ന്യഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ടിന്റെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കേന്ദ്രത്തിനും പ്രധാനമന്ത്രിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
അദാനി ഗ്രൂപ്പിനെതിരായ കണ്ടെത്തല്‍ ഇന്ത്യയുടെ പ്രതിച്ഛായ നശിപ്പിച്ചു. സംഭവത്തില്‍ ജെ.പി.സി (ജോയിന്റ് പാര്‍ലിമെന്റ് കമ്മറ്റി) അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനിക്കെതിരായ ഓ.സി.സി.ആര്‍.പി കണ്ടെത്തലുകള്‍ അക്കമിട്ടു നിരത്തിയും അത് പ്രസിദ്ധീകരിച്ചത് പത്രവാര്‍ത്തകള്‍ ഉയര്‍ത്തി കാട്ടിയുമാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്.
ജി 20 യോഗത്തിനെത്തുന്ന നേതാക്കള്‍ ചോദ്യങ്ങള്‍ ഉന്നയിക്കും. എന്ത് കൊണ്ടാണ് അദാനിക്ക് മാത്രം ഈ സംരക്ഷണം എന്ന ചോദ്യം ഉയരും. വിനോദ് അദാനിയുടെ പങ്കാളി ചൈനീസ് പൗരനാണ്. ഇന്ത്യയുടെ താല്‍പര്യം ആണ് പ്രധാനമെന്ന് പറയുമ്പോള്‍ ചൈനക്കാരന്റെ പങ്ക് എന്താണ്?.അദാനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ സെബി ചെയര്‍മാനെ എന്‍ഡിടിവിയില്‍ നിയമിച്ചു. അദാനിക്കെതിരെ അന്വേഷണം നടത്തിയ ആള്‍ ഇന്ന് അദാനിയുടെ തൊഴിലാളിയാണ്. ഒരു അന്വേഷണവും നടന്നില്ലെന്ന് വേണം മനസിലാക്കാന്‍. പ്രധാനമന്ത്രിയുടെ അദാനി ബന്ധമാണ് അന്താരാഷ്ട്ര തലത്തിലടക്കം ചര്‍ച്ചയാവുന്നത്. പ്രധാനമന്ത്രി പദത്തിന് പോലും നാണക്കേടുണ്ടാക്കി ഒരാള്‍ക്ക് മാത്രം എങ്ങനെയാണ് വന്‍കിട കരാറുകള്‍ ലഭിക്കുന്നത് ? രാജ്യത്തിന്റെ സ്വത്തുക്കള്‍ ഒരാളില്‍ മാത്രം എങ്ങനെയാണ് സ്വന്തമാവുന്നത്? ഓഹരിവില കൂട്ടാന്‍ എങ്ങനെയാണ് ഇത്രയും കോടി പണം അദാനിക്ക് കിട്ടിയത്’രാഹുല്‍ ഗാന്ധി ചോദിച്ചു.
സ്വന്തം കമ്പനികളില്‍ രഹസ്യമായി അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഒസിസിആര്‍പി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. നിഴല്‍ കമ്പനികള്‍ വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ തട്ടിപ്പ് നടത്തിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തങ്ങള്‍ക്കെതിരായ ആരോപണമെന്നും ഗ്രൂപ്പ് പ്രതികരിച്ചു. ഇന്ത്യയിലെ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനാണ് ശ്രമമെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് അദാനിക്ക് കുരുക്കായി പുതിയ കണ്ടെത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ശാഖകളുള്ള ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് എന്ന കൂട്ടായ്മയാണ് പുതിയ തെളിവുകള്‍ പുറത്തുവിട്ടത്. അദാനിയുടെ കുടുംബവുമായി ബന്ധമുള്ള രണ്ടുപേര്‍ വഴി വിദേശത്തെ നിഴല്‍ കമ്പനികളിലൂടെ അദാനിയുടെ കമ്പനികളില്‍ തന്നെ തിരിച്ച് നിക്ഷേപം നടത്തിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.
Comments are closed for this post.