2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിരുമ്പി വന്തിട്ടേന്‍; ഇനി രാഹുല്‍-മോദി പോര്

തിരുമ്പി വന്തിട്ടേന്‍; ഇനി രാഹുല്‍-മോദി പോര്

ബംഗളൂരു: അയോഗ്യത കേസില്‍ അനിശ്ചിതമായി രാഹുലിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം തടയാമെന്ന ബി.ജെ.പി മോഹം പൊലിഞ്ഞതോടെ 2024ല്‍ മോദി രാഹുല്‍ പോരുറച്ചു. തനിക്ക് എതിരാളി പോലുമില്ലെന്ന തരത്തിലുള്ള പ്രചാരണത്തിന് പതുക്കെയെങ്കിലും തുടക്കമിട്ട മോദി ക്യാംപ് രാഹുലിന്റെ വര്‍ധിത വീര്യത്തോടെയുള്ള തിരിച്ചുവരവില്‍ തെല്ല് അമ്പരന്നുനില്‍പ്പാണ്.

അപകീര്‍ത്തി കേസിലെ വിചാരണ കോടതി ശിക്ഷ ജില്ലാ സെഷന്‍സ് കോടതിയും പിന്നാലെ ഹൈക്കോടതിയും മരവിപ്പിക്കാന്‍ മടിച്ചതോടെ അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ മാറ്റിനിര്‍ത്താനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ബി.ജെ.പി. അങ്ങനെ വന്നാല്‍, ബഹുഭൂരിപക്ഷം ജനങ്ങളും പിന്തുണയ്ക്കുന്ന നേതാവില്ലെന്ന ദൗര്‍ബല്യത്തില്‍ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാമെന്ന ദിവാസ്വപ്നമാണ് പരമോന്നത നീതിപീഠത്തിന്റെ ഇടപെടലോടെ തകിടം മറിഞ്ഞത്. രണ്ടാംവരവില്‍ ലോക്‌സഭയിലേക്കെത്തിയ രാഹുല്‍, വരും ദിവസങ്ങളില്‍ തങ്ങള്‍ക്കെതിരായ ആയുധത്തിന് മൂര്‍ച്ച കൂട്ടുമെന്ന് മോദിയും അമിത് ഷായും ആശങ്കപ്പെടുന്നുണ്ട്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകപക്ഷീയ പ്രകടനം സ്വപ്‌നംകണ്ട ബി.ജെ.പി കേന്ദ്രങ്ങള്‍ക്ക് രാഹുലിന്റെ തിരിച്ചുവരവ് കനത്ത തിരിച്ചടിയാണ്.

നേതാവില്ലാത്ത പ്രതിപക്ഷത്തെ കണക്കറ്റ് പരിഹസിക്കാനും പ്രതിപക്ഷ സഖ്യത്തെ ദുര്‍ബലമാക്കാനും അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ മറുപടി അവസരമാക്കാനാണ് മോദി ക്യാംപ് തീരുമാനിച്ചിരുന്നത്. മോദിയുമായി നേര്‍ക്കുനേര്‍ സംവാദത്തിന് രാഹുലിനോളം പോന്ന നേതാവ് പ്രതിപക്ഷത്ത് ഇല്ലെന്ന തിരിച്ചറിവും ഭരണപക്ഷത്തിന് ആത്മവിശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ രാഹുല്‍ സഭയിലെത്തിയതോടെ ബി.ജെ.പി നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. സുപ്രിംകോടതി വിധിക്കുശേഷം രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ തരംഗം ദേശീയ രാഷ്ട്രീയത്തില്‍ പ്രകടമായി വരുന്നുവെന്ന മുന്നറിയിപ്പാണ് ആര്‍.എസ്.എസ് നല്‍കിയിട്ടുള്ളത്. മണിപ്പൂരുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച മോദിയുടെ പ്രതിച്ഛായയില്‍ വലിയ ഇടിവുണ്ടാക്കിയതായും ആര്‍.എസ്.എസ് കരുതുന്നു. ഈ സാഹചര്യത്തില്‍ രാഹുലിനും കോണ്‍ഗ്രസിനും എതിരായ എല്ലാ അവസരവും സമര്‍ഥമായി ഉപയോഗിക്കണമെന്ന നിര്‍ദേശമാണ് അവര്‍ ബി.ജെ.പിക്ക് നല്‍കിയത്.

