പ്രൊഫസർ. റോണി. കെ. േബബി
ഇന്ത്യയിൽ ജനാധിപത്യത്തിന് ഇനിയും പ്രതീക്ഷകൾ ബാക്കിയുണ്ടെന്ന് വ്യക്തമാക്കുന്ന വിധിയാണ് സുപ്രിം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ നിന്ന് രാഹുൽ ഗാന്ധിക്ക് നീതി ലഭിക്കുമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ആത്മവിശ്വാസവും കൂടി ഇതിനോടൊപ്പം ചേർത്തുവയ്ക്കേണ്ടതുണ്ട്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ മാർച്ച് 23 ലെ സൂറത്ത് മെട്രോപോളിറ്റൻ ജഡ്ജിയുടെ വിധി മുതൽ ഗുജറാത്തിലെ കോടതികളിൽനിന്ന് അപ്രതീക്ഷിതമായി ഒന്നും സംഭവിക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം മാത്രമല്ല രാജ്യത്തെ നിഷ്പക്ഷമായി ചിന്തിക്കുന്ന വലിയ വിഭാഗം ജനങ്ങളും വിശ്വസിച്ചിരുന്നു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിധിയിൽ ജസ്റ്റിസ് ഹരീഷ് ഹസ്മുഖ് ഭാഗി വർമ്മ എഴുതിവച്ച വിധി വാചകങ്ങളിൽ നീതിന്യായ പീഠങ്ങളിലെ വലിയൊരുവിഭാഗം നിയമജ്ഞൻമാരും ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. അപ്പീൽ അപേക്ഷകൾ പരിഗണിച്ച സൂറത്ത് സെഷൻ കോടതി ജഡ്ജി റോബിൻ മൊകേരയും ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹേമന്ദ് പ്രചാക്കും വിചാരണ കോടതി ജഡ്ജിയുടെ അതേ വിധി വാചകങ്ങൾ ഉരുവിട്ടപ്പോൾ അതും ഒരിക്കലും അപ്രതീക്ഷിതമായിരുന്നില്ല.
ഒരു കുറ്റത്തിന് നൽകാൻ കഴിയുന്ന ഏറ്റവും പരമമായ ശിക്ഷ വിധിക്കാൻ മാത്രം എന്തുപ്രസക്തിയായിരുന്നു രാഹുൽ ഗാന്ധിക്ക് എതിരായ ആരോപണമെന്ന സംശയമാണ് ആദ്യത്തെ വിധി മുതൽ രാജ്യമെമ്പാടും ചർച്ച ചെയ്യപ്പെട്ടത്. സുപ്രിംകോടതിയുടെ വിധിയിലും ചോദിച്ചിരിക്കുന്നത് ഇതേ ചോദ്യമാണ്. ഗുജറാത്തിലെ കോടതികളുടെ നിസ്സഹായതയും ദൈന്യതയും സുപ്രിംകോടതിയുടെ വിധിയോടെ കൂടുതൽ വ്യക്തമാകുന്നുണ്ട്.
ഒരുപക്ഷേ മാർച്ച് 23 ലെ ആദ്യ വിധി മുതൽ ഇതിൽ ആശങ്കയും പരിഭവവും പ്രകടിപ്പിക്കാത്ത ഏക വ്യക്തി രാഹുൽ ഗാന്ധി മാത്രമായിരിക്കും. കാരണം ആദ്യം മുതൽ അദ്ദേഹം സ്വീകരിച്ച നിലപാട് ആത്യന്തികമായി സത്യം ജയിക്കും എന്നതായിരുന്നു. വിചാരണ കോടതിയുടെ വിധിക്കെതിരേ അപ്പീൽ നൽകുന്നതിനുപോലും രാഹുൽ ഗാന്ധി വിമുഖനായിരുന്നുവെന്ന വാർത്തകളാണ് പുറത്തുവന്നിരുന്നത്. സംഘ്പരിവാറിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരേ സത്യത്തിനു വേണ്ടി കൽതുറങ്കുകളിലേക്ക് പോലും പോകുവാൻ തയാറായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതൃത്വത്തിന്റെ നിരന്തരമായ അഭ്യർഥനയെ മാനിച്ചാണ് അദ്ദേഹം അപ്പീൽ നൽകാൻ തയാറായത്.
ക്രിമിനല്‍ മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപേക്ഷയില്‍ പരമാവധി ശിക്ഷ എന്തിനെന്നു വിചാരണക്കോടതി പറഞ്ഞിട്ടില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് ബി.ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ച് രാഹുൽഗാന്ധിക്കെതിരായ വിധിയിൽ സ്റ്റേ നൽകിയത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) 498, 499 വകുപ്പുകൾ പ്രകാരം പരമാവധി രണ്ടു വർഷം വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുലിനെതിരേ ചുമത്തപ്പെട്ടതെന്ന് നിരീക്ഷിച്ച സുപ്രിംകോടതി ശിക്ഷ ഒരു ദിവസം കുറവായിരുന്നെങ്കിൽ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരാതിരിക്കുകയും അദ്ദേഹത്തെ അയോഗ്യനാക്കാതിരിക്കുകയും ചെയ്യാൻ കഴിയുമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കുകയുണ്ടായി.
