
ബംഗളൂരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ചാം ടി20 മഴ കാരണം ഉപേക്ഷിച്ചു. ഇതോടെ 22ന് പരമ്പര സമനിലയില്‍ കലാശിച്ചു. തുടക്കത്തില്‍ തന്നെ മഴ എത്തിയതിനാല്‍ മത്സരം വൈകിയായിരുന്നു തുടങ്ങിയത്. എന്നാല്‍ മത്സരത്തിനിടെയും മഴ പെയ്തു. ഇതോടെ മത്സരം നിര്‍ത്തി മഴ മാറുന്നതുവരെ കാത്തിരുന്നു. എന്നാല്‍ ഏറെ കാത്തിരുന്നിട്ടും മഴ മാറാത്തതിനെ തുടര്‍ന്നായിരുന്നു മത്സരം റദ്ദാക്കാന്‍ ഇരു ടീമുകളും സമ്മതം നല്‍കിയത്. ഇതോടെ മത്സരം റദ്ദ് ചെയ്തതായി ബി.സി.സി.ഐ അറിയിക്കുകയായിരുന്നു. ടോസ് നേടി ദക്ഷിണാഫ്രിക്കന്‍ നായകന് കേശവ് മഹാരാജ് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ 3.3 ഓവറില്‍ ഇന്ത്യ 28/2 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് മഴ കളി തടസപ്പെടുത്തിയത്. ഇഷന്‍ കിഷന് 15 റണ്‍സും റുതുരാജ് ഗെയ്ക്ക്വാദ് 10 റണ്‍സും നേടി ലുംഗിസാനി എന്‍ഗിഡിയ്ക്ക് വിക്കറ്റ് നല്കി മടങ്ങുകയായിരുന്നു. പിന്നീട് മത്സരത്തില്‍ ഒരു പന്ത് പോലും എറിയാന്‍ കഴിഞ്ഞില്ല.