2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

രാഹുല്‍: നീതിയെ പുണർന്ന വിധി


അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടുവര്‍ഷം തടവ് ശിക്ഷ സുപ്രിംകോടതി സ്‌റ്റേ ചെയ്തിരിക്കുന്നു. രാഹുലിനെതിരായ ആരോപണങ്ങളില്‍ അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കാന്‍ സൂറത്ത് കോടതി ജഡ്ജി, കാരണമൊന്നും ചൂണ്ടിക്കാട്ടിയില്ലെന്ന് കണ്ടെത്തിയാണ് ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, പി.എസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്. കാരണം വ്യക്തമാക്കുന്നതിന് പകരം ജഡ്ജി രാഹുലിന് ഒരു ഉപദേശം നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സുപ്രിംകോടതി ഉത്തരവിലും വാദത്തിനിടെ നടത്തിയ നിരീക്ഷണങ്ങളിലും വിചാരണക്കോടതി, രാഹുലിനെതിരേ വിവേചനപരമായ നടപടി സ്വീകരിച്ചുവെന്ന സൂചനകളുണ്ട്.പരമാവധി ശിക്ഷ നല്‍കിയതു കൊണ്ടാണ് ജനപ്രാതിനിധ്യ നിയമത്തിന്റെ 8(3) വകുപ്പ് പ്രകാരം രാഹുല്‍ അയോഗ്യനാക്കപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടിയതാണ് ഇതില്‍ പ്രധാനം. രണ്ടു വര്‍ഷത്തില്‍ നിന്ന് ഒരു ദിവസം കുറവായിരുന്നെങ്കില്‍ രാഹുല്‍ അയോഗ്യനാക്കപ്പെടില്ലെന്നും ജസ്റ്റിസ് ബി.ആര്‍ ഗവായ് പറഞ്ഞു. ഒരു കാരണവും കാണിക്കാതെ രാഹുലിന് പരമാവധി ശിക്ഷ നല്‍കുകയും അയോഗ്യത ഉറപ്പാക്കുകയുമാണ് വിചാരണക്കോടതി ചെയ്തതെന്ന് വ്യക്തം.

രാഹുലിന്റെ അപ്പീല്‍ പരിഗണിച്ച ജില്ലാ കോടതിയും ഹൈക്കോടതിയും അപ്പീല്‍ തള്ളാനുള്ള കാരണങ്ങള്‍ വിശദീകരിക്കാന്‍ പേജുകള്‍ ചെലവഴിച്ചതല്ലാതെ പരമാവധി ശിക്ഷയ്ക്കുള്ള കാരണം കാണിച്ചിട്ടില്ലെന്ന കാര്യം പരിഗണിച്ചതായി കാണുന്നില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
ശിക്ഷ സ്‌റ്റേ ചെയ്തതോടെ രാഹുലിന് നഷ്ടപ്പെട്ട എം.പി സ്ഥാനം തിരിച്ചുകിട്ടും. പാര്‍ലമെന്റില്‍ പങ്കെടുക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാവും. ജനപ്രതിനിധി അയോഗ്യനാകുന്നതോടെ അദ്ദേഹത്തെ തെരഞ്ഞെടുത്ത മണ്ഡലത്തിലെ ജനങ്ങളുടെ ശബ്ദം പെട്ടെന്ന് ഇല്ലാതാകുന്നുവെന്നതാണ് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പിന്റെ ഏറ്റവും വലിയ പോരായ്മ.

ഈ പ്രശ്‌നത്തെ വാദത്തിനിടെ സുപ്രിംകോടതി ജഡ്ജി ബി.ആര്‍ ഗവായ് എടുത്തുപറയുന്നുണ്ട്. സ്റ്റേ അനുവദിക്കാന്‍ ഗൗരവമുള്ള കാരണം വേണമെന്ന് പരാതിക്കാരന്‍ പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ മഹേഷ് ജത്മലാനി വാദിച്ചപ്പോള്‍, മണ്ഡലം അനാഥമായിപ്പോകുന്നുവെന്നത് ഗൗരവമുള്ള കാരണമാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇത് കീഴ്‌ക്കോടതികള്‍ പരിഗണനയിലെടുത്തില്ലെന്ന കുറ്റപ്പെടുത്തലും കോടതി നടത്തി.
മണ്ഡലത്തില്‍ അംഗത്തെ തെരഞ്ഞെടുത്ത ദശലക്ഷക്കണക്കിന് അനുഭാവികളുടെയും വോട്ടര്‍മാരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള അവകാശമാണ് അംഗത്തിലൂടെ നടപ്പാകുന്നത്.

ജനപ്രതിനിധികളെ അയോഗ്യരാക്കുന്നത് പാര്‍ലമെന്റ് അംഗങ്ങളെ അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയുന്നതും അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതുമാണ്. സൂറത്ത് കോടതിയുടെ സംശയകരമായ വിധിയില്‍ നിന്നാണ് രാഹുലിന്റെ അയോഗ്യതയുണ്ടാകുന്നത്. രാഹുലിന്റെ കേസ് നടന്ന സൂറത്ത് കോടതിയില്‍ ഈ മൂന്നര വര്‍ഷത്തിനിടെ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റുമാര്‍ പലതവണ മാറിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. കേസിന്റെ തുടക്കത്തില്‍ രാഹുലിന് അനുകൂലമായിരുന്നു കോടതിയുടെ നിലപാട്.


