
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ തുടരെത്തുടരെയുള്ള മണ്ടത്തരങ്ങളും അവിവേകങ്ങളും ഇന്ത്യയെ ബലഹീനമാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നം അടക്കം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇന്ത്യ പോലുള്ള ഒരു രാജ്യത്തിനു നേരെ ചൈനയ്ക്ക് ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാന്‍ അനുവദിച്ചതെന്താണെന്ന ചോദ്യവും രാഹുല്‍ ഗാന്ധി ചോദിച്ചു.
കഴിഞ്ഞ ആറു വര്‍ഷക്കാലം ഇന്ത്യ അസ്വസ്ഥവും അലങ്കോലവുമായി. സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിലും വിദേശ ബന്ധത്തിന്റെ കാര്യത്തിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. യു.എസുമായും റഷ്യയുമായും ഇന്ത്യയ്ക്ക് തന്ത്രപ്രധാനമായ ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും അതിപ്പോള്‍ വെറുമൊരു അനുഷ്ഠാനമായി മാറിയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
അയല്‍രാജ്യങ്ങളുമായും മറ്റു രാജ്യങ്ങളുമായുമുള്ള ബന്ധവും സ്വന്തം രാജ്യത്തെ സമ്പദ്വ്യവസ്ഥയും ജനങ്ങളുടെ അഭിലാഷവും സംരക്ഷിക്കുകയാണ് ഒരു രാജ്യം ചെയ്യേണ്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാരണം നേപ്പാള്‍, ഭൂട്ടാന്, എന്തിന് ശ്രീലങ്ക വരെ ഇന്ത്യയോട് ദേഷ്യപ്പെട്ട അവസ്ഥയിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.