പട്‌ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ ഉപദേശിച്ച് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. പട്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ചിരിപടര്‍ത്തിയ ലാലുവിന്റെ ഉപദേശം
‘രാഹുല്‍, താങ്കള്‍ ഒരു വിവാഹം കഴിക്കണം. ഇനിയും സമയം വൈകിയിട്ടില്ല. വിവാഹത്തെക്കുറിച്ചു പറഞ്ഞാല്‍ താങ്കള്‍ കേള്‍ക്കില്ലെന്ന് താങ്കളുടെ അമ്മ ഞങ്ങളോടൊക്കെ വിഷമം പറയുന്നു. നിങ്ങളുടെ വിവാഹ ഘോഷയാത്രയുടെ ഭാഗം ആകാനായി ഞങ്ങളൊക്കെ കാത്തിരിക്കുകയാണ്, ഈ താടിയൊക്കെ വടിച്ചുകളയണം’ ലാലു പറഞ്ഞു.
ലാലുവിന്റെ വാക്കുകള്‍ എല്ലാവരും ശ്രദ്ധയോടെയാണ് ആദ്യം കേട്ടിരുന്നതെങ്കിലും പിന്നീട് നേതാക്കളുടെയെല്ലാം മുഖത്ത് ചിരിപടര്‍ന്നു. മുതിര്‍ന്ന നേതാവിന്റെ വാക്കുകള്‍ ചെറുചമ്മലോടെ കേട്ടിരുന്ന രാഹുല്‍ ഗാന്ധി പിന്നീട് മറ്റുള്ളവര്‍ക്കൊപ്പം ചിരിയുടെ ഭാഗമായി. താടിവെട്ടിയൊതുക്കാമെന്ന് സമ്മതിച്ച രാഹുല്‍, വിവാഹകാര്യത്തിലുള്ള പ്രതികരണം ചെറുചിരിയിലൊതുക്കി.
#WATCH | "You didn't listen to my advice earlier. You should have married. It is not too late even today. You must get married," says RJD leader Lalu Yadav to Rahul Gandhi during opposition leaders' press meet in Patna pic.twitter.com/T4HomIpZo5
— ANI (@ANI) June 23, 2023
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ പാര്‍ട്ടി നേതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കിയ പട്‌ന സമ്മേളനം ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷ ഐക്യത്തിലെ സുപ്രധാനമായൊരു ചുവടാണ്. ഇവിടെ നിന്നങ്ങോട്ട് ബിജെപിക്കെതിരായ കരുനീക്കം എങ്ങനെ വേണമെന്ന് വിശദമായി ചര്‍ച്ച ചെയ്യാന്‍ ഒരു മാസത്തിനകം രണ്ടു ദിവസത്തെ ഷിംല സമ്മേളനം നിശ്ചയിച്ചാണ് 17 പാര്‍ട്ടികളുടെ നേതാക്കള്‍ പട്‌നയില്‍ നിന്ന് മടങ്ങിയത്.
Comments are closed for this post.