ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗങ്ങള്‍ രാജ്യത്തെ പ്രകമ്പനം കൊള്ളിക്കുന്നതാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയും തന്റെ മുത്തച്ഛനുമായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലെ ആണ് രാഹുല്‍ ചിലപ്പോള്‍ സംസാരിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. ഗോപണ്ണയുടെ ‘മാമനിതര്‍ നെഹ്‌റു’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും കക്ഷി രാഷ്ട്രീയത്തിനും അപ്പുറം പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമാണ് രാഹുല്‍ സംസാരിക്കുന്നത്. ഇതില്‍ ഗോഡ്‌സേയുടെ പിന്മുറക്കാര്‍ അസന്തുഷ്ടരാകും. നെഹ്‌റു യഥാര്‍ത്ഥ ജനാധിപത്യവാദിയായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പ്രതീകമായിരുന്നു, അതുകൊണ്ടാണ് എല്ലാ ജനാധിപത്യ ശക്തികളും അദ്ദേഹത്തെ വാഴ്ത്തുന്നത്. മതേതരത്വവും സമത്വവും പോലുള്ള മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനേയും മഹാത്മാ ഗാന്ധിയെയും പോലുള്ള നേതാക്കളെ രാജ്യത്തിന് ആവശ്യമാണ് എന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.
രാഹുലിന്റെ പ്രസംഗങ്ങള്‍ രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുന്നു. അതുകൊണ്ടാണ് ചില വ്യക്തികള്‍ അദ്ദേഹത്തെ ശക്തമായി എതിര്‍ക്കുന്നത്. അദ്ദേഹത്തിന്റെ സംസാരം ചിലപ്പോള്‍ നെഹ്‌റുവിനെപ്പോലെയാണ്. മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും അനന്തരാവകാശികള്‍ നടത്തുന്ന ചര്‍ച്ചകളില്‍ ഗോഡ്‌സെയുടെ പിന്‍ഗാമികള്‍ക്ക് കയ്‌പേ തോന്നൂ എന്നും അത് സ്വാഭാവികമാണ് എന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.
Comments are closed for this post.