2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനു മുമ്പ്

വെള്ളിപ്രഭാതം

ദാരിമി ഇ.കെ കാവനൂര്‍

ഈ വര്‍ഷത്തെ കൊടുംവരള്‍ച്ച നീണ്ടുപോവുകയാണ്. ഇടയ്ക്കിടെ മഴപെയ്യുമെന്നു  കരുതിയിരുന്നെങ്കിലും കണക്കുകളെല്ലാം തെറ്റിച്ച്  മഴയില്ലാതെ കൊടുംചൂടുകൊണ്ട് എരിപൊരികൊളളുകയാണു കേരളം. സഹിക്കാന്‍വയ്യാത്ത ചൂടാണു കേരളത്തിന്റെ പലഭാഗത്തും ഇന്ന് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ദാഹജലംകിട്ടാത്തതിനാല്‍ പക്ഷികളും മൃഗങ്ങളും അലഞ്ഞുതിരിയുകയാണ്. ചെറുപ്രാണികളും ഇഴജന്തുക്കളും ചെറുപക്ഷികളും കൂട്ടത്തോടെ  ചത്തൊടുങ്ങുകയും കൃഷി കരിഞ്ഞുപോവുകയും ചെയ്തിരിക്കുന്നു.
സൂര്യാഘാതമേറ്റു നിരവധി മനുഷ്യര്‍ മരിച്ചുകഴിഞ്ഞു. കടുത്തചൂട് പല സ്ഥലത്തും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. വേനല്‍ച്ചൂടു കൂടിയതിനാല്‍ കേരളത്തില്‍ വൈദ്യുതോപയോഗം റെക്കോര്‍ഡിലെത്തിയെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. അണക്കെട്ടുകളില്‍ വെളളം നന്നേകുറവ്. നാല്‍പ്പതുവര്‍ഷത്തിനുശേഷമുളള ഏറ്റവും വലിയചൂടാണിപ്പോള്‍ അനുഭവിക്കുന്നതെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു.
കാര്യം ഇങ്ങനെയെല്ലാമായതിനാല്‍  മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ നമ്മുടെ നേതാക്കളും പണ്ഡിതന്മാരും ആഹ്വാനംചെയ്യുകയുണ്ടായി. നിരവധിസ്ഥലങ്ങളില്‍ മഴയ്ക്കുവേണ്ടി പ്രാര്‍ഥിച്ചു. ചിലസ്ഥലങ്ങളില്‍ മഴയ്ക്കുവേണ്ടിയുളള പ്രത്യേകനിസ്‌കാരവും നടന്നു. പ്രാര്‍ഥനകള്‍ ഇപ്പോഴും ഇടതടവില്ലാതെ നടന്നുകൊണ്ടിരിക്കുന്നു.

