഓരോ വ്യക്തിക്കും 15 മിനിറ്റോളം മഴമുറിയില്‍ ചെലവഴിക്കാം. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. നാട്ടില്‍ മഴപെരുമ്പറ കൊട്ടുമ്പോള്‍ പ്രവാസികള്‍ക്ക് ഇവിടെ അല്പസമയമെങ്കിലും അത് അനുഭവിക്കാം.
Comments are closed for this post.