2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഈ റെയില്‍വേ സ്റ്റേഷനുകളുടെ മുഖം മാറും; മാറ്റങ്ങളെക്കുറിച്ച് അറിയാം

ഈ റെയില്‍വേ സ്റ്റേഷനുകളുടെ മുഖം മാറും; മാറ്റങ്ങളെക്കുറിച്ച് അറിയാം

ന്യൂഡല്‍ഹി: രാജ്യത്തെ 508 സ്‌റ്റേഷനുകളുടെ മുഖം മാറ്റാനൊരുങ്ങി രാജ്യം. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിക്ക് കീഴില്‍ 24,470 കോടി രൂപ ചെലവില്‍ രാജ്യത്തുടനീളമുള്ള 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനമാണ് നടത്താന്‍ പോകുന്നത്. പദ്ധതിക്ക് തുടക്കംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് തറക്കല്ലിട്ടു. 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം ഇന്ത്യയിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ പരിവര്‍ത്തനത്തിന് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ വികസനത്തിന്റെ പുതിയ യുഗം തുടങ്ങുകയാണെന്നും ഇത് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതീകരണം, പാത ഇരട്ടിപ്പിക്കല്‍, പുതിയ പാതകളുടെ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഒമ്പത് വര്‍ഷമായി റെയില്‍വേയ്ക്ക് വലിയ മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി സ്റ്റേഷനുകളില്‍ നടപ്പാലങ്ങള്‍, ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, പാര്‍ക്കിങ് സൗകര്യം, വിശ്രമമുറികള്‍, നിരീക്ഷണക്യാമറ, ജനറേറ്ററുകള്‍, വിവരവിനിമയസംവിധാനം എന്നിവയ്‌ക്കൊപ്പം യാത്രക്കാര്‍ക്കുള്ള ആധുനിക സൗകര്യങ്ങളോടെയാകും റെയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കുക. പ്ലാറ്റ്‌ഫോമുകളുടെ നീളവും ഉയരവും കൂട്ടും. കൂടുതല്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുന്നതും സ്റ്റേഷനിലേക്ക് പുതിയ റോഡ് നിര്‍മ്മിക്കുന്നതുമെല്ലാം പദ്ധതിയുടെ ഭാഗമാകും.

ഏറ്റവും കൂടുതല്‍ സ്റ്റേഷനുകള്‍ ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമാണ്, ഇരു സംസ്ഥാനങ്ങളിലും 55 എണ്ണം വീതമാണ്. ബിഹാറില്‍ 49ഉം മഹാരാഷ്ട്രയില്‍ 44ലും സ്റ്റേഷനുകള്‍ നവീകരിക്കും. പശ്ചിമബംഗാള്‍ 37, മധ്യപ്രദേശ് 34, ആസാം 32 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നവീകരിക്കുന്ന റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം. കേരളത്തില്‍ പാലക്കാട് ഡിവിഷനില്‍ കാസര്‍കോട്, പയ്യന്നൂര്‍, വടകര, തിരൂര്‍, ഷൊര്‍ണൂര്‍, മംഗലാപുരം സ്റ്റേഷനുകളാണ് ആദ്യഘട്ടത്തില്‍ നവീകരിക്കുന്നത്. തിരുവനന്തപുരം ഡിവിഷനില്‍ നാഗര്‍കോവില്‍ സ്‌റ്റേഷനാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.