2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

രാഹുല്‍ ഗാന്ധി ഒരുമാസത്തിനുള്ളില്‍ ഔദ്യോഗിക വസതി ഒഴിയണമെന്ന് നോട്ടീസ്

ന്യുഡല്‍ഹി: ലോക്‌സഭയില്‍ നിന്നും അയോഗ്യനാക്കപ്പെട്ടതോടെ രാഹുല്‍ഗാന്ധിയോട് ഔദ്യോഗിക വസതി അടിയന്തിരമായി ഒഴിയാന്‍ ലോക്‌സഭാ ഹൗസിങ് കമ്മിറ്റി ആവശ്യപ്പെട്ടു. അയോഗ്യനാക്കപ്പെതോടെ പാര്‍ലമെന്റ്ംഗം എന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് ലോക്‌സഭാ സെക്രട്ടറിയേററ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഒരുമാസത്തിനുള്ളില്‍ വീടൊഴിയണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

23നാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി വിധിയെ തുടര്‍ന്ന് അയോഗ്യനാക്കിയത്.ക്രിമിനല്‍ മാനനഷ്ടത്തില്‍ പരമാവധി ശിക്ഷയായ രണ്ടു വര്‍ഷം തടവാണ് ഇപ്പോള്‍ കോടതി രാഹുല്‍ ഗാന്ധിക്ക് വിധിച്ചിരിക്കുന്നത്. കോടതി വിധിക്കെതിരെ വലിയ നിയമ രാഷ്ട്രീയ പോരാട്ടത്തിന് കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. വസതി ഒഴിയാന്‍ രാഹുലിന് വേണമെങ്കില്‍ കൂടുതല്‍ സമയം തേടാം. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം അപേക്ഷ നല്‍കിയാല്‍ അത് പരിഗണിക്കുമെന്ന് ഹൗസിങ്ങ് കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ വസതി ഒഴിയണമെന്നാണ് ചട്ടം. അതിനുശേഷം താമസിക്കണമെങ്കില്‍ ഉചിതമായ വാടക നല്‍കേണ്ടി വരും.

രാഹുല്‍ ഇസെഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയായതിനാല്‍ സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലുള്ള ഏതെങ്കിലും വസതിയില്‍ താമസിക്കാനാകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍, ഇസെഡ് പ്ലസ് സുരക്ഷയുണ്ടെങ്കിലും ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശ ഉണ്ടെങ്കില്‍ മാത്രമേ ഈ കാര്യത്തില്‍ ഇളവ് ലഭിക്കുകയുള്ളുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം. നേരത്തെ, പ്രിയങ്കാഗാന്ധിക്ക് നല്‍കിയിരുന്ന എസ്പിജി പരിരക്ഷ ഒഴിവാക്കിയതിനെ തുടര്‍ന്ന് അവര്‍ക്ക് ലോധി എസ്‌റ്റേറ്റിലെ സര്‍ക്കാര്‍ വസതി ഒഴിയേണ്ടി വന്നിരുന്നു. പ്രിയങ്കയ്ക്ക് ഒപ്പം രാഹുലിന്റെയും എസ്പിജി സംരക്ഷണം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.

അതേസമയം വീണ്ടും മോദിഅദാനി ബന്ധം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. മോദിഅദാനി ബന്ധത്തെ ‘മോദാനി’ എന്ന് വിശേഷിപ്പിച്ചാണ് ഇത്തവണ രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. ജനങ്ങളുടെ പണം എന്തിന് അദാനിക്ക് നല്‍കുന്നെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. മോദി അദാനി കൂട്ടുകെട്ട് വ്യക്തമായതാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഇ.പി.എഫ്.ഒ ക്യാപിറ്റല്‍ അദാനി ഗ്രൂപ്പിന് നല്‍കുന്നതിന് എതിരെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അദാനി കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് വിവരങ്ങള്‍ പരസ്യപ്പെടുത്താതെന്നാണ് കേന്ദ്രസര്‍ക്കാര്‍ രേഖാമുലം ലോക്‌സഭയെ അറിയിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.