പ്രധാനമായും രാഹുലിന്റെ പ്രസ്താവനകളാണ് മോദിയെയും ബി.ജെ.പി നേതൃത്വത്തെയും അലോസരപ്പെടുത്തുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ മൗനം വെടിയാതിരുന്ന മോദിയെ കണക്കറ്റ് വിമര്‍ശിച്ചതിന് പിന്നാലെ, രാഹുല്‍ നേരിട്ട് മണിപ്പൂരിലെ ദുരിതാശ്വാസ ക്യാംപുകളിലെത്തി ഇരകളെ ആശ്വസിപ്പിച്ചത് കേന്ദ്രത്തിന് മുഖത്തടിയായി. നേരത്തെ അദാനി ഗ്രൂപ്പിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട് രാഹുല്‍ നടത്തിയ ആരോപണവും മോദിയെ നേരിട്ട് ബാധിക്കുന്നതായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി വിവിധ വിഷയങ്ങളില്‍ രാഹുല്‍ തുറന്ന പ്രതികരണം നടത്തുമെന്നുറപ്പാണ്. കര്‍ഷക പ്രശ്‌നങ്ങള്‍, ന്യൂനപക്ഷ പിന്നോക്ക ആദിവാസി ദലിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍, ജാതി സെന്‍സസ്, യുവാക്കളുടെ തൊഴിലില്ലായ്മ, ക്രമസമാധാന തകര്‍ച്ച, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി തുടങ്ങി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ രാഹുല്‍ നടത്തുന്ന ഇടപെടലുകള്‍ ഭരണകൂടത്തിന് വലിയ തലവേദനയാകും.

കോണ്‍ഗ്രസ് നേടിയ മുന്നേറ്റത്തില്‍ പകച്ചു നില്‍ക്കുമ്പോഴും പ്രതിരോധത്തിനും കടന്നാക്രമണത്തിനുമുള്ള വഴിതേടുകയാണ് ബി.ജെ.പി. രാഹുലിനെതിരെ കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ സമൂഹമാധ്യമങ്ങളിലടക്കം വിദ്വേഷ, വ്യക്തിഹത്യാ പ്രചാരണവുമായി തീവ്രവലതു ഗ്രൂപ്പുകള്‍ രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണ്. ഇതോടൊപ്പം, രാഹുലിനെതിരെ വിവിധ കോടതികളില്‍ നല്‍കിയ അന്യായങ്ങളില്‍ വേഗത്തില്‍ നടപടി സ്വീകരിപ്പിക്കുവാനുള്ള സമ്മര്‍ദ്ദവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. സമാനമായ ഏതെങ്കിലും കേസില്‍ തങ്ങള്‍ക്കനുകൂലമായ വിധി നേടിയെടുക്കാനുള്ള കുത്സിത നീക്കങ്ങളും ഇതിനിടയില്‍ സജീവമാക്കി. രാഹുലിനെതിരെ പരാതി നല്‍കിയ ചിലരെ ബി.ജെ.പി ലീഗല്‍ സെല്‍ കാര്യവാഹകര്‍ ബന്ധപ്പെട്ടതായാണ് വിവരം. രാഹുലിന്റെ പടയോട്ടം ഏതുവിധേനയും തടഞ്ഞില്ലെങ്കില്‍ ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സാധ്യതകള്‍ പോലും തകിടം മറിയുമെന്ന ആശങ്കയിലാണ് ബി.ജെ.പി നേതൃത്വം. വിശിഷ്യാ അപകീര്‍ത്തി കേസും അയോഗ്യതാ നടപടിയും മരവിപ്പിച്ച ശേഷം രാഹുലിന്റെ പ്രതിച്ഛായ വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.