2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാഹുല്‍ ഗാന്ധി 113 തവണ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് കേന്ദ്ര സേന

രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡല്‍ഹി പൊലിസ് പരാജയപ്പെട്ടെന്ന് ആരോപിച്ച് കെ.സി വേണുഗോപാല്‍ ആഭ്യന്തരമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പ്രതികരണം

ന്യൂഡല്‍ഹി: 2020 മുതല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 113 തവണ സുരക്ഷാ പ്രോട്ടോക്കോള്‍ ലംഘിച്ചതായി സി.ആര്‍.പി.എഫ്. ഭാരത് ജോഡോ യാത്രയുടെ ഡല്‍ഹി പര്യടനത്തിനിടെയും രാഹുല്‍ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോള്‍ പലതവണ ലംഘിച്ചെന്നും കേന്ദ്ര സേന ചൂണ്ടിക്കാട്ടി. ഡിസംബര്‍ 24ന് ഡല്‍ഹിയില്‍ നടന്ന മാര്‍ച്ചിനിടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസ് ആരോപണത്തെയും കേന്ദ്ര അര്‍ദ്ധസൈനിക സേന ഖണ്ഡിച്ചു.

യാത്ര രാജ്യതലസ്ഥാനത്തുകൂടി കടന്നുപോകുമ്പോള്‍ രാഹുലിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡല്‍ഹി പോലിസ് പൂര്‍ണമായും പരാജയപ്പെട്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രസേനയുടെ പ്രതികരണം. യാത്ര പഞ്ചാബിലെയും ജമ്മു കശ്മിരിലെയും സെന്‍സിറ്റീവ് സോണുകളില്‍ പ്രവേശിക്കുമ്പോള്‍ ഇസഡ്+ സുരക്ഷ ഒരുക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

സംസ്ഥാന പൊലിസുമായും മറ്റ് ഏജന്‍സികളുമായും ഏകോപിപ്പിച്ച് സി.ആര്‍.പി.എഫ് ആണ് രാഹുലിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്യുന്നതെന്ന് സി.ആര്‍.പി.എഫ് വിശദീകരിച്ചു. ഡിസംബര്‍ 24ന് നടക്കുന്ന പരിപാടിക്ക് രണ്ട് ദിവസം മുമ്പ് സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. മാര്‍ച്ച് നടക്കുന്ന ദിവസം എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിച്ചിട്ടുണ്ടെന്നും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും ഡല്‍ഹി പൊലിസ് അറിയിച്ചുവെന്നും സി.ആര്‍.പി.എഫ് അറിയിച്ചു. രാഹുല്‍ ഗാന്ധി തന്നെ സുരക്ഷാ പ്രോട്ടോക്കോള്‍ ആവര്‍ത്തിച്ച് ലംഘിച്ചുവെന്നും ഇക്കാര്യം ഇടയ്ക്കിടെ അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്നും വിശദീകരണത്തില്‍ പറയുന്നു.

ഡിസംബര്‍ 24ന് നടന്ന മാര്‍ച്ചില്‍ രാഹുലുന് ചുറ്റും തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും സുരക്ഷാ അകലം നിലനിര്‍ത്തുന്നതിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡല്‍ഹി പൊലിസ് പൂര്‍ണമായും പരാജയപ്പെട്ടതായി കോണ്‍ഗ്രസ് ഇന്നലെ ആരോപിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.