രാഹുൽ ഗാന്ധിക്കെതിരായ വിചാരണ കോടതിയുടെ ഉത്തരവിന്റെ അനന്തരഫലങ്ങൾ വിശാലമാണെന്നും പൊതുജീവിതത്തിൽ തുടരാനുള്ള ഹരജിക്കാരുടെ അവകാശത്തെ മാത്രമല്ല, അദ്ദേഹത്തെ തെരഞ്ഞെടുത്ത വോട്ടർമാരുടെ അവകാശത്തെയും ബാധിക്കുമെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ജാമ്യം കിട്ടാവുന്ന കേസിൽ എന്തിനാണ് പരമാവധി ശിക്ഷ നൽകുന്നതെന്ന് വിചാരണക്കോടതി വ്യക്തമാക്കേണ്ടിയിരുന്നുവെന്നും സുപ്രിംകോടതി പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് എതിരായ വിധിയിൽ സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്ന് സുപ്രിംകോടതി വാദത്തിന്റെ ആദ്യം നിരീക്ഷിച്ചിരുന്നു.
സ്വാഭാവികമായും സുപ്രിംകോടതിയുടെ വിധി വിരൽചൂണ്ടുന്നതും ഈ അസാധാരണമായ സാഹചര്യത്തിലേക്കാണ്. എന്തുകൊണ്ട് പരമാവധി ശിക്ഷ നൽകിയെന്ന് വിചരാണക്കോടതി വിശദീകരിക്കേണ്ടതുണ്ടെന്ന ജസ്റ്റിസ് നരസിംഹയുടെ വാക്കുകളിൽ വളരെ കൃത്യമായ സന്ദേശമുണ്ട്. പരാമവധി ശിക്ഷ നൽകുന്നതിനു വലിയ പ്രത്യാഘാതങ്ങളുണ്ട് എന്ന പരാമർശത്തിലൂടെ ഗുജറാത്തിലെ കോടതികളെ മാത്രമല്ല രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കുതന്നെ മുന്നറിയിപ്പ് നൽകുകയാണ് സുപ്രിംകോടതി ചെയ്തത്.
“രാഹുലിന്റെ പൊതുജീവിതത്തെയും അദ്ദേഹം ലോക്സഭാംഗമായ വയനാട് മണ്ഡലത്തെയും അയോഗ്യത ബാധിക്കും. ഒരു വർഷവും 11 മാസവുമായിരുന്നു തടവുശിക്ഷ വിധിച്ചിരുന്നതെങ്കിൽ ലോക്സഭാംഗത്വത്തെ ബാധിക്കില്ലായിരുന്നുവെന്നും” ജസ്റ്റിസ് ഗവായ് പറഞ്ഞു. സ്റ്റേ അനുവദിക്കണമെങ്കിൽ അതിശക്തമായ കാരണം ഉണ്ടാകണമെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ മഹേഷ് ജത്മലാനി ചൂണ്ടിക്കാട്ടിയപ്പോഴാണ് വയനാട് മണ്ഡലം ഒഴിഞ്ഞുകിടക്കുന്നതിനെക്കുറിച്ച് ജസ്റ്റിസ് ഗവായി പറഞ്ഞത്.
ഒരു മണ്ഡലം ജനപ്രതിനിധി ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്നത് ഗൗരവമുള്ള കാര്യമല്ലേയെന്നു കോടതി ചോദിച്ചു. പരമാവധി ശിക്ഷ കൊടുക്കുന്നതിനു വിചാരണക്കോടതി സ്വീകരിച്ച യുക്തിയെക്കുറിച്ചും കോടതി പരാമർശിച്ചു. ഒരാളുടെ അവകാശം മാത്രമല്ല, ഒരു ലോക്സഭാ മണ്ഡലത്തിന്റെ മുഴുവൻ വിഷയമാണ്. ഇക്കാര്യം വിചാരണക്കോടതി പരിഗണിച്ചായിരുന്നോ? എം.പിയെന്ന നിലയുള്ള പരിഗണന നൽകാൻ കഴിയില്ലെന്നാണ് വിചാരണക്കോടതി ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിയുടെ ഹരജി അനുവദിച്ച് സുപ്രിംകോടതി പരാമർശിച്ചിരിക്കുന്ന ഓരോ വാക്കുകളും വർത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വളരെയധികം പ്രസക്തമാണ്.
കടമ്പകൾ ഇനിയും
2023 ജനുവരിയിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ വധശ്രമക്കേസിൽ കവരത്തിയിലെ സെഷൻസ് കോടതി 10 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. വിധി വന്ന ഉടനെ ലോക്‌സഭാ സെക്രട്ടേറിയറ്റ് ജനുവരി 13-ന് അദ്ദേഹത്തിന്റെ അംഗത്വം അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ ശിക്ഷ ജനുവരി 25ന് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എങ്കിലും റദ്ദാക്കപ്പെട്ട ലോക്സഭാംഗത്വം തിരിച്ചു നൽകാൻ വലിയ കാലതാമസമാണ് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. മുഹമ്മദ് ഫൈസൽ സുപ്രിംകോടതിയെ സമീപിച്ചതിനുശേഷം മാർച്ച് 29 നാണ് അദ്ദേഹത്തിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു കൊണ്ടുള്ള ഉത്തരവ് ഉണ്ടായത്.
രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ എന്തുസമീപനമാണ് സ്വീകരിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണേണ്ടിവരും. വീണ്ടും വിഷയത്തിൽ കോടതിയുടെ ഇടപെടൽ അനിവാര്യമാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ വരും ദിവസങ്ങളിലെ വ്യക്തത ഉണ്ടാവുകയുള്ളൂ.
വേട്ട തുടരുന്നു
രാഹുൽ ഗാന്ധിക്കെതിരേ നാല് മാനനഷ്ടക്കേസുകൾ കൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കോടതികളിൽ നിലനിൽക്കുന്നുണ്ട്. ഇതിന്റെ എല്ലാം പിന്നിൽ സംഘ്പരിവാറോ അവരുടെ പിണയാളുകളോ ആണ്. രാഹുൽ ഗാന്ധിയെ ഏതു വിധേനയും നിശബ്ദനാക്കുക എന്നതാണ് ഈ കേസുകളുടെയെല്ലാം ലക്ഷ്യം.
മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആർ.എസ്.എസാണെന്ന് 2014 ൽ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
ഇതിനെതിരേ ഐ.പി.സി 499, 500 വകുപ്പുകൾ പ്രകാരം അദ്ദേഹത്തിനെതിരേ കേസെടുത്തു. മഹാരാഷ്ട്രയിലെ ഭിവണ്ടി കോടതിയിലാണ് കേസ് നടക്കുന്നത്. അടുത്തതായി 2016 ൽ അസമിലെ ഗുവാഹത്തിയിൽ രാഹുൽ ഗാന്ധിക്കെതിരേ മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. അസമിലെ വൈഷ്ണവ ആശ്രമമായ ബാർപേട്ട സത്രത്തിൽ പ്രവേശിക്കാൻ സംഘ്പരിവാർ തന്നെ അനുവദിച്ചില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായി പരാതിക്കാരൻ പറയുന്നു. ഇത് സംഘ്പരിവാറിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നാണ് ആക്ഷേപം. ഈ വിഷയവും കോടതിയുടെ പരിഗണനയിലാണ്.
വീണ്ടും 2018ൽ ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ രാഹുൽ ഗാന്ധിക്കെതിരേ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. റാഞ്ചി സബ് ഡിവിഷണൽ ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഈ കേസ് നടക്കുന്നത്. 20 കോടി രൂപയുടെ മാനനഷ്ടക്കേസാണ് രാഹുലിനെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ‘മോദി കള്ളനാണെന്ന’ രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരേയാണ് കേസ്.
2018ൽ തന്നെ മഹാരാഷ്ട്രയിൽ രാഹുൽ ഗാന്ധിക്കെതിരേ മറ്റൊരു മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. മസ്ഗാവിലെ ശിവ്ദി കോടതിയിലാണ് കേസ് നടക്കുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തിയെന്നാണ് രാഹുലിനെതിരേയുള്ള ആരോപണം. ഇങ്ങനെ തുടർച്ചയായി രാഹുൽഗാന്ധിക്കെതിരേ വലിയ വേട്ടകളാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഇതിൻ്റെയെല്ലാം ലക്ഷ്യം വളരെ വ്യക്തമാണ്, അദ്ദേഹത്തെ സംഘ്പരിവാർ ഭയക്കുന്നു.
രാഹുൽ ഗാന്ധിയെ നിശബ്ദമാക്കാൻ ശ്രമിച്ചവർക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണ് സുപ്രിംകോടതിയുടെ വിധി. തീർച്ചയായും ഇന്ത്യയിലെ ജനാധിപത്യത്തിന് ഭാവിയുണ്ട്. കാരണം ഈ പോരാട്ടത്തിൽ രാജ്യത്തെ മുന്നിൽ നിന്ന് നയിക്കുന്നത് രാഹുൽ ഗാന്ധിയാണ്.
Content Highlights:Today’s Article aug 05
Comments are closed for this post.