2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

നടന്ന് നടന്ന്…

സത്യത്തെക്കുറിച്ചു പറയാറുണ്ട്; കുഴിച്ചിട്ടാല്‍ മുളക്കും, ചങ്ങലക്കിട്ടാല്‍ പൊട്ടിക്കും. എന്നപോലെ മാറാനിരിക്കുകയാണ് നമ്മുടെ ഇന്ത്യന്‍ അവസ്ഥയും. എന്നെങ്കിലുമൊരിക്കല്‍ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ ചങ്ങല പൊട്ടിച്ചു പുറത്തുവരും; അല്ലെങ്കില്‍ തരിശിടത്തിലും മുളപൊട്ടി മരമുണ്ടാകും.
തല്ലിക്കൊന്നും കുഴിച്ചിട്ടും തീയിട്ടും ജയിലിലടച്ചും ഒരു ജനതയെയും സംസ്‌കാരത്തെയും പൈതൃകങ്ങളെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കേണ്ടത് ഫിര്‍ഔന്റെ കൊട്ടാരത്തില്‍ തന്നെയാണ് മൂസാ(അ) പ്രവാചകന്‍ വളര്‍ന്നത് എന്നാണ്. വിധി അടുക്കുമ്പോള്‍ നിമിത്തങ്ങള്‍ എന്തായിരിക്കുമെന്ന് പറയുക ആര്‍ക്കും വയ്യ.
സ്വപ്‌നേപി ഊഹിച്ചിരുന്നിട്ടില്ലാത്തത്രയും ഭീതിദമായ കാലത്തിലൂടെയാണ് ഇന്ത്യ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ബ്രിട്ടിഷുകാരില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ജീവത്യാഗം ചെയ്തവര്‍ ഉയിര്‍ത്തെഴുന്നേറ്റുവന്നിരുന്നെങ്കില്‍ എത്രയധികം ഭരണാധികാരികളെ അവര്‍ മുക്കാലിയില്‍ കെട്ടി തല്ലുമായിരുന്നു! രാഷ്ട്രപിതാവ് ഗാന്ധിജിയെ എടുക്കാം, അദ്ദേഹത്തിനു പകരം വെള്ളപൂശപ്പെടുന്നത് ആരെയാണ്; ഗോഡ്‌സെയെ! ഈ ഇന്ത്യയില്‍ നെഹ്‌റു എവിടെ, അംബേദ്കര്‍ എവിടെ, മൗലാനാ ആസാദ് എവിടെ!
എന്നാല്‍ ഇങ്ങേ അറ്റത്തുനിന്ന് ഒരാള്‍ വിളിച്ചുപറയുകയാണ്; ഇന്ത്യയെ ഞാന്‍ മോചിപ്പിക്കും, എന്റെ കൂടെ നിങ്ങളൊന്ന് നിന്നുതന്നാല്‍ മതി. ഞാനിതാ വരുന്നു, ഇന്ത്യ ഒട്ടുക്ക് പരന്നുകിടക്കുന്ന എന്റെ ഗ്രാമങ്ങളെ കാണാന്‍, ജനതയെ കാണാന്‍. ഗ്രാമങ്ങളിലാണ് ഇന്ത്യയെന്ന് പ്രഖ്യാപിച്ച മഹാത്മജിയെ ഓര്‍മിപ്പിക്കാന്‍. അദ്ദേഹത്തെ വെടിവച്ചു കൊന്ന ഗോഡ്‌സയെ വ്യാഖ്യാനിക്കാന്‍ വരിന്‍ രാഹുല്‍ജി.

അംഗരക്ഷകരെ മറികടന്ന് സാധാരണക്കാര്‍ക്കൊപ്പം ഇറങ്ങി നടക്കവേ കൊല്ലപ്പെട്ട അച്ഛന്റെ മകന് മനുഷ്യരെ പേടിയില്ല; അതുകൊണ്ടാണ് ആ മകന്‍ രാഹുല്‍ഗാന്ധി, തന്റെ രാജ്യത്തിന്റെ വിരിമാറിലൂടെ 3500 കിലോമീറ്ററുകള്‍ നടക്കാന്‍ തീരുമാനിച്ചത്.
വീട്ടില്‍നിന്ന് കാറില്‍ കയറി ഉദ്ദിഷ്ട ഇടത്തിലെത്തുമ്പോള്‍ നമ്മള്‍ക്ക് ആരുമായും സമ്പര്‍ക്കത്തിന് പറ്റുന്നില്ല. എന്നാല്‍ കാല്‍നടയായി വരുമ്പോള്‍ എത്രയധികം ആളുകളുമായി സമ്പര്‍ക്കത്തിന് സാധിക്കുന്നു! ഇതുതന്നെയാണ് ഭാരത് ജോഡോ യാത്ര വഴി രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നത്. ഇങ്ങനെയൊരു യാത്ര ഇന്ത്യയില്‍ ഒരു കാലത്തും ഒരു നേതാവും നടത്തിയിട്ടില്ലെന്ന പ്രത്യേകതകൂടി ആ തൂവലില്‍ തുന്നിച്ചേര്‍ക്കുന്നു.
രാഹുല്‍ ഗാന്ധിയെയും നെഹ്‌റു കുടുംബത്തെയും ഇകഴ്ത്തിക്കാണിക്കാന്‍ രാജ്യത്ത് വലിയൊരു ഗാങ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് പുതുമയില്ലാത്ത വാര്‍ത്തയാണ്. ആ കുടുംബം രാജ്യത്തിനുവേണ്ടി ചെയ്ത സേവനങ്ങള്‍ എത്ര പെട്ടെന്ന് മറന്നുകളയുന്നു മനുഷ്യര്‍! അതിരുവിട്ടപ്പോള്‍ ഇന്ദിരയെയും നമ്മള്‍ പഠിപ്പിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്ക് ജനങ്ങള്‍ നല്‍കിയ ശിക്ഷയായിരുന്നു പിന്നെ വന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ നിലംപരിശാക്കിയത്.
ഭരണം കൈവിട്ടതിന്റെ അന്ധാളിപ്പുകള്‍ക്കിടയില്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചുവെങ്കിലും കരുണയും സഹാനുഭൂതിയും മനുഷ്യാവകാശബോധങ്ങളും ധാരാളമുണ്ടായിരുന്നു ഇന്ദിരാഗാന്ധിയില്‍. കുടുംബമഹിമ, തറവാടിത്തം എന്നിങ്ങനെയുള്ള പൈതൃകങ്ങള്‍ പരിഷ്‌കാരപ്രകടനത്തിന്റെ പേരില്‍ കേവലം അന്ധവിശ്വാസങ്ങളായി തള്ളേണ്ടതൊന്നുമല്ല. തറവാടിത്തമുള്ളവരില്‍നിന്ന് അന്തസ് എപ്പോഴും പ്രതീക്ഷിക്കാവുന്നതാണ്. അതുകൊണ്ടാവാം, തോറ്റമ്പിയിരിക്കുമ്പോഴും, സമ്പന്ന സവര്‍ണ വിഭാഗമായ ഖുര്‍മികള്‍, പാവങ്ങളില്‍ പാവങ്ങളായ 11 ദലിതരെ അടിച്ചുകൊന്ന് തീയിട്ട ഗ്രാമത്തിലേക്ക് ഇന്ദിര യാത്രപോയത്.

ബിഹാറിലെ പാറ്റ്‌ന ജില്ലയിലെ ബല്‍ച്ചി ഗ്രാമത്തിലായിരുന്നു സംഭവം. പാറ്റ്‌നയില്‍ വിമാനമിറങ്ങിയ ഇന്ദിരയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊണ്ടുപോയത് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലേക്ക്. റോഡ് വഴി ബല്‍ച്ചി ഗ്രാമത്തിലെത്തുക എളുപ്പമായിരുന്നില്ലെങ്കിലും ഇന്ദിര വാശിപിടിച്ചു. പൊട്ടിപ്പൊളിഞ്ഞ റോഡ് വഴിയുള്ള കാറ് യാത്ര പിന്നീട് ജീപ്പിലാക്കി. ചെളിയില്‍ കുഴഞ്ഞ ജീപ്പ് ഒരിടത്തുനിന്നപ്പോള്‍ ഇന്ദിര സാരി മടക്കിക്കുത്തി നടന്നുതുടങ്ങി. പിന്നെ ആനപ്പുറത്ത്… അനേകം കിലോമീറ്ററുകള്‍ താണ്ടിയുള്ള ആ യാത്ര കൂടെയുള്ളവരെ അത്ഭുതപ്പെടുത്തി.
തന്റെ പാര്‍ട്ടി തോറ്റു തൊപ്പിയിട്ട ബിഹാറില്‍ കോണ്‍ഗ്രസ് തിരിച്ചെത്തി. വമ്പന്‍ പരാജയത്തില്‍ പെട്ട ഇന്ദിര, 1980ല്‍ മൂന്നില്‍ രണ്ടിനോടടുത്ത ഭൂരിപക്ഷത്തിന് ഇന്ത്യയെ തന്നെ തിരിച്ചുപിടിച്ചു.

തോല്‍വിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടപ്പോള്‍ കോണ്‍ഗ്രസ് തിരിച്ചെത്തി. വീണ്ടും കൈവിട്ടപ്പോള്‍ എത്തിപ്പെട്ടത് ബി.ജെ.പിയുടെ കൈയില്‍. കോണ്‍ഗ്രസ് വീണ്ടും വീണ്ടുവിചാരത്തിനൊരുങ്ങിയപ്പോള്‍ സംഭവിച്ചത് വേറെയൊരു യാത്ര. ഏഴാം തീയതി കന്യാകുമാരിയില്‍ നിന്നാരംഭിച്ച ആ യാത്ര കേരളത്തിന്റെ നിലം തൊടുന്നു ഇന്ന്.
കേരളവും ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധം ദൃഢവും ആഴമേറിയതുമാണ്. കോണ്‍ഗ്രസ്മുസ്‌ലിം ലീഗ് ബന്ധത്തിന്റെകൂടി മുദ്രയാണ് ആ ധാര. പാണക്കാട് കുടുംബവും ഇന്ദിരാഗാന്ധിയും ആ സൗഹൃദം നിലനിര്‍ത്തി. സോണിയയും ആ ബന്ധം തുടര്‍ന്നു.
അവിചാരിതങ്ങള്‍ വലിയ ചരിത്ര സാക്ഷ്യങ്ങളായി മാറുന്നത് നിരീക്ഷകര്‍ക്കു പുതുമയല്ല; എന്നാല്‍ അങ്ങനെയൊരു പുതുമക്ക് വഴി തുറക്കേണ്ടതല്ലേ രാഹുലിന്റെ ഈ യാത്ര. സബര്‍മതി ആശ്രമത്തില്‍ വണങ്ങി, അച്ഛന്‍ കൊല്ലപ്പെട്ട ശ്രീപെരുംപുതൂരില്‍ പ്രാര്‍ഥിച്ച്, വിവേകാനന്ദ കാമരാജ് സ്മാരകങ്ങളില്‍ സ്മരണാഞ്ജലികളര്‍പ്പിച്ച് അഞ്ചു മാസംകൊണ്ട് 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി മൂവായിരത്തി അഞ്ഞൂറ് കി.മീ നടന്നുതീര്‍ത്ത് കശ്മിരിലെത്തുമ്പോള്‍ ഇന്ത്യക്ക് കിട്ടില്ലേ ഒരു നേതാവിനെ? ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള ഒരു പോരാളിയെ?

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.