യാത്രയിലെ ഏറ്റവും സംതൃപ്തമായ നിമിഷത്തെക്കുറിച്ചും വിശദീകരണം
ഇന്‍ഡോര്‍: ഭാരത് ജോഡോ പദയാത്ര തന്റെ വ്യക്തിത്വത്തില്‍ പ്രധാനപ്പെട്ട മൂന്ന് മാറ്റങ്ങള്‍ വരുത്തിയെന്ന് രാഹുല്‍ ഗാന്ധി. പഴയതിനേക്കാള്‍ കൂടുതല്‍ ക്ഷമ അവലംബിക്കാന്‍ സാധിച്ചുവെന്നത്് പദയാത്രയിലെ ഏറ്റവും രസരമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.
ആരെങ്കിലും എന്നെ തള്ളുകയോ വലിക്കുകയോ ചെയ്താല്‍, ഇപ്പോള്‍ എട്ട് മണിക്കൂര്‍ പോലും ഞാന്‍ പ്രകോപിതനാകില്ല. അത് എന്നെ ബാധിക്കില്ല. നേരത്തെ ഞാന്‍ രണ്ട് മണിക്കൂറിനുള്ളില്‍ പോലും പ്രകോപിതനാകുമായിരുന്നു- രാഹുല്‍ പറഞ്ഞു.
മറ്റുള്ളവരെ ശ്രദ്ധിക്കാനുള്ള കഴിവ് കൂടുതലായി സ്വാംശീകരിക്കാന്‍ കഴിഞ്ഞുവെന്നതാണ് വ്യക്തിപരമായ മറ്റൊരു നേട്ടം. ആരെങ്കിലും അടുത്ത് വന്നാല്‍ അവരെ കൂടുതല്‍ ശ്രദ്ധിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നു.
പ്രതിസന്ധികളെ ഭയമില്ലാതെ തരണംചെയ്യാനുള്ള കരുത്ത് ലഭിച്ചതായും അദ്ദേഹം വിശദീകരിച്ചു. കാല്‍നടയാത്ര ആരംഭിച്ചപ്പോള്‍ പഴയ പരിക്ക് കാരണം കാല്‍മുട്ടുകള്‍ക്ക് വേദന അനുഭവപ്പെട്ടു തുടങ്ങി. ഒരുപാട് അസ്വസ്ഥതകളുണ്ടായപ്പോള്‍ നടക്കാന്‍ കഴിയുമോയെന്നു ഭയപ്പെട്ടു. ക്രമേണ ആ ഭയത്തെ അഭിമുഖീകരിച്ചു. പ്രതിസന്ധികളില്‍ നിന്ന് മാറിനില്‍ക്കുകയല്ല, അഭിമുഖീകരിക്കാന്‍ തയ്യാറായാല്‍ ഉദ്യമത്തില്‍ നിന്ന് പിന്മറേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.
യാത്രയിലെ ഏറ്റവും സംതൃപ്തമായ നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി തനിക്കുണ്ടായ ഒരു അനുഭവം പങ്കുവച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നില്‍ കാല്‍നട ജാഥയ്ക്കിടെ ആളുകള്‍ തന്നെ തള്ളിയിടുമ്പോള്‍ വേദന കാരണം അസ്വസ്ഥനായപ്പോള്‍ ഒരു കൊച്ചു പെണ്‍കുട്ടി വന്ന് കൂടെ നടക്കാന്‍ തുടങ്ങി. അവള്‍ എന്റെ അടുത്ത് വന്ന് ഒരു കത്ത് തന്നു. അവള്‍ക്ക് ആറ്-ഏഴ് വയസ്സ് പ്രായമുണ്ടാകും. അവള്‍ പോയപ്പോള്‍ ഞാന്‍ കത്ത് വായിച്ചു. ‘താങ്കള്‍ തനിച്ചാണ് നടക്കുന്നതെന്ന് കരുതരുത്. ഞാന്‍ താങ്കളുടെ കൂടെ നടക്കുന്നുണ്ട്. എന്റെ മാതാപിതാക്കള്‍ എന്നെ അനുവദിക്കാത്തതിനാല്‍ എനിക്ക് നടക്കാനാവില്ല. എങ്കിലും ഞാന്‍ താങ്കള്‍ക്കൊപ്പം നടക്കുന്നു”- എന്നായിരുന്നു വരികള്‍. ഇതുപോലെ, ആയിരക്കണക്കിന് അനുഭവങ്ങളാണ് ലഭിച്ചതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച കാല്‍നടയാത്ര 2,000 കിലോമീറ്ററിലധികം ദൂരം താണ്ടി കഴിഞ്ഞ ഞായറാഴ്ചയാണ് മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തിയത്.
Comments are closed for this post.