എന്നാല്‍, ദൈവം കനിയുന്നില്ല. അവന്‍ അനുഗ്രഹിച്ചാല്‍ ഒന്നോരണ്ടോ ദിവസത്തെ മഴമാത്രംമതി പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരത്തിന്.  കാര്‍മേഘം മൂടിക്കെട്ടിനിന്നു കാറ്റും ഇടിമുഴക്കവുമായി മേഘം ഒഴിഞ്ഞുപോവുന്നു. ഭൂമിലേയ്ക്കു മഴവര്‍ഷിക്കുന്നില്ല. കാരണമെന്തന്നു വിശ്വാസികള്‍ ഒരുവേള ആലോചിക്കുന്നതു നന്ന് ‘ആവശ്യമുള്ളിടത്തു നാം മഴവര്‍ഷിപ്പിക്കുകയും അതുമൂലം കരിഞ്ഞുപോയ കൃഷിയിടങ്ങളെ നാം സജ്ജീവമാക്കുകയും അതുമൂലം കായ്കനികളും ചെടികളും നന്നായിവളരുകയും ചെയ്യുന്നു’വെന്നുഖുര്‍ആന്‍ പറയുന്നു.
വെളളമില്ലെങ്കില്‍ ആകാശത്തുനിന്ന് അതു ലഭിക്കാന്‍ ദൈവത്തോടു നാം പ്രാര്‍ഥിക്കേണ്ടതുണ്ട്. പ്രാര്‍ഥന വിശ്വാസിയെ സംബന്ധിച്ച് എല്ലാറ്റിനുമുളള പരിഹാരമാണ്. ‘നിങ്ങള്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നില്ലെങ്കില്‍ അവന്‍ നിങ്ങളോടു കോപിക്കുമെന്നു’ പ്രവാചകന്‍ പഠിപ്പിക്കുന്നു. സത്യത്തില്‍, ഇന്നു നടക്കുന്നതു പ്രാര്‍ഥനയാണോയെന്ന് ആലോചിക്കേണ്ടതുണ്ട്.  കപടവിശ്വാസികളുടെ പ്രാര്‍ഥനയെക്കുറിച്ചു ഖുര്‍ആന്‍ പറഞ്ഞത്  ‘അവരുടെ പ്രാര്‍ഥന നിലവിളിയും  കപടനാട്യങ്ങളും ചൂളംവിളിയും മാത്രമാണെ’ന്നാണ്.
രണ്ടുവർഷം മുമ്പ് കോഴിക്കോട് നഗരത്തിനടുത്തു മഴയ്ക്കുവേണ്ടി പ്രാര്‍ഥനയും നമസ്‌കാരവും നടക്കുകയുണ്ടായി. ചടങ്ങിന്റെ വീഡിയോ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ വന്നതു വളരെ കൗതുകരമായിരുന്നു. ചാനലുകാര്‍ വട്ടമിട്ടുപറക്കുന്നു. ക്യാമറകണ്ണുകളില്‍ പതിയാനായി പ്രാര്‍ഥനക്കാരില്‍ ചിലര്‍  മത്സരിക്കുന്നു. അതായിരുന്നു രംഗങ്ങള്‍. എല്ലാം പരിഹാസ്യവും ജാഡകളുമായി മാറുകയാണോയെന്നു തോന്നിപ്പോവുംമട്ടില്‍ കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു.

ജീവന്‍നിലനിര്‍ത്താനുളള കുടിവെളളം ലഭിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ പരിഹാരംതേടി ദൈവത്തോട് ആത്മാര്‍ഥമായി നാം പ്രാര്‍ഥിക്കാതെ എല്ലാം ഒരുതരം ചടങ്ങായി മാറിപ്പോവുകയാണ് ഇന്ന്. പ്രശ്‌നപരിഹാരത്തിന്നായി ദൈവത്തോടു പ്രാര്‍ഥിക്കുന്നവരില്‍നിന്നു ഒരിറ്റുകണ്ണീര്‍ പൊഴിക്കാതിരുന്നപ്പോള്‍ ആകാശത്തുനിന്നു കണ്ണുനീര്‍ ഉറ്റിക്കാന്‍ ദൈവം മടികാണിച്ചുവെന്നു മാത്രമേ ഇതിനെക്കുറിച്ചു പറയാനുള്ളു. ‘തെറ്റുകുറ്റങ്ങള്‍ അധികരിക്കുന്നിടത്തുനിന്നു ദൈവാനുഗ്രഹങ്ങളെ പോക്കിക്കളയുമെന്നു’ പ്രവാചകന്‍ പഠിപ്പിക്കുന്നു.
ദൈവം നിഷിധമാക്കിയതെല്ലാം മനുഷ്യര്‍ ചെയ്തുകൂട്ടുന്നു. പിഞ്ചുകുട്ടികളെയും സ്ത്രീകളെയും നിരപരാധികളെയും വധിക്കുകയും പീഡീപ്പിക്കുയും ചെയ്യുന്നതു വര്‍ധിച്ചിരിക്കുന്നു. മഴവര്‍ഷിക്കാന്‍ ഏറെ സഹായമാകുന്ന പ്രകൃതിയെ ചൂഷണംചെയ്യുകയും നശിപ്പിക്കുകയും ചെയ്യുകയാണെങ്ങും. പ്രപഞ്ചത്തെ സൃഷ്ടിച്ചതു മനുഷ്യര്‍ക്കുവേണ്ടിയാണെന്നു പറഞ്ഞുതരുന്ന ദൈവവചനങ്ങളെ അവഗണിച്ചു പലരും പ്രവര്‍ത്തിക്കുകയാണ്.

മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നു നേതാക്കളും പണ്ഡിതന്മാരും ആഹ്വാനംചെയ്തായി  വിവരിച്ചുവല്ലോ. എല്ലാംമറന്ന് ഒത്തൊരുമിച്ചു ചെയ്യേണ്ട കാര്യമാണിത്. എന്നാല്‍, ഈ സദുദ്യമത്തിനു മുതിരുന്നതിനുമുമ്പ്  തങ്ങളുടെ കൈകള്‍ പരിസ്ഥിതിചൂഷണങ്ങളില്‍നിന്നു ശുദ്ധമാണോയെന്ന് ഓരോ വിശ്വാസിയും പരിശോധിക്കുന്നതു നന്നായിരിക്കും.
ഈ വിഷയത്തില്‍ ചില ഇസ്്‌ലമിക മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
1. ദൈവവുമായുളള ബന്ധത്തില്‍ വീഴ്ചവന്നിട്ടുണ്ടോയെന്നു കണ്ടെത്തി നിലപാടു തിരുത്താന്‍ വിശ്വാസി തയ്യാറാവണം. മനസ്സ് പശ്ചാത്താപവിവശമാക്കണം. തെറ്റുകുറ്റങ്ങളില്‍ നിന്നു മാറിനില്‍ക്കുകയും വേണം.

2. പാരിസ്ഥിതികമായി എന്തെല്ലാം തെറ്റുകളാണു നാം ചെയ്ത്കൂട്ടിയിരിക്കുന്നത് ?അവയെല്ലാം നിലനിര്‍ത്തി ദൈവത്തെ പ്രീതിപ്പെടുത്തുക സാധ്യമല്ല. അതുകൊണ്ട് അവയില്‍നിന്നെല്ലാം നാം മാറിനില്‍ക്കണം. പരിസ്ഥിതിക്കു കോട്ടംതട്ടുന്നതു ദൈവാനുഗ്രങ്ങള്‍ ഇറങ്ങുന്നതു തടയലാണ്. അത് മനുഷ്യരുടെയെന്നല്ല എല്ലാം ജീവജാലങ്ങളുടെയും നിലനില്‍പ്പിനെ ബാധിക്കും.  ഒരിക്കല്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു: ”അധര്‍മികള്‍ മരിച്ചാല്‍ മനുഷ്യരും നാടും മരങ്ങളും മൃഗങ്ങളും പക്ഷികളുമുള്‍പ്പെടെയുള്ള ജീവജാലങ്ങളും ആശ്വാസം കൊള്ളും.” പ്രവാചകന്റെ ഈ വാക്കില്‍നിന്നു ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ട്. പാരിസ്ഥിതിക ഇടപെടലുകളിലൂടെ ദോഷകരമായ സ്വാധീനത്തെ ഇല്ലായ്മചെയ്യാണിതുസൂചിപ്പിക്കുന്നു.
മിക്കവര്‍ഷങ്ങളിലും നമുക്കു മഴ നന്നായി ലഭിക്കുന്നു.

കഴിഞ്ഞവര്‍ഷം ധാരാളം മഴലഭിച്ചു. ദൈവംനല്‍കുന്ന ഈ മഹത്തായ അനുഗ്രഹത്തെ കരുതലോടെയാണു നാം സ്വീകരിക്കേണ്ടത്. അവ നശിപ്പിച്ചുകളയുകയോ മലിനമാക്കുകയോ ചെയ്യരുത്. കോടികണക്കിനു ഗ്യാലന്‍ വെളളം മനുഷ്യര്‍ ഇന്നു നശിപ്പിച്ചു കളയുന്നു. ഒഴുകിപ്പോകുന്ന വെള്ളം തടഞ്ഞുനിര്‍ത്തി ഭൂമിയില്‍ നിക്ഷേപങ്ങളായി നിര്‍ത്തുകയാണു ചെയ്യേണ്ടത്. അതിന് അവസരമൊരുക്കാതെ അമൂല്യമായ വെള്ളത്തെ നശിപ്പിക്കുകയാണെങ്ങും.  ഖുര്‍ആന്‍ പറയുന്നു: ” ആകാശത്തുനിന്നു നാം ഒരുനിശ്ചിതയളവില്‍ വെള്ളം ചൊരിക്കുകയും എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു.” (ഖുര്‍ആന്‍ 23:18)
മഹാനായ ഖലീഫ ഉമര്‍ (റ) ന്റെ കാലത്തു നടന്നൊരുസംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. വെട്ടുകിളികളെ പരിസരത്തെങ്ങും കാണാതെ വന്നപ്പോള്‍ എന്തുകൊണ്ടാണവ ഇവിടെനിന്നെല്ലാം അകന്നുപോയതെന്ന് അദ്ദേഹം അന്വേഷിച്ചു.  അവയ്ക്കു യോജിച്ച കാലാവസ്ഥയല്ലാത്തതു കൊണ്ടാണോ  വംശനാശം സംഭവിച്ചതാണോ എന്നറിയാന്‍  ദൂതന്മാരെ നിയോഗിച്ചു.  യമന്‍ പ്രദേശത്ത് അവ സുഖമായി കഴിയുന്നുണ്ടെന്നറിയിച്ച ദൂതന്‍ കുറച്ചു വെട്ടുകിളികളുമായി ഖലീഫയുടെ അടുക്കല്‍ വന്നു. അവയ്ക്കു ജീവനാശം സംഭവിച്ചില്ലന്നറിഞ്ഞപ്പോള്‍ ഖലീഫ ദൈവത്തെ സ്തുതിച്ചു.  അവയുടെ നിലനില്‍പ്പിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.

ദൈവത്തോടും ജിവജാലങ്ങളോടും മനുഷ്യര്‍ ഇന്നു ചെയ്യുന്ന തെറ്റുകള്‍ കൃഷിനാശങ്ങള്‍ക്കും പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്നു ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. (ഖുര്‍ആന്‍ 30:40) മനുഷ്യര്‍ ചെയ്തു തീര്‍ക്കുന്ന തെറ്റുകളുടെ ആധിക്യത്തില്‍നിന്നുകൊണ്ടു മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കുകയോ നിസ്‌കരിക്കുകയോ ചെയ്തതുകൊണ്ടു മാത്രം മഴവര്‍ഷിക്കുകയില്ല. ദൈവകോപത്തിനു വിധേയരാകാതിരിക്കാന്‍ എന്നെന്നും ശ്രമിക്കേണ്ടതുണ്ട്. മഴ ലഭിക്കാതിക്കാന്‍ കാരണം മനുഷ്യര്‍ ചെയ്തുകൂട്ടുന്ന തെറ്റുകുറ്റങ്ങള്‍ തന്നെയാണ്. ദൈവത്തിന്റെ കല്‍പനയ്ക്കു വിധേയമാകാത്തവരില്‍ അവന്‍ പരീക്ഷണങ്ങള്‍ ഇറക്കികൊണ്ടിരിക്കുമെന്നു ഖുര്‍ആന്‍ ഒന്നിലധികം സ്ഥലങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്.
”മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചതു നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ  ഫലം അവര്‍ക്ക് ആസ്വദിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരുവേള മടങ്ങിയേക്കാം. (ഖുര്‍ആന്‍ 30:40)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.