ഇതിനെതിരേ മൂന്ന് വട്ടം വിചാരണക്കോടതിക്കെതിരേ ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വന്തം കേസിലെ നടപടി ക്രമങ്ങള്‍ സ്റ്റേ ചെയ്യാന്‍ ഹരജിക്കാരന്‍ പൂര്‍ണേഷ് ഇഷ്‌വര്‍ഭായ് മോദി മേല്‍ക്കോടതിയെ സമീപിച്ചു. പിന്നീട് ഇപ്പോള്‍ കേസില്‍ വിധി പറഞ്ഞ ജഡ്ജി തല്‍സ്ഥാനത്തെത്തിയപ്പോള്‍ വീണ്ടും കേസ് ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നു. മോദി സമുദായത്തെ കള്ളന്‍മാരെന്ന് വിളിച്ച് അപമാനിച്ചുവെന്നാണ് പൂര്‍ണേഷ് മോദിയുടെ പരാതി. മോദിയെന്നൊരു സമുദായമില്ല. മോദിയെന്ന കുടുംബപ്പേരുള്ള ഏതാനും പേരുണ്ടെന്ന് മാത്രം. അതില്‍ പരാതിക്കാരായ പൂര്‍ണേഷ് മോദിയുടെ കുടുംബപ്പേര് മോദിയെന്നല്ല. ഈ പേര് അയാള്‍ പിന്നീട് സ്വീകരിക്കുകയായിരുന്നു. സ്വന്തം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന വാദമൊന്നും ഈ കേസില്‍ നിലനില്‍ക്കാത്തതാണ്.


ഈ കേസിന്റെ പ്രധാന സത്ത അപകീര്‍ത്തിക്കേസിലെ പരാതി മുതല്‍ തുടങ്ങി ശരവേഗത്തില്‍ രാഹുലിനെ അയോഗ്യനാക്കുകയും വീടൊഴിപ്പിക്കുകയും ചെയ്തത് വരെ നീളുന്ന, കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ചേര്‍ന്നു നടത്തിയ അധികാര ദുര്‍വിനിയോഗമാണ്. പ്രതിപക്ഷത്തിന്റെ പ്രമുഖ ശബ്ദത്തെ നിശ്ശബ്ദമാക്കാന്‍ അപകീര്‍ത്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തു. സാധ്യമല്ലാതിരുന്നിട്ടും രാഹുലിന് പരമാവധി ശിക്ഷ നല്‍കി എം.പി പദവി എടുത്തു കളഞ്ഞു. ഉടന്‍ തന്നെ ഔദ്യോഗിക വസതിയില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. ബി.ജെ.പിയുടെ ഈ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് വിചാരണക്കോടതി വിധി എങ്ങനെ ഒത്തുവന്നുവെന്ന ചോദ്യം ഉറക്കെ ചോദിക്കപ്പെടേണ്ടതാണ്.


1973ലെ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ്, കുറ്റകൃത്യങ്ങളെ ഗൗരവമുള്ളതും അല്ലാത്തതുമായി തരം തിരിച്ചിട്ടുണ്ട്. ലളിതമായി ജാമ്യം ലഭിക്കാവുന്ന കുറ്റമുണ്ട്, അല്ലാത്തതുമുണ്ട്. ഈ വിവേചനം നീതിയുടെ അടിസ്ഥാനമാണ്. എന്നാല്‍ കുറ്റത്തിന്റെ ഗൗരവം പരിഗണിക്കാതെ, ശിക്ഷിക്കപ്പെട്ടാല്‍ ഉടന്‍ അയോഗ്യനാക്കുന്ന ഈ വകുപ്പ് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് കാണണം. കൊലക്കേസിലോ ബലാത്സംഗക്കേസിലോ ശിക്ഷിക്കപ്പടുന്ന ജനപ്രതിനിധിക്കും മാന നഷ്ടക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധിക്കും ജനപ്രാതിനിധ്യ നിയമപ്രകാരം ഒരേ ശിക്ഷ നല്‍കുന്നത് എങ്ങനെയാണ് നീതിയാവുക. ഈ അനീതിയെ രാഹുലിന്റെ അഭിഭാഷകന്‍ സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടിയതാണ്. രാഹുലിനെതിരേ 24 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നതാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ മറ്റൊന്ന്.


ഈ എഫ്.ഐ.ആറുകളിലെല്ലാം പരാതിക്കാര്‍ ബി.ജെ.പി നേതാക്കളാണ്. ഇതിലെ ഒരു കേസിലും രാഹുല്‍ ശിക്ഷിക്കപ്പെട്ടിട്ടുമില്ല. ഒരു ജനപ്രതിനിധിക്കെതിരേ രാഷ്ട്രീയ എതിരാളികള്‍ നിരന്തരം എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്യുന്നത് അയാളെ സ്ഥിരം കുറ്റവാളിയായി കാണാനുള്ള തെളിവായി കാണുന്നത് കോടതി കണക്കാക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. കീഴ്‌ക്കോടതികളില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും ലഭിക്കാത്ത നീതി സുപ്രിംകോടതിയില്‍ നിന്ന് രാഹുലിനും അദ്ദേഹത്തെ തെരഞ്ഞെടുത്ത വയനാട്ടിലെ ജനങ്ങള്‍ക്കും ലഭ്യമായെന്ന് കരുതാം.

രാഹുലിന്റെ അയോഗ്യത ഉടന്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് നീക്കുമെന്നും പാര്‍ലമെന്റില്‍ രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാകുന്ന രാഹുല്‍ ഗാന്ധിയെ വൈകാതെ രാജ്യം കാണുമെന്നും കരുതാം.

Content Highlights:Editorial in Aug 05 2023


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.