ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി മണിപ്പൂരിലേക്ക് തിരിച്ചു. കലാപബാധിത പ്രദേശങ്ങളായ ചുരാചന്ദ്പുര്‍, ഇംഫാല്‍ എന്നിവിടങ്ങളില്‍ രാഹുല്‍ സന്ദര്‍ശിക്കും. ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ പ്രദേശവാസികളുമായി സംവദിക്കും.
വിദ്വേഷം പടര്‍ന്ന മണിപ്പൂരില്‍ സ്‌നേഹത്തിന്റെ സന്ദേശവുമായാണ് രാഹുല്‍ എത്തുന്നതെന്ന് കോണ്‍ഗ്രസ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. സംസ്ഥാനത്തേക്ക് യാത്രാവിലക്കില്ലാത്തതിനാല്‍ രാഹുല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് അനുമതി തേടിയിട്ടില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ വച്ച് മണിപ്പൂരിലേക്ക് സര്‍വകക്ഷിസംഘത്തെ അയക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നു. നരേന്ദ്രമോദിക്ക് മണിപ്പൂര്‍ കലാപം തീര്‍ക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു രാഹുല്‍ കുറ്റപ്പെടുത്തിയത്.
മെയ്‌തെയ് വിഭാഗത്തിന്റെ പട്ടിക വര്‍ഗ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മണിപ്പൂരില്‍ കലാപത്തില്‍ കലാശിച്ചത്. മെയ് മൂന്നിന് ആരംഭിച്ച കലാപത്തില്‍ ഇതുവരെ 131 പേരാണ് കൊല്ലപ്പെട്ടത്. വലിയ കലാപത്തിലേക്ക് കാര്യങ്ങള്‍ കടന്നതോടെ സംസ്ഥാനത്ത് സൈന്യത്തേയും ദ്രുതകര്‍മസേനയേയും നിയോഗിച്ചിരിക്കുകയാണ്.
Comments are closed for this post.