2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അയാളിപ്പോൾ പഴയ രാഹുലല്ല; രൂപത്തിൽ മാത്രമല്ല ഈ മാറ്റമെന്നും വിദഗ്ധർ

 

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര കോൺഗ്രസിന് ഉണ്ടാക്കിയ പുതിയ ഊർജ്ജത്തോടൊപ്പം അത് രാഹുലിന്റെ വ്യക്തിത്വത്തിലുണ്ടാക്കിയ മാറ്റവും സജീവചർച്ചയാകുന്നു. ക്ലീൻഷേവ് മുഖവുമായി പതിന് വെളുപ്പ് നിറത്തിലുള്ള കൂർത്തയും ജുബ്ബയും ധരിച്ചാണ് സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിൽ ഭാരത് ജോഡോ യാത്ര തുടങ്ങുമ്പോൾ രാഹുൽ പ്രത്യക്ഷപ്പെട്ടത്.

മൂന്നുനാലുദിവസം കഴിഞ്ഞ് കേരളത്തിലെത്തിയപ്പോഴേക്കും കൂർത്തയും ജുബ്ബയും പോയി. പകരം പാന്റും വെള്ള ടീ ഷർട്ടുമായി വേഷം. ഡിസംബർ മധ്യത്തിൽ രാഹുൽഗാന്ധി ഡൽഹിയിലെത്തുമ്പോൾ പത്തിൽ താഴെയായിരുന്നു താപനില. അപ്പോഴും വെള്ള ടീഷർട്ടുമായി അതി രാവിലെയും പൊതുമധ്യത്തിലിറങ്ങിയ രാഹുലിന്റെ ‘തൊലിക്കട്ടി’ മാധ്യമങ്ങളിൽ ചർച്ചയായി. മൈനസ് താപനിലയും ഏഴ് ഇഞ്ച് അടിവരെ ഉയരത്തിൽ മഞ്ഞുവീഴ്ചയുമുള്ള കശ്മീരിലെത്തിയപ്പോൾ മാത്രമാണ് പിന്നീട് രാഹുൽ വെള്ള ടീഷർട്ടിന് മുകളിൽ കോട്ട് ഇട്ടത്.

എന്നാൽ സെപ്റ്റംബർ ഏഴിന് യാത്ര തുടങ്ങിയ ശേഷം രാഹുൽഗാന്ധി താടിയോ മുടിയോ മീശയോ വടിച്ചില്ല. ഓരോ ദിവസം പിന്നിടുമ്പോഴും രാഹുലിന്റെ വളർന്ന താടിയും പലപ്പോഴും യാത്രയോടൊപ്പം ചർച്ചയായി. ബി.ജെ.പി നേതാക്കളുടെ പരിഹാസത്തിനും ഇരയായി. ജനുവരി 30ന് യാത്ര ശ്രീനഗറിൽ സമാപിക്കുമ്പോൾ സദ്ദാം ഹുസൈന്റെയും കാറൽമാർക്‌സിന്റെയും പോലുള്ള രൂപമായി രാഹുലിന്റെ മുഖംമാറി. എന്നാൽ ഈ രൂപമാറ്റം രാഹുലിന്റെ സ്വഭാവത്തിലും ഉണ്ടായെന്നും രാഹുൽ ആ പഴയ രാഹുലല്ലെന്നുമാണ് യാത്രയെ അവലകോനംചെയ്ത് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

‘താടിയോടൊപ്പം അദ്ദേഹത്തിന് ഗൗരവവും വന്നിരിക്കുന്നു. അയാൾ ഇപ്പോൾ ഇന്ദിരയുടെ കൊച്ചുമകനോ രാജീവ്ഗാന്ധിയുടെ മകനോ അല്ല. സ്വന്തമായി വ്യക്തിത്വമുള്ള രാഹുൽഗാന്ധിയാണ്’- മുതിർന്ന പരസ്യവ്യവസായി പ്രഹ്ലാദ് കാക്കർ പറഞ്ഞു. ഗൗരവമില്ലാത്ത ചെറുപ്പക്കാരൻ എന്ന പഴയ വിശേഷണത്തിൽ നിന്നുള്ള രൂപമാറ്റമാണിതെന്നും യാത്ര ഈ രൂപമാറ്റ പ്രഖ്യാപനമായിരുന്നുവെന്നും എഫ്.സി.ബി മീഡിയ സി.ഇ.ഒ രോഹിത് ഒഹ്രി പറഞ്ഞു. പരസ്യ, ഇവന്റ് മാനേജ്‌മെന്റ്, മോഡലിങ് രംഗത്തുള്ളവരും സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.