
പുതുച്ചേരി: മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ പങ്കുവെക്കാന്‍ പ്രത്യേക മന്ത്രാലയം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേരത്തെതന്നെ അതുണ്ടെന്നും അവധി ആയിരുന്നതിനാലാണു രാഹുല്‍ അതേപ്പറ്റി അറിയാതിരുന്നതെന്നും അമിത് ഷാ പരിഹസിച്ചു. പുതുച്ചേരിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഏതാനും ദിവസം മുന്‍പ് ഇവിടെവച്ച് രാഹുല്‍ ഗാന്ധി ചോദിച്ചു, എന്തുകൊണ്ടാണു മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേകം ഫിഷറീസ് വകുപ്പ് രൂപീകരിക്കരിക്കാത്തതെന്ന്. പ്രത്യേക മന്ത്രാലയത്തിന്റെ രൂപീകരണത്തിനു നേരത്തെതന്നെ മോദിജി ശ്രമം തുടങ്ങിയിരുന്നു. അതു തീരുമാനിച്ച സമയത്തു രാഹുല്‍ ഭയ്യാ (സഹോദരന്) നിങ്ങള്‍ അവധിയിലായിരുന്നു. അതിനാലാണ് അറിയാതിരുന്നത്.’- അമിത് ഷാ പറഞ്ഞു.
നാല് തവണ ലോക്സഭയിലെത്തിയ പാര്‍ട്ടിക്ക് രണ്ട് വര്‍ഷം മുമ്പ് രാജ്യത്ത് ആരംഭിച്ച ഫിഷറീസ് വകുപ്പിനെ അറിയില്ലെങ്കില്‍ പുതുച്ചേരിയുടെ ക്ഷേമം പരിപാലിക്കാന്‍ ആ പാര്‍ട്ടിക്ക് കഴിയുമോ എന്നും അമിത് ഷാ ചോദിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിനായി കേന്ദ്രത്തില്‍ ഫിഷറീസ് വകുപ്പില്ലെന്ന ആരോപണം രാഹുല്‍ ഉന്നയിച്ചത്.