തിരുവനന്തപുരം: ബി.ബി.സി ഡോക്യൂമെന്ററി വിഷയത്തിൽ അനിൽ ആന്റണിയുടെ നിലപാടിനെതിരെ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. രാജ്യമെന്നാൽ മോദിയല്ലായെന്ന മല്ലികാർജ്ജുന ഖാർഗെയുടെയും, രാഹുൽ ഗാന്ധിയുടെയും നിലപാട് പിന്തുടരാനാകാത്ത ആൾ കോൺഗ്രസ്സ് അനുഭാവിയായി പോലും തുടരാൻ അർഹനല്ലെന്ന് രാഹുൽ ഫേസ്ബുക്കിൽ പ്രതികരിച്ചു.
സാങ്കേതികമായി അനിൽ ആന്റണി കെ.പി.സി.സി ഡിജിറ്റൽ മീഡിയ ചെയർമാൻ പദവി വഹിക്കുന്നുവെങ്കിൽ ഒരു നിമിഷം പോലും അദ്ദേഹത്തിന് അതിൽ തുടരാനുള്ള അവകാശമില്ല, അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് പാർട്ടി പുറത്താക്കണം എന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു
കോൺഗ്രസും രാഹുൽ ഗാന്ധിയും കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതും സംശയലേശമന്യേ പ്രഖ്യാപിച്ചിരുന്നതുമാണ് ബി.ബി.സി അവരുടെ ഡോക്യുമെന്ററിയിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്. ഗുജറാത്തിലെ വംശഹത്യയുടെ സൂത്രധാരൻ നരേന്ദ്രമോഡിയാണെന്ന് തന്നെയാണ്. പക്ഷേ അനിൽ ആന്റണിക്ക് അതൊട്ടും ബോധിച്ചിട്ടില്ല എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചും, അവഗണിച്ചും ഒരു മനുഷ്യൻ കഴിഞ്ഞ കുറേ മാസങ്ങളായി കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് നടക്കുന്നത് ഇന്ത്യയെ ഒന്നിപ്പിക്കുവാനാണ്.
ബാബ്റി മസ്ജിദ് തകർത്തും, ഗുജറാത്തിൽ കലാപം നടത്തിയുമൊക്കെ ഇന്ത്യയെ കീറി മുറിച്ച് കൊണ്ടിരിക്കുന്ന ഛിദ്ര ശക്തികൾക്കെതിരെയാണ് രാഹുൽ ഗാന്ധി ജോഡോ യാത്രയുമായി നടക്കുന്നത്.
കോൺഗ്രസും രാഹുൽ ഗാന്ധിയും കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതും സംശയലേശമന്യേ പ്രഖ്യാപിച്ചിരുന്നതുമാണ് ബിബിസി അവരുടെ ഡോക്യുമെൻററിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത് , ഗുജറാത്തിലെ വംശഹത്യയുടെ സൂത്രധാരൻ നരേന്ദ്രമോഡിയാണെന്ന് തന്നെയാണ്. പക്ഷേ അനിൽ ആന്റണിക്ക് അതൊട്ടും ബോധിച്ചിട്ടില്ല പോലും!
അനിൽ ആന്റണിയെന്ന പ്രൊഫഷണലിന് തന്റെ അഭിപ്രായം പറയുന്നതിന് ഒരു തടസ്സവുമില്ല. എന്നാൽ ഏതാനും നാൾ മുമ്പ് വാർത്തയിൽ നിന്നുമറിഞ്ഞത് അദ്ദേഹം കേരളത്തിലെ കോൺഗ്രസ് ഡിജിറ്റൽ കമ്യൂണിക്കേഷൻ മേധാവിയെന്ന സ്ഥാനം ലഭിച്ചുവെന്നാണ്. അനില്‍ ആന്റണിയുടെ പ്രവർത്തനത്തിലൂടെ അത്തരമൊരു പദവി അദ്ദേഹം വഹിക്കുന്നതായി തോന്നിയിട്ടില്ല , എങ്കിലും സാങ്കേതികമായി അനിൽ ആൻറണി കെപിസിസി ഡിജിറ്റൽ മീഡിയ ചെയർമാൻ പദവി വഹിക്കുന്നുവെങ്കിൽ ഒരു നിമിഷം പോലും അദ്ദേഹത്തിന് അതിൽ തുടരാനുള്ള അവകാശമില്ല, അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് പാർട്ടി പുറത്താക്കണം പറയാനൊള്ളു ..
രാജ്യമെന്നാൽ മോദിയല്ലായെന്ന മല്ലികാർജ്ജുന ഖാർഗെയുടെയും , രാഹുൽ ഗാന്ധിയുടെയും നിലപാട് പിന്തുടരാനാകാത്ത ആൾ കോൺഗ്രസ്സ് അനുഭാവിയായി പോലും തുടരാൻ അർഹനല്ല.
Comments are closed